ജിദ്ദ ∙ ചരക്ക്, സേവന ഇനത്തിലെ ധനവിനിയോഗം കഴിഞ്ഞ വര്‍ഷം 18 ശതമാനം തോതില്‍ വര്‍ധിച്ചതായി സൗദി ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബജറ്റ് ധനവിനിയോഗത്തിന്റെ 23 ശതമാനം ചരക്ക്, സേവന ഇനത്തിലായിരുന്നു.
മൂലധന ആസ്തി ഇനത്തില്‍ 186.5 ബില്യൻ റിയാല്‍ ചെലവഴിച്ചു. 2022നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മൂലധന ആസ്തി ഇനത്തിലെ ധനവിനിയോഗം 30 ശതമാനം വര്‍ധിച്ചു. ബജറ്റ് ധനവിനിയോഗത്തിന്റെ 14 ശതമാനം മൂലധന ആസ്തി ഇനത്തിലായിരുന്നു. മറ്റിനങ്ങളിലെ ചെലവുകള്‍ മൂന്നു ശതമാനം തോതില്‍ ഉയര്‍ന്ന് 103.5 ബില്യൻ റിയാലായി. ആകെ ബജറ്റ് ധനവിനിയോഗത്തിന്റെ എട്ടു ശതമാനം ഈ ഗണത്തില്‍ പെടുന്നു.കഴിഞ്ഞ വര്‍ഷം സൗദി അറേബ്യയുടെ ബജറ്റ് ധനവിനിയോഗത്തിന്റെ 42 ശതമാനവും സര്‍ക്കാര്‍ ജീവനക്കാരുടെ വേതന വിതരണത്തിനായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ വേതനയിനത്തില്‍ ബജറ്റില്‍ നിന്ന് 537.3 ബില്യൻ റിയാല്‍ ചെലവഴിച്ചു. കഴിഞ്ഞ വർഷം വേതനയിനത്തിലെ ധനവിനിയോഗം അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ചു. ബജറ്റില്‍ നിന്ന് ഏറ്റവുമധികം പണം ചെലവഴിച്ചത് വേതന വിതരണത്തിനാണ്. ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ബജറ്റില്‍ നിന്ന് 303.4 ബില്യൻ റിയാല്‍ ചെലവഴിച്ചു.
കൂടാതെ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് ആകെ 97 ബില്യൻ റിയാല്‍ ചെലവഴിച്ചു. സാമൂഹിക സുരക്ഷാ പദ്ധതി ധനവിനിയോഗം കഴിഞ്ഞ വര്‍ഷം 22 ശതമാനം തോതില്‍ വര്‍ധിച്ചു. ബജറ്റിന്റെ എട്ടു ശതമാനമാണ് സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കു വേണ്ടി ചെലവഴിച്ചത്. മറ്റു ധനസഹായങ്ങള്‍ 29 ശതമാനം തോതില്‍ കുറഞ്ഞ് 21 ബില്യൻ റിയാലായി. ആകെ ധനവിനിയോഗത്തില്‍ രണ്ടു ശതമാനം ഈ ഗണത്തില്‍ പെടുന്നു. ഗ്രാന്റ് ഇനത്തില്‍ 6.8 ബില്യൻ റിയാല്‍ ചെലവഴിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക