കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി കൂടിക്കാഴ്ച നടത്തി. തെക്കൻ ജർമനിയിലെ മ്യൂണിക്കിൽ വെള്ളിയാഴ്ച ആരംഭിച്ച 60-ാമത് മ്യൂണിക്ക് സുരക്ഷാ (എം.എസ്.സി) സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കുവൈത്തും ഖത്തറും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചു കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
ഇറാഖ് വിദേശകാര്യ മന്ത്രി ഡോ. ഫുആദ് മുഹമ്മദ് ഹുസൈനുമായും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ, വിവിധ മേഖലകളിലെ സഹകരണം എന്നിവ ചർച്ചയിൽ ഊന്നൽ നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിർത്തികൾ പൂർത്തീകരിക്കാനുള്ള ശ്രമങ്ങളും വിലയിരുത്തി. ലബനാൻ വിദേശകാര്യമന്ത്രി അബ്ദുല്ല ബൗ ഹബീബുമായുള്ള കൂടിക്കാഴ്ചയിൽ ഗസ്സയിലെ സംഭവവികാസങ്ങൾ, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ, പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ എന്നിവ ചർച്ചയായി.
ഗൾഫ് മേഖലയിലെ യൂറോപ്യൻ യൂനിയൻ പ്രത്യേക പ്രതിനിധി ലൂയിജി ഡി മായോയുമായും കുവൈത്ത് വിദേശകാര്യമന്ത്രി ചർച്ച നടത്തി. കുവൈത്തും യൂറോപ്യൻ യൂനിയനും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും വിലയിരുത്തി. യു.എസ് പ്രത്യേക കാലാവസ്ഥാ പ്രതിനിധി (എസ്പെക്) ജോൺ എഫ് കെറിയുമായും കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക