അബുദാബി ∙ ഉമ്മുൽ ഇമാറാത്ത് പാർക്കിൽ കലാസാംസ്കാരിക ഉത്സവത്തിനു (ഫെസ്റ്റിവൽ ഇൻ ദ് പാർക്ക്) ഇന്നു തുടക്കം. രണ്ടു ദിവസത്തെ ഉത്സവത്തിൽ വിവിധ രാജ്യക്കാരുടെ കലാപരിപാടികൾ, ശിൽപശാലകൾ, പ്രദർശനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കല, സംഗീതം, നൃത്തം, ശിൽപശാല, വാദ്യമേളം, കഥപറച്ചിൽ തുടങ്ങി എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന വ്യത്യസ്ത പരിപാടികളുണ്ടെന്ന് സംഘാടകർ അറിയിച്ചു. ചൈനീസ് സംസ്കാരവും കലയും പ്രമേയമാക്കിയുള്ള പരിപാടികൾക്കാണ് മുൻതൂക്കമെങ്കിലും വൈവിധ്യമാർന്ന കലാവിരുന്നുകൾ സന്ദർശകരെ വിസ്മയിപ്പിക്കും.
കൃഷിയിലേക്കു പുതുതലമുറയുടെ ശ്രദ്ധ ക്ഷണിക്കുന്ന ശിൽപശാലയ്ക്ക് സ്വദേശി കർഷകൻ സഈദ് അൽ റുമൈത്തിയും ബ്രേസ്ലറ്റ് നിർമാണ ശിൽപശാലയ്ക്ക് അൽഗദീറും ഇന്നു നേതൃത്വം നൽകും. നാളെ സാറ അൽ സിനാനി പാവ നിർമാണം പഠിപ്പിക്കും. കൂടാതെ ഫാഷൻ ഷോ, നൃത്തം, സംഗീതം നിശ, ആയോധന കല തുടങ്ങി വിവിധ പരിപാടികളും ഉണ്ടാകും. 10 ദിർഹത്തിന്റെ പാർക്ക് പ്രവേശന ടിക്കറ്റെടുത്ത് എത്തുന്ന എല്ലാവർക്കും പരിപാടി ആസ്വദിക്കാം. കലാപരിപാടി കാണാൻ പ്രത്യേക ഫീസ് ഈടാക്കില്ല. ഇന്നും നാളെയും വൈകിട്ട് 5 മുതൽ രാത്രി 9.30 വരെ. വിവരങ്ങൾക്ക് www.ummalemaratpark.ae/
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക