മസ്കത്ത് ∙ ഒമാനിലെ നീറ്റ് പരീക്ഷ കേന്ദ്രം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം രക്ഷിതാക്കൾ ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് നിവേദനം നൽകി. എംബസിയിലെ എജ്യൂക്കേഷൻ കൺസൽട്ടന്റ് ജയ്പാൽദത്തെ മുഖേനയാണ് ഡോ. സജി ഉതുപ്പാന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ നിവേദനം സമർപ്പിച്ചത്.
ഇന്ത്യക്ക് പുറത്ത് പരീക്ഷ കേന്ദ്രം അനുവദിക്കാത്തത് വിദ്യാർഥികളുടെ ഭാവിതന്നെ ഇല്ലാതാക്കുന്ന നടപടിയാണെന്നും പരീക്ഷ കേന്ദ്രം പുനഃസ്ഥാപിച്ച് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രവാസികളിൽ അധികവും സാധാരണക്കാരായ ആളുകളാണ്. ദൈനംദിന ചെലവുകൾക്കൊപ്പം വളരെ പ്രയാസപ്പെട്ടാണ് മക്കളുടെ വിദ്യഭ്യാസ കാര്യങ്ങളും മറ്റും നടത്തുന്നത്. പരീക്ഷാ കേന്ദ്രം ഒഴിവാക്കിയതോടെ വിദ്യാർഥികൾക്ക് ഇന്ത്യയിൽപോയി പരീക്ഷ എഴുതേണ്ട സ്ഥിതിയാണ് വന്നിട്ടുള്ളത്.
വിമാനനിരക്കും മറ്റ് ചെലവുകളും ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണെന്നും രക്ഷിതാക്കൾ പറഞ്ഞു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രക്ഷിതാക്കളായ സിജു തോമസ്, ജയാനന്ദൻ, മനോജ് ജോസഫ്, നിയാസ് ചെണ്ടയാട്, ഫെബിൻ ജോസ്, സാന്റോയിൽ ജേകബ് തുടങ്ങിവരും നിവേദന സംഘത്തിലുണ്ടായിരുന്നു. വിദ്യാർഥികൾക്ക് അനുകൂലമായ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്ലെങ്കിൽ കൂടുതൽ രക്ഷിതാക്കളെ ഉൾപ്പെടുത്തി രാഷ്ട്രീയ സമ്മർദ്ദമടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും ഡോ. സജി ഉതുപ്പാൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക