അബുദാബി∙ മരുഭൂമിയിലെ ഫ്ലവർ ഫാമിൽ വസന്തമൊരുക്കി യുവ കർഷകൻ. സ്വദേശി യുവാവ് അഹ്മദ് അബ്ദുല്ല അൽ മസ്റൂഇയാണ് അബുദാബി മുവൈലിഹിൽ പൂക്കാലം ഒരുക്കിയത്. കൃഷിയിൽ പ്രചോദനമായത് പതിറ്റാണ്ടുകളായി കുടുംബാംഗത്തെ പോലെ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി കുഞ്ഞിമുഹമ്മദും.
വയലറ്റ്, പിങ്ക്, നീല, ഓറഞ്ച്, മഞ്ഞ, ചുവപ്പ്, വെള്ള, റോസ്, ക്രീം, ബ്രൗൺ തുടങ്ങി ഒട്ടേറെ നിറങ്ങളിലാണ് പൂക്കൾ വിരിഞ്ഞത്. ഫ്ലവർ ഫാമിനെ കുറിച്ച് കേട്ടറിഞ്ഞവർ എത്തി ഫോട്ടോയും വിഡിയോയും എടുക്കുന്ന തിരക്കിലാണ്. കുടുംബസമേതം എത്തുന്നവരാണ് ഏറെയും. അബുദാബി, ദുബായ് നഗരത്തിൽനിന്ന് 40 കി.മീ സഞ്ചരിച്ചാൽ ഈ പൂന്തോട്ടത്തിലെത്താം. സന്ദർശകർ രാത്രി വൈകുംവരെ തങ്ങി കൈനിറയെ പൂക്കളും പച്ചക്കറികളുമായാണ് മടങ്ങുന്നത്.
പബ്ലിക് റിലേഷനിൽ ബിരുദധാരിയാണ് അഹ്മദ് അബ്ദുല്ല. വിദേശയാത്രയ്ക്കിടെ ഫ്ലവർ ഗാർഡൻ സന്ദർശിച്ചതോടെയാണ് ഫാമിന്റെ തുടക്കമെന്ന് മനോരമയോടു പറഞ്ഞു. അടുത്ത വർഷം പൂക്കൃഷി കൂടുതൽ സ്ഥലത്തേക്കു വ്യാപിപ്പിക്കുമെന്നും പറഞ്ഞു. സർക്കാർ ജോലി കഴിഞ്ഞുള്ള സമയങ്ങളിലെല്ലാം അഹ്മദ് പൂന്തോട്ടത്തിലുണ്ട്.
വിദേശത്തുനിന്ന് വിത്തു കൊണ്ടുവന്ന് ഗ്രീൻഫാമിൽ വച്ച് പാകി കിളിർപ്പിച്ച ശേഷമാണ് പൂചെടികൾ നടന്നത്. സന്ദർശകർക്കായി ഓരോ പൂക്കളുടെയും പേരെഴുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഗ്ലാഡിയോലി, സ്നാപ്ഡ്രാഗൺ, സ്റ്റോക്ക്, ഡാറ, സ്റ്റാറ്റിസ്, സാൽവിയ, മുതൽ സൂര്യകാന്തി വരെ ഇവിടെയുണ്ട്. ലാവെൻഡർ ബഹുവർണ കാഴ്ചയ്ക്കൊപ്പം സുഗന്ധവും പരത്തുന്നു. യുഎഇ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പൂക്കളാണ് തിരഞ്ഞെടുക്കുന്നത്. സന്ദർശകർ കൂടുതൽ പൂക്കൾ പറിക്കാതിരിക്കാൻ ഒരു തണ്ടിന് 3 ദിർഹം വിലയിട്ടു. സന്ദർശകരുടെ എണ്ണം കൂടിയതോടെ 10 ദിർഹത്തിന്റെ പ്രവേശന ടിക്കറ്റും ഏർപ്പെടുത്തി. ഫാമിലേക്ക് രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രവേശനം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക