അബുദാബി ∙ മരുഭൂമിയിൽ വിടർന്ന താമര പോലെ വെട്ടിത്തിളങ്ങുന്ന ബിഎപിഎസ് ഹിന്ദു മന്ദിറിന് പുറത്ത് പ്രതീകാത്മകമായി നിർമിച്ച മണൽ കൂനയിൽ (ഡ്യൂൺസ് ഓഫ് പ്രെയർ) ഒളിഞ്ഞിരിപ്പുണ്ട് മന്ദിരത്തിന്റെ പ്രാരംഭ കഥകൾ.
1997 ഏപ്രിൽ അഞ്ചിന് ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ (ബിഎപിഎസ്) അന്നത്തെ ആത്മീയ ആചാര്യൻ പ്രമുഖ് സ്വാമി മഹാരാജ് ഷാർജയിലെ മരുഭൂമിയിലിരുന്ന് പ്രാർഥിക്കുകയായിരുന്നു. ലോക സമാധാനത്തിനും സഹവർത്തിത്വത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള പ്രാർഥനയ്ക്കൊടുവിൽ പറഞ്ഞു; ‘അബുദാബി മരുഭൂമിയിൽ ഒരു മന്ദിർ ഉണ്ടാകട്ടെ. അത് രാജ്യങ്ങളെയും സംസ്കാരങ്ങളെയും സമൂഹങ്ങളെയും മതങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതാകട്ടെ!’. ആ പ്രാർഥനയുടെ സാക്ഷാത്കാരമാണ് കഴിഞ്ഞ ദിവസം യാഥാർഥ്യമായ മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രം.
പ്രമുഖ് സ്വാമി പ്രാർഥിച്ച മൺകൂനയുടെ പ്രതീകാത്മക നിർമിതിയാണ് ഡ്യൂൺസ് ഓഫ് പ്രെയർ എന്ന പേരിൽ ക്ഷേത്രത്തിനു സമീപം സജ്ജമാക്കിയ സാൻഡ് ഡ്യൂൺസ്. സഹിഷ്ണുതയുടെ പര്യായമായ നാടിന്റെ 7 എമിറേറുകളിൽനിന്ന് ശേഖരിച്ച മണൽ ഉപയോഗിച്ചാണ് ഡ്യൂൺസ് ഓഫ് പ്രെയർ നിർമിച്ചത്.
ശക്തമായ കാറ്റിൽ മണൽ പറന്നുപോകാതിരിക്കാൻ ബേബി മെറ്റൽ പാകി സംരക്ഷിച്ചിട്ടുണ്ട്. ഇന്നു ക്ഷേത്രലോഗോയുടെ ഭാഗമാണിത്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി യുഎഇയിൽ എത്തിയപ്പോൾ അബുദാബി സർക്കാർ അബുമുറൈഖയിൽ സ്ഥലം അനുവദിച്ചതും 2018ൽ ശിലാസ്ഥാപനം നടത്തിയതും 2019ൽ നിർമാണോദ്ഘാടനം നിർവഹിച്ചതുമെല്ലാം ആ പ്രാർഥനയുടെ വിവിധ ഘട്ടങ്ങളായാണ് വിശേഷിപ്പിക്കുന്നത്. കോവിഡിനിടയിലും യുഎഇയിൽ മുടങ്ങാതെ നിർമാണം തുടരാൻ അനുമതി ലഭിച്ച ഒരേയൊരു പദ്ധതി ക്ഷേത്ര നിർമാണമായിരുന്നു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നിർമാണം പൂർത്തിയാക്കിയാണ് ക്ഷേത്രം മാനവലോകത്തിനായി തുറന്നത്. ക്ഷേത്രത്തിന്റെ ആധുനികവും പരമ്പരാഗതവുമായ 2 മോഡലുമായി എത്തിയ സംഘാടകരോട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വാക്കുകൾ ഇതായിരുന്നു. ‘അബുദാബിയിൽ ഒരു ക്ഷേത്രം നിർമിക്കുന്നുണ്ടെങ്കിൽ അത് പരമ്പരാഗത ക്ഷേത്രത്തിന്റെ രൂപത്തിലായിരിക്കണം’. ആ വാക്കുകളാണ് ലോകത്തെ ഏറ്റവും മനോഹര ക്ഷേത്രമൊരുക്കാൻ പ്രചോദനമായതെന്ന് ബിഎപിഎസ് ഹിന്ദു മന്ദിർ മേധാവി സ്വാമി ബ്രഹ്മവിഹാരി ദാസ് പറഞ്ഞു. ഭൂകമ്പത്തെ അതിജീവിക്കാൻ സാധിക്കുംവിധം അത്യാധുനിക സംവിധാനങ്ങളോടെ നിർമിച്ച ക്ഷേത്രം ആയിരത്തിലേറെ വർഷം നിലനിൽക്കും. ഇതുപോലെ ക്ഷേത്രത്തിന്റെ ഓരോ കോണുകൾക്കും പറയാനുണ്ട് ഒട്ടേറെ കഥകൾ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക