മക്ക ∙ നേതൃത്വം കനിഞ്ഞില്ല. മക്ക ഒ.ഐ.സി.സി പ്രവർത്തകർ സ്വയം പ്രഖ്യാപിത സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ചു. കെ.പി.സി.സിയുടെയോ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെയോ പിന്തുണയോ നിർദേശമോ ഇല്ലാതെയാണ് പുതിയ കമ്മിറ്റി. ഷാനിയാസ് കുന്നിക്കോട് (പ്രസിഡന്റ്), ഷാജി ചുനക്കര (ജനറൽ സെക്ര, സംഘടനാ കാര്യം), സാക്കിർ കൊടുവള്ളി (വർക്കിങ് പ്രസി), നൗഷാദ് തൊടുപുഴ (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
മെമ്പർഷിപ് അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി അംഗത്വം പുതുക്കിയ എല്ലാവരെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം നേതൃത്വം നിരാകരിച്ച സാഹചര്യത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിക്കാൻ തങ്ങൾ നിർബന്ധിതരായതെന്ന് സീനിയർ നേതാവ് ഷാനിയാസ് കുന്നിക്കോട് അറിയിച്ചു.ഹജ് സന്നദ്ധ സേവനത്തിലായതിനാൽ അംഗങ്ങളിൽ പലർക്കും അംഗത്വം നിശ്ചിത സമയത്തിനകം എടുക്കാൻ കഴിഞ്ഞിരുന്നില്ല. അൽപം വൈകിയാണെങ്കിലും പിന്നീട് എല്ലാവരും അംഗത്വം എടുക്കുകയും ചെയ്തു. ഇക്കാര്യം അപ്പോൾ തന്നെ കെപിസിസിയെയും ഒഐസിസി ഗ്ലോബൽ കമ്മിറ്റിയെയും അറിയിച്ചിരുന്നു.
മക്കയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇങ്ങനെ വൈകി അംഗത്വമെടുത്തവരെ കൂടി പരിഗണിച്ചു കൊണ്ടായിരിക്കും മക്കയിൽ തെരഞ്ഞുടുപ്പ് നടത്തുകയെന്നായിരുന്നു നേതൃത്വത്തിന്റെ അറിയിപ്പ്. എന്നാൽ അവരെ പൂർണമായും മാറ്റി നിർത്തി ശുഷ്കമായ അംഗത്വത്തിന്റെ ബലത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്നും ബഹുഭൂരിഭാഗം വരുന്നവരെ അവഗണിച്ചുള്ള ഈ സമീപനം ശരിയല്ലെന്നും ഷാനിയാസ് പറഞ്ഞു.
മക്ക ആസ്ഥാനമായി റീജനൽ കമ്മിറ്റി രൂപീകരിക്കണമെന്ന മക്കയിലെ ഒ.ഐ.സി.സി പ്രവർത്തകരുടെ ആവശ്യം അംഗീകരിക്കാനാകുന്നതാണെന്നും മക്ക, മദീന, ത്വാഇഫ് എന്നീ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് പുതിയ റീജിയനൽ കമ്മിറ്റി ഉണ്ടാക്കുമെന്നും കഴിഞ്ഞ മാസം ജിദ്ദയിൽ നടന്ന വാർത്താസമ്മേനത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തങ്ങൾ പല പ്രാവശ്യം ഗ്ലോബൽ, ജിദ്ദ റീജനൽ നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടും ഒരു തീരുമാനം ഉണ്ടാവാത്തതിനാലാണ് സ്വന്തം നിലക്ക് കമ്മിറ്റിയുമായി മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. 2023-25 വർഷത്തേക്കുള്ള സെൻട്രൽ കമ്മിറ്റിയെയാണ് പുതുതായി തിരഞ്ഞെടുത്തിട്ടുള്ളത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക