റഷ്യൻ പ്രതിപക്ഷ നേതാവും,പുടിൻ്റെ കടുത്ത വിമർഷകനുമായിരുന്ന അലക്സി നവാൽനി ജയിലിൽ മരിച്ചതായി റിപ്പോർട്ട്

മോസ്കോ: റഷ്യല്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി ജയിലില്‍ വച്ച്‌ മരിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ലാദ്മിർ പുടിന്‍റെ വിമർശകനായിരുന്നു മരണപ്പെട്ട നവാല്‍നി. യെമലോ-നെനെറ്റ്‌സ് മേഖലയിലെ ജയില്‍ സേനയാണ് നവാല്‍നി മരിച്ചെന്ന് പ്രഖ്യാപിച്ചത്. ജയിലിനകത്തുവച്ച്‌ ബോധംകെട്ട് വീണ നവാല്‍നി പിന്നാലെ മരിക്കുകയായിരുന്നു എന്നാണ് ജയില്‍ അധികൃതർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

    

പല തവണ വധശ്രമത്തെ അതിജീവിച്ചിട്ടുള്ളയാളാണ് നവാല്‍നി. ഏറ്റവും ഒടുവില്‍ 2020 ല്‍ വധശ്രമത്തെ അതിജീവിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബ‍ർ മാസത്തില്‍ നവാല്‍നിയെ ജയിലില്‍ കാണാതായെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നവാല്‍നിയുടെ അഭിഭാഷകരാണ് അന്ന് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ മോസ്‌കോയിലെ അതീവ സുരക്ഷാ ജയിലില്‍ നവാല്‍നി ഉണ്ടെന്ന റിപ്പോർട്ടുകളും പിന്നീട് പുറത്തുവന്നിരുന്നു.

Read more : 

    

റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ കടുത്ത വിമർശകനാണ് പ്രതിപക്ഷ നേതാവായ അലക്സി നവാല്‍നി. റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പ് അടുത്തിരിക്കെയാണ് നവാല്‍നി മരിച്ചെന്ന വാർത്ത പുറത്തു വരുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ പുടിന്‍റെ പ്രധാന എതിരാളികളില്‍ ഒരാളായാണ് നവാല്‍നിയെ കണക്കാക്കിയിരുന്നത്. അതുകൊണ്ടുതന്നെ നവാല്‍നിയുടെ മരണവുമായി ബന്ധപ്പെട്ട് പുടിനെതിരെയും വിമർശനം ശക്തമായിട്ടുണ്ട്. 47 കാരനായ നവാല്‍നിയെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് നേരത്തെ ജയിലിലടച്ചത്. 30 വര്‍ഷം തടവുശിക്ഷയാണ് നവാല്‍നിക്ക് വിധിച്ചിരുന്നത്. ജയില്‍ ശിക്ഷക്കെതിരെ തന്നെ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടെയാണ് നവാല്‍നി മരിച്ചെന്ന വാർത്ത കൂടി പുറത്തുവന്നിരിക്കുന്നത്.