ദുബായ് ∙ മലയാളം മിഷന്റെ ഈ വർഷത്തെ മലയാൺമ ഭാഷാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച മലയാളം മിഷന് ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിന് ദുബായ് ചാപ്റ്റര്‍ അര്‍ഹരായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് അവാർഡ്. പ്രവാസ ലോകത്തെ ഭാഷാപ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന മലയാളി പ്രവാസി സംഘടനയ്ക്ക് നൽകുന്ന സുഗതാഞ്ജലി പ്രവാസി പുരസ്കാരത്തിന് ബഹറിൻ കേരളീയസമാജം തിരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും ആണ് അവാർഡ്.
ഈ വർഷം മുതൽ ഏർപ്പെടുത്തിയ മലയാളം മിഷൻ പ്രവാസി സാഹിത്യ പുരസ്കാരത്തിന് ശ്രീകാന്ത് താമരശ്ശേരിയുടെ ‘കടൽ കടന്ന കറിവേപ്പുകൾ’ എന്ന കവിതാസമാഹാരം അർഹമായി. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ആണ് അവാർഡ്. തിരഞ്ഞെടുക്കപ്പെട്ട മികച്ച 10 കൃതികളിൽ ഉൾപ്പെട്ട മലയാളം മിഷൻ പ്രവർത്തകരായ എഴുത്തുകാർക്കുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് മലയാളം മിഷന് ഫ്രാന്‍സ് ചാപ്റ്റര്‍ അധ്യാപിക ശ്രീജ സരസ്വതിയുടെ ‘വലയങ്ങള്‍’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഭാഷാപ്രവര്ത്തകര്ക്കുള്ള ഭാഷാമയൂരം പുരസ്കാരത്തിന് മലയാളം മിഷന് തമിഴ്നാട് ചാപ്റ്റര്‍ സെക്രട്ടറിയും കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണനും (ഇന്ത്യ) മലയാളം മിഷന് ആഫ്രിക്ക കോഓർഡിനേറ്റർ ഹരീഷ് നായരും (വിദേശം) അർഹരായി. 25,000 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
മികച്ച മലയാള ഭാഷാ അദ്ധ്യാപകര്‍ക്കുള്ള ബോധി അധ്യാപക പുരസ്കാരത്തിന് ഗോവ ചാപ്റ്റര്‍ അധ്യാപിക ജയശ്രീ ജയപ്രകാശും (ഇന്ത്യ) റാസല്‍ ഖൈമ ചാപ്റ്റര്‍ അധ്യാപിക അഖില സന്തോഷും (വിദേശം) അർഹരായി. 25,000 രൂപ വീതവും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മലയാളഭാഷയെ സാങ്കേതികവിദ്യ സൗഹൃദമാക്കുന്ന നൂതനമായ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കുന്ന ഭാഷാ പ്രതിഭാ പുരസ്കാരത്തിന് ശ്രീവൃന്ദനായര്‍ അര്‍ഹയായി. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ആണ് അവാർഡ്. പ്രത്യേക ജൂറി പുരസ്കാരം സിഡിറ്റിന് ലഭിച്ചു.
സാംസ്കാരിക മന്ത്രി സജി ചെറിയാന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട, രജിസ്ട്രാര്‍ വിനോദ് വൈശാഖി എന്നിവര്‍ പങ്കെടുത്തു. കവിയും ഐ എം ജി ഡയറക്ടറുമായ കെ. ജയകുമാര്‍, നിരൂപകനും പത്രപ്രവര്‍ത്തകനുമായ ഡോ. പി. കെ. രാജശേഖരന്, മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്ക്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക