ദുബായ് ∙ എന്നെപ്പോലുള്ള വീട്ടുജോലിക്കാർ ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പുറം ലോകം ആസ്വദിക്കാൻ കൂടുതലൊന്നും സാഹചര്യം ലഭിച്ചിട്ടുള്ള. അതിനുള്ള അവസരം ഉണ്ടാക്കിത്തരുമോ?– പ്രചര ചാവക്കാട് യുഎഇ കമ്മിറ്റിയുടെ വനിതാ വിഭാഗം വാട്സാപ്പ് കൂട്ടായ്മയിൽ ലഭിച്ച ഒരു സന്ദേശമാണ് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന 150 വീട്ടുജോലിക്കാരുടെ ഒരു ദിവസം സ്വപ്നാടനം പോലെ ‘അടിപൊളി’യാക്കിയത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് ഫുജൈറയിലെ പ്രകൃതിരമണീയമായ ഫാമിലേക്ക് അവരൊന്നിച്ച് ആഡംബര ബസുകളിൽ യാത്ര ചെയ്യുകയും ഒരു ദിവസം മുഴുവൻ പാട്ടും നൃത്തവും തമാശകളും ഒപ്പം വൈവിധ്യമാർന്ന ഭക്ഷണം ആസ്വദിക്കുകയും ചെയ്തു.
മറ്റു തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്നവരെ പോലെ വീട്ടുജോലിക്കാര്‍ക്ക് അവധിക്കാലം ആസ്വദിക്കാനോ, സുഹൃത്തുക്കളുമൊത്തുള്ള വിനോദയാത്രയ്ക്കോ അവസരങ്ങൾ കുറവാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ മാനസികോല്ലാസത്തിനുതകുന്ന രീതിയില്‍ കളികളും ആട്ടവും പാട്ടും നിറഞ്ഞൊരു ദിവസം സമ്മാനിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. മിക്കവരും വർഷങ്ങളായി യുഎഇയിലെത്തിയവരാണെങ്കിലും അടുക്കളയുടെ നാലുചുമരുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. കുടുംബത്തെ, എന്തിന് കൊച്ചു മക്കളെ പോലും നാട്ടിൽ നിർത്തിയിട്ടാണ് ഇവരിൽ ഭൂരിഭാഗവും ഉപജീവനം നടത്തുന്നത്. പകലന്തിയോളം നീണ്ടു നിന്ന പരിപാടി കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോൾ പലരും സന്തോഷം കൊണ്ട് വിതുമ്പി. വൈകാതെ ഇനിയും കാണാമെന്ന പ്രതീക്ഷയോടെയാണ് എല്ലാവരും ജോലി സ്ഥലത്തേക്ക് മടങ്ങിയത്.
ഷൈനി ഷാജിയുടെ നേതൃത്തത്തിലുള്ള പ്രചരയുടെ വനിതാ വിഭാഗവും മാധ്യമപ്രവർത്തക സിന്ധു ബിജുവും സംയുക്തമായി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. കവിത വിനോദ്, ലക്ഷ്മി, കവിത മുത്തു എന്നിവര്‍ തുടങ്ങിവച്ച വാട്സാപ്പ് കൂട്ടായ്മ വഴി മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത വീട്ടുജോലിക്കാർക്കായിരുന്നു അവസരം. ആടിയും പാടിയും പരിപാടിയിൽ എല്ലാവരും സജീവമായി പങ്കെടുത്തു. പരിപാടിയുടെ ഇടവേളകളില്‍ നടത്തിയ എൻട്രി കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിലപിടിപ്പുള്ള സമ്മാനങ്ങളും പങ്കെടുത്ത എല്ലാവർക്കും പ്രചരയുടെ സമ്മാന കിറ്റുകളും നല്കി. ഡിജെ ലിൻഡോ ഒരുക്കിയ ഡിജെ മ്യൂസിക് പാർട്ടി പരിപാടിക്ക് കൂടുതൽ ആവേശമേകി.
യാത്രയുടെ ഔദ്യോഗിക ഉൽഘാടനം പ്രചര ചാവക്കാട് ചെയര്മാന് കെ.വി. സുശീലന് നിര്‍വഹിച്ചു. സാമൂഹിക പ്രവര്ത്തകൻ സജി ചെറിയാൻ, എൽസി സജി ചെറിയാൻ, ഷീബ, അനൂപ് കീച്ചേരി, ആസിഫ്, അലീസെ, ഷൈനി ഷാജി എന്നിവർ പ്രസംഗിച്ചു. സജി ചെറിയാന്, അബൂബക്കര്‍ ചാവക്കാട്, ബറക്കാത്ത് അലി എന്നിവരെ ആദരിച്ചു. സ്വപ്നാടനം പരിപാടിക്ക് സന്ധ്യ സുനില്‍, ജസീല ഫിറോസ്, ഷാനു ഫാറൂഖ്, ഷീന അലാവുദ്ദീൻ, ഷെഹ്നി ഷെഹീര്‍, രോഷ്ന അഭിരാജ്, ഷാനിദ അന്‍വര്‍, ഷെല്‍ജി പ്രജീഷ്, രുക്സാന ബക്കര്‍, ശജീല സോളന്‍ എന്നിവര്‍ നേതൃത്വം നല്കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക