കുവൈത്ത് സിറ്റി: റമദാന് മാസത്തെ വരവേല്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ കുവൈത്ത് ഔഖഫ് മന്ത്രാലയം ആരംഭിച്ചു. രാജ്യത്തെ ആറു ഗവർണറേറ്റുകളിലായുള്ള 1600ലേറെ പള്ളികളില്‍ റമദാനിന് വേണ്ടിയുള്ള സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങൾ തുടങ്ങി. പള്ളികളുടെ അറ്റകുറ്റപ്പണികൾ ഉടന്‍ പൂർത്തിയാക്കും. സ്ത്രീകൾക്കായി പ്രാർഥന സ്ഥലങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.
റമദാനിൽ പള്ളികളിൽ പ്രത്യേക സുരക്ഷയും ഒരുക്കും. രാത്രി നമസ്കാരത്തിനെത്തുന്നവരുടെ വാഹന പാർക്കിങ്ങിനും സൗകര്യം ഒരുക്കും. റമദാനിൽ പ്രാർഥനകള്‍ക്ക് നേതൃത്വം നൽകാൻ ഇമാമുമാരെ നേരത്തേ തിരഞ്ഞെടുത്തിട്ടുണ്ട്. റമദാൻ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ക്യാപിറ്റൽ ഗവർണറേറ്റ് മോസ്ക് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മുതൈരി ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ആഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കാപിറ്റല്‍ ഗവർണറേറ്റില്‍ റമദാൻ കേന്ദ്രങ്ങളുടെ എണ്ണം ഈ വർഷം ഇരട്ടിയാക്കും.
റമദാൻ മാസത്തിൽ വിലക്കയറ്റം തടയാനും നടപടി സ്വീകരിക്കും. റമദാൻ മാസം വിലസ്ഥിരതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്. മോണിറ്ററിംഗ് ടീം സെൻട്രൽ മാർക്കറ്റുകൾ, സഹകരണ സംഘങ്ങൾ, മറ്റ് ഭക്ഷ്യ ഔട്ട്ലെറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി ഭക്ഷ്യോൽപന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിനു ഇടപെടും. റമദാനിൽ ജീവകാരുണ്യപ്രവർത്തനങ്ങളും സജീവമാകും. ഇതിനായി സന്നദ്ധ സംഘടനകൾ ഒരുക്കങ്ങൾ തുടങ്ങി. കുവൈത്തിലും മറ്റു രാജ്യങ്ങളിലും ഭക്ഷണ കിറ്റുകൾ അടക്കമുള്ളവ വിതരണം ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക