ദോഹ: നാവിൽ കൊതിയൂറും മധുവുമായി സൂഖ് വാഖിഫിൽ അന്താരാഷ്ട്ര തേൻ പ്രദർശനം തുടരുന്നു. ഫെബ്രുവരി പത്തിന് ആരംഭിച്ച് 19 വരെ നീളുന്ന അഞ്ചാമത് തേൻ പ്രദർശന-വിപണന മേളയിലേക്ക് വൻതോതിലാണ് സന്ദർശകരെത്തുന്നത്. 25 രാജ്യങ്ങളിൽനിന്ന് നൂറിലധികം പ്രാദേശിക, അന്തർദേശീയ കമ്പനികളാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. 60ലധികം തേൻ ഇനങ്ങളും പ്രദർശനത്തിലുണ്ട്.
ഈ വർഷത്തെ പ്രദർശനത്തിൽ ഗണ്യമായ ജനപങ്കാളിത്തത്തിനാണ് സൂഖ് വാഖിഫ് സാക്ഷ്യംവഹിക്കുന്നതെന്നും, അടുത്തിടെ സമാപിച്ച ഏഷ്യൻ കപ്പ് ഇതിൽ വലിയ പങ്കുവഹിച്ചതായും നിരവധി സന്ദർശകരെ ഖത്തറിലേക്ക് ആകർഷിക്കാൻ ഏഷ്യൻ കപ്പ് കാരണമായെന്നും പ്രദർശനത്തിെൻറ ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു. ഫുട്ബാൾ ടൂർണമെൻറിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന സന്ദർശകർ പലപ്പോഴും സമ്മാനങ്ങൾ വാങ്ങാറ് പതിവാണ്.
അവരിൽ പലരും സമ്മാനങ്ങൾക്കായി എത്തുന്നത് രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫിലാണ്. പ്രദർശനത്തിെൻറ ഭാഗമാകാനും അപൂർവ ഇനം തേൻ സ്വന്തമാക്കാനും അവരെ പ്രേരിപ്പിക്കുന്നുവെന്നും അൽ സുവൈദി വ്യക്തമാക്കി.കൂടുതൽ ഇനങ്ങളും വിലയിലെ മത്സരവും കാരണം നിരവധി ആളുകൾ തേൻ വാങ്ങാനായി ഈ പ്രദർശനം കാത്തിരിക്കുന്നതിനാൽ പ്രവാസികളും പൗരന്മാരുമടങ്ങുന്നവരും സന്ദർശകരിൽപെടുന്നു.തേനിെൻറ ഗുണനിലവാരം നിർണയിക്കുന്നതിനുള്ള ടെസ്റ്റിങ് ലാബ്, തേനീച്ച ഉൽപന്നങ്ങളിൽനിന്നുള്ള ഔഷധങ്ങളെക്കുറിച്ച് പഠിക്കാൻ കഴിയുന്ന എപ്പി തെറപ്പി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു ബൂത്ത് എന്നിവയും പ്രദർശനത്തിലുൾപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒമാനിലെ ഏറ്റവും പ്രശസ്തമായ ഹൽവയുടെ തത്സമയ പാചക പ്രദർശനത്തിലൂടെ ഒമാനി സ്റ്റാൾ സന്ദർശകശ്രദ്ധ നേടുന്നതായും അൽ സുവൈദി പറഞ്ഞു. പ്രകൃതിയോടിണങ്ങിയ വിവിധ കേന്ദ്രങ്ങളിൽ ശേഖരിക്കുന്നത് മുതൽ കൃഷി ചെയ്യുന്നത് വരെയുള്ള വ്യത്യസ്ത ഇനം തേനുകളാണ് വിവിധ രാജ്യങ്ങളിൽനിന്നുള്ള സ്ഥാപനങ്ങളെത്തിച്ചത്. കാടിനുള്ളിൽ തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഫാമിൽനിന്നാണ് തങ്ങളുടെ ഉൽപന്നങ്ങളെത്തിക്കുന്നതെന്ന് സ്പാനിഷുകാരൻ സണ്ടർലാൻഡ് പറയുന്നു. കാലാവസ്ഥയും പ്രത്യേക തരം മണ്ണുമാണ് രുചിയിലും ഗുണനിലവാരത്തിലും ഈ തേനിനെ വ്യത്യസ്തമാക്കുന്നത്. തെക്കേ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ, ഏഷ്യ, ആഫ്രിക്ക എന്നീ അഞ്ച് ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള തേൻ വകഭേദങ്ങൾ ആസ്വദിക്കാൻ പൊതുജനങ്ങൾക്കുള്ള അവസരം കൂടിയാണിത്.
സിദർ, അക്കേഷ്യ, മാൻഗ്രോവ്, മനുക, ലാവെൻഡർ, തൽഹ്, തൈം, മജ്ര, അതീൽ, സമ്ര, വൈറ്റ് ഹണി എന്നിവ പ്രദർശനത്തിനെത്തിയ പ്രധാന തേൻ ഇനങ്ങളാണ്.രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയുമാണ് പ്രദർശനം. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക