ദുബായ് ∙ പ്രാർഥനയുടെയും ധ്യാനത്തിന്റെയും മാസമായ റമസാനിനെ സ്വീകരിക്കാൻ ദുബായ് മുനിസിപ്പാലിറ്റി ഒരുങ്ങി. മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ‘റമസാൻ സൂഖ്’ നാളെ (ഫെബ്രുവരി 17) ദുബായിലെ പ്രശസ്ത പരമ്പരാഗത വിപണിയായ ബർ ദെയ്റയിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് മുനിസിപ്പാലിറ്റി സ്ട്രീറ്റിൽ ആരംഭിക്കും. മാർച്ച് 9 വരെയാണ് സൂഖ് പ്രവർത്തിക്കുക.
സജീവമായ വ്യാപാര – വാണിജ്യ കേന്ദ്രങ്ങൾക്കും ഭക്ഷണ പ്രദർശനങ്ങൾക്കും ഒപ്പം വ്യക്തിഗതവും ഗാർഹികവുമായ അവശ്യവസ്തുക്കൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാകുന്നതിനാൽ ‘റമസാൻ സൂഖ്’ വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നു. സ്വദേശികൾ, പ്രവാസികൾ, വിനോദസഞ്ചാരികൾ, സന്ദർശകർ എന്നിവരുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ റമസാൻ സൂഖിലെത്തുന്നു. മത്സരാധിഷ്ഠിത വിലകളിൽ കിടിലൻ ഷോപ്പിങ് അനുഭവത്തിനുള്ള അവസരമാണ് ഇവിടെ പ്രദാനം ചെയ്യുന്നതെന്ന് സംഘാടകർ പറഞ്ഞു. റമസാൻ തയ്യാറെടുപ്പുകൾക്ക് ആവശ്യമായ വിവിധ വസ്തുക്കളും ഗാഡ്ജെറ്റുകളും വാഗ്ദാനം ചെയ്യുന്ന ഒരു മിനി മാർക്കറ്റും ഉണ്ടാകും. ‘ഹഗ് അൽ ലൈല’ ആഘോഷിക്കുന്നതിനുള്ള പ്രത്യേക ഉൽപ്പന്നങ്ങളും ലഭ്യമാണ്. കൂടാതെ, കുട്ടികൾക്കായി വിവിധ സേവനങ്ങൾ, തത്സമയ വിനോദ പരിപാടികൾ, മറ്റു പരിപാടികൾ എന്നിവ അരങ്ങേറും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് സൂഖ് പ്രവർത്തിക്കുക.
∙ നിക്ഷേപകരെ പിന്തുണയ്ക്കുന്നു
എമിറേറ്റിലെ പൈതൃക സ്ഥലങ്ങളുടെയും പഴയ മാർക്കറ്റുകളുടെയും വികസനത്തിന് ദുബായ് മുനിസിപ്പാലിറ്റി ഉയർന്ന പ്രാധാന്യം നൽകുന്നു. വൈവിധ്യമാർന്ന വിനോദങ്ങൾ, വിനോദസഞ്ചാരം, വാണിജ്യ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് വേണ്ട വിഭവങ്ങളും സഹായങ്ങളും നൽകിവരുന്നു. ഈ പ്രവർത്തനങ്ങൾ ദുബായിയുടെ ചരിത്രപരവും പൈതൃകവുമായ പ്രാധാന്യത്തെ ഉയർത്തിക്കാട്ടുന്നു, നിക്ഷേപകരെ പിന്തുണയ്ക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നു. റമസാൻ സൂഖ് ആരംഭിക്കുന്നതിലൂടെ ദുബായ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത് പരമ്പരാഗത വിപണികളും അവയുടെ ഓഫറുകളും പ്രദർശിപ്പിക്കുക മാത്രമല്ല, അനുഗൃഹീതമായ റമസാൻ മാസത്തിനായുള്ള തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട പുരാതന ആചാരങ്ങളുടെ പൈതൃകവും ആധികാരികതയും സംരക്ഷിക്കുകയുമാണ്. നിശ്ചയിച്ചിട്ടുണ്ട്.
∙ ദെയ്റ ഒരു ചരിത്ര സംഭവം
19-ാം നൂറ്റാണ്ട് മുതലുള്ള പരമ്പരാഗത വാണിജ്യ കേന്ദ്രങ്ങൾ എന്ന നിലയിൽ ദെയ്റയുടെ ചരിത്ര വിപണികൾക്ക് കാര്യമായ പ്രാധാന്യം ഉണ്ട്. ഈ വിപണികൾ അവയുടെ തരങ്ങളെ അടിസ്ഥാനമാക്കി പുനഃസ്ഥാപിക്കുന്നതിനും പുനരധിവാസത്തിനും വർഗീകരണത്തിനും വിധേയമായിട്ടുണ്ട്. വൈവിധ്യമാർന്ന ഉൽപന്നങ്ങൾക്ക് പേരുകേട്ട ‘അൽ ദലാം സൂഖ്’ അല്ലെങ്കിൽ ഡാർക്ക്നസ് മാർക്കറ്റ് എന്നറിയപ്പെടുന്ന ബർ ദെയ്റയിലെ ഗ്രാൻഡ് സൂഖ് അവയിൽ ഉൾപ്പെടുന്നു. പാത്രങ്ങളും ട്രേകളും പോലുള്ള അടുക്കള അവശ്യസാധനങ്ങൾ ലഭ്യമാകുന്ന പ്ലേറ്റ് മാർക്കറ്റുമുണ്ട്. പുരുഷന്മാരുടെ തുണിത്തര വിപണിയും വൈവിധ്യമാർന്ന സാധനങ്ങൾ വിൽക്കുന്ന ‘സൂഖ് അൽ മനാസറും’ ആണ് മറ്റു പ്രധാന ആകർഷണങ്ങൾ. കൂടാതെ, ചാരുകസേരകളുടെയും തലയിണകളുടെയും (ടിക്കി) വിൽപ്പനയ്ക്കായി സമർപ്പിച്ചിരിക്കുന്ന ‘അൽ മതാരിഹ് മാർക്കറ്റ്, ഭക്ഷ്യ വിപണി, മറൈൻ ടൂൾസ് മാർക്കറ്റ്, തുണിത്തരങ്ങൾക്കായുള്ള ‘സൂഖ് അൽ ഖിലാക്’, പെർഫ്യൂം മാർക്കറ്റ്, സ്വർണ വിപണി എന്നിവയും സന്ദർശകര്ക്ക് വിരുന്നാകും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക