മത്ര: മത്ര ജിദാനിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് മുടങ്ങിയ ജലവിതരണം വെള്ളിയാഴ്ച രാവിലെയോടെ ഏറക്കുറെ പുന:സ്ഥാപിച്ചു. ഇതോടെ രണ്ട് ദിവസമായി പ്രയാസത്തിലായ ജനജീവിതം സാധാരണ നിലയിലായി. ജലസംഭരണ ടാങ്കുകള്‍ താഴ്ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് വ്യാഴാഴ്ച രാത്രി വൈകി വെള്ളം കയറിത്തുടങ്ങിയിരുന്നു.
ടാങ്കുകള്‍ ഉയരത്തിലുള്ള ഫ്ലാറ്റുകളില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് വെള്ളം എത്തിത്തുടങ്ങിയത്. എന്നാല്‍, ചില ഭാഗങ്ങളില്‍ വേഗം കുറഞ്ഞ നിലയിലാണ് വെള്ളം കയറിക്കൊണ്ടിരുന്നത്.
വ്യാഴാഴ്ച രാത്രി വൈകിയും വെള്ളം എത്താന്‍ താമസിച്ചത് ജോലി കഴിഞ്ഞ് എത്തിയവര്‍ക്കും താമസക്കാര്‍ക്കും പ്രയാസമായി. പൊടുന്നനെ വെള്ളം നിലച്ചതിനാൽ ആര്‍ക്കും ശേഖരിച്ചുവെക്കാന്‍ സാധിച്ചിരുന്നുമില്ല.
ബുധനാഴ്ച രണ്ടിടങ്ങളില്‍ പൈപ്പ് പൊട്ടിയതിനെ തുടർന്നായിരുന്നു ജലവിതരണം താളംതെറ്റിയത്. ഒട്ടുമിക്ക ഫ്ലാറ്റുകളിലെയും വെള്ള ശേഖരങ്ങള്‍ ബുധനാഴ്ച തന്നെ കാലിയായിരുന്നു.
അധിക ഫ്ലാറ്റുകളുടെയും ടാങ്കുകള്‍ മൂന്നാം നിലയിലായതിനാല്‍ വെള്ളം കയറാന്‍ സമയം പിടിക്കുന്നതും വിനയായി. പലരും മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ വാങ്ങിയാണ് ആവശ്യങ്ങള്‍ നിവര്‍ത്തിച്ചത്. ഹോട്ടലുകളും കഫ്റ്റീരിയകളുമാണ് മുന്നറിയിപ്പില്ലാതെ പൊടുന്നനെയുള്ള വെള്ളം നിലച്ചതില്‍ കുടുങ്ങിപ്പോയത്. ചിലയിടങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം വാങ്ങി ടാങ്കുകളില്‍ നിറച്ചു. മറ്റ് ചിലവ പ്രവര്‍ത്തിച്ചില്ല.
റൂമുകളില്‍ ബാച്ചിലര്‍ മെസ് നടത്തുന്നവർ കൂളറുകളില്നിന്നും മറ്റും വെള്ളം ശേഖരിച്ച് ഉച്ച ഭക്ഷണം മാത്രം തയ്യാറാക്കി. ഡിസ്പോസിബ്ള്‍ പ്ലേറ്റുകളും ഗ്ലാസുകളുമാണ് ഭക്ഷണം കഴിക്കാനായി ഉപയോഗിച്ചതെന്ന് മെസ് നടത്തുന്നവർ പറഞ്ഞു.
രണ്ടു മൂന്ന് ദിവസം വെള്ളം മുടങ്ങിയപ്പോഴുണ്ടായ പ്രയാസം പറഞ്ഞറിയിക്കാന്‍ വയ്യാത്തതായതിനാൽ നിത്യവും പാഴാക്കികളയാറുള്ള ഓരോ തുള്ളി വെള്ളത്തിന്റെയും വില അറിയുകയായിരുന്നു മത്രയിലെ മലയാളികളടക്കമുള്ള താമസക്കാർ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക