ചെങ്ങന്നൂരില്‍ നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് 21-ന്

ആലപ്പുഴ: ചെങ്ങന്നൂരില്‍ നോര്‍ക്ക റൂട്ട്‌സ് പുതുതായി ആരംഭിച്ച റീജിയണല്‍  സബ് സെന്ററില്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ചിറ്റൂര്‍ ചേംബേഴ്‌സ് ബില്‍ഡിംങ്ങിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കന്ന സെന്ററില്‍ ഫെബ്രുവരി 21-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ നടക്കുന്ന അറ്റസ്റ്റേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് അവസരം.  

ഇതിനായി നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org-ല്‍  രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്,  പാസ്‌പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ എന്നിവയുടെ അസ്സല്‍, പകര്‍പ്പ് എന്നിവ സഹിതം പങ്കെടുക്കാം. വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പില്‍ സ്വീകരിക്കും. ഈ ദിവസം നോര്‍ക്ക റൂട്ട്‌സിന്റെ  തിരുവനന്തപുരം സെന്ററില്‍ അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള ഗവണ്‍മെന്റുകള്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്. വിദ്യാഭ്യാസം, വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തല്‍, ഹോം അറ്റസ്റ്റേഷന്‍, എം.ഇ.എ മിനിസ്ട്രി ഓഫ് എക്സ്റ്റേണല്‍ അഫയേഴ്സ് സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവ നോര്‍ക്ക റൂട്ട്സ് വഴി ലഭ്യമാണ്.

യു.എ.ഇ, ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റില്‍ അറ്റസ്റ്റേഷനു വേണ്ടിയും നോര്‍ക്ക റൂട്ട്സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്. കേരളത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ നോര്‍ക്കാ റൂട്ട്സ് വഴി അറ്റസ്റ്റേഷനു നല്‍കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 04792080428, 9188492339, 04712770557, 2329950 നമ്പറുകളില്‍ പ്രവൃത്തിദിനങ്ങളില്‍ ഓഫീസ് സമയത്ത് വിളിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക