മസ്കത്ത്∙ നീറ്റ് 2024ന് ഒമാനില്‍ പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നിവേദനം നല്കി. എംബസിയില്‍ നടന്ന ഓപ്പണ്‍ ഫേറം വേദിയിലായിരുന്നു രക്ഷിതാക്കള്‍ അംബാസഡര്‍ക്ക് മുന്നിലെത്തിയത്. നീറ്റ് പരീക്ഷകള്‍ക്കായി ഇന്ത്യയ്ക്ക് പുറത്തുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ റദ്ദാക്കാനുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി എടുത്ത തീരുമാനം ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. ഒമാനിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും പരീക്ഷാ കേന്ദ്രങ്ങള്‍ റദ്ദാക്കിയത് നിരവധി പ്രവാസി കുടുംബങ്ങള്‍ക്ക് അനിശ്ചിതത്വവും സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ടിക്കും എന്നതില്‍ സംശയമില്ല.
ജോലിയുടെ അസ്ഥിരത, അവധി, സാമ്പത്തിക പരിമിതികള്‍, അമിതമായ വിമാനക്കൂലി, മാനസിക പിരിമുറുക്കം എന്നിവയുള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ പ്രവാസി രക്ഷിതാക്കളും വിദ്യാര്‍ഥികളും അഭിമുഖീകരിക്കേണ്ടിവരുമെന്ന് രക്ഷാകര്‍ത്താക്കളുടെ പ്രതിനിധി കൃഷ്ണേന്ദു പറഞ്ഞു.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ക്ഷേമത്തിനും ആവശ്യത്തിനും മുന്‍ഗണന നല്കി കൂടുതല്‍ പ്രായോഗിക സമീപനം സ്വീകരിക്കാന്‍ രക്ഷിതാക്കള്‍ എംബസി ഓപ്പണ്‍ ഹൗസില്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു. എന്‍ ആര് ഐ വിദ്യാര്‍ഥികളുടെ ഭാവി പ്രവേശനങ്ങളും തൊഴില്‍ സാധ്യതകളെയും പരീക്ഷാ കേന്ദ്രങ്ങള്‍ ഒഴിവാക്കിയ തീരുമാനം ബാധിക്കും. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രാഥമിക ഇടപെടലുകള്‍ എംബസി ആരംഭിച്ചതായി അംബാസിഡര്‍ അറിയിച്ചു. 300ല്‍ അധികം രക്ഷിതാക്കള്‍ ഒപ്പിട്ട നിവേദനം കൃഷ്ണേന്ദുവിന്റെ നേതൃത്തില്‍ 30 ഓളം വരുന്ന രക്ഷിതാക്കള്‍ക്ക് അംബാസഡര്‍ക്ക് സമര്‍പ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക