കൊച്ചി∙ എറണാകുളം ജില്ലയിലെ നഴ്സിങ് വിദ്യാർഥികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ പ്രീ- ഡിപ്പാര്‍ച്ചര്‍ ഓറിയന്റഷേൻ പ്രോഗ്രാം (PDOP) ന്റെ ഭാഗമായുളള പരിശീലനപരിപാടി സംഘടിപ്പിച്ചു. വിദേശ രാജ്യങ്ങളില്‍ ഉദ്യോഗത്തിനോ, ഉപരിപഠനത്തിനോ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമപരവും സാംസ്കാരികവുമായ കാര്യങ്ങളും സുരക്ഷിതമായ കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിനാണ് പരിശീലനം. ജില്ലയിലെ നാല് നഴ്സിങ് കോളേജുകളില്‍ നിന്നുള്‍പ്പെടെ 260 ഓളം വിദ്യാർഥികള്‍ എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയില്‍ പങ്കെടുത്തു. നോര്‍ക്ക റൂട്ട്സ് പ്രോജക്ട്സ് മാനേജര്‍ സുഷമഭായി, റീച്ച് ഫിനിഷിംഗ് സ്കൂളിന്റെ എംപാനല്‍ഡ് ട്രയിനര്‍മാരായ ജിജോയ് ജോസഫ്, അനസ് അന്‍വര്‍ ബാബു എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.
പൊതുനിയമവ്യവസ്ഥകൾ, വിദേശ സംസ്കാരം, ജീവിതരീതികൾ, തൊഴിൽ നിയമങ്ങൾ, വാസ സ്റ്റാംപിങ്, തൊഴിൽ കുടിയേറ്റ നടപടികൾ എന്നിവയെല്ലാം പരിശീലനത്തിന്റെ വിഷയമായി. അക്കാദമിക് യോഗ്യതകൾ, സർട്ടിഫിക്കേഷനുകൾ, യോഗ്യതാ പരീക്ഷകൾ, ഭാഷാപരമായ ആവശ്യകതകൾ, ആവശ്യമായ പൊതു രേഖകൾ, തൊഴിൽ സാധ്യതകൾ, വിദേശത്തേക്ക് കുടിയേറുന്നതിന്റെ നേട്ടങ്ങൾ എന്നിവ പരിശീലനപരിപാടിയുടെ ഭാഗമായി വിശദീകരിച്ചു. സുരക്ഷിതമായ കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും തൊഴില്‍ തട്ടിപ്പുകളെക്കുറിച്ച് അവബോധം നല്‍കുന്നതിനുമായാണ് നോര്‍ക്ക റൂട്ട്സ് പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഭാഗമായ റീച്ച് ഫിനിഷിങ് സ്കൂളിന്റെ പിന്തുണയോടെയാണ് പരിശീലനം.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക