ആലപ്പുഴ: സംരംഭക വര്‍ഷം 2.0 യുടെ ഭാഗമായി 2022-23ല്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ തുടര്‍ച്ച 100 ശതമാനം ലക്ഷ്യം കൈവരിച്ച് ആലപ്പുഴ ജില്ല. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജുകുര്യന് ജില്ലാതല പ്രഖ്യാപനം നിര്‍വഹിച്ചു. നേട്ടത്തിനായി പ്രയത്നിച്ച മുഴുവന്‍ എന്റര്‍പ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്മാരെയും അഭിനന്ദിച്ചു.
ജില്ല കളക്ടര്‍ അധ്യക്ഷനായും ജനറല്‍ മാനേജര്‍ ജില്ല വ്യവസായകേന്ദ്രം കണ്‍വീനറായുമുള്ള ജില്ലാതല മോണിറ്ററിങ്ങ് കമ്മറ്റിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 7000 യൂണിറ്റുകള്‍ എന്നതായിരുന്നു ലക്ഷ്യം. പത്ത് മാസവും 12 ദിവസവും കൊണ്ട് 7110 പുതിയ യൂണിറ്റുകള്‍ തുടങ്ങിയാണ് ലക്ഷ്യം കൈവരിച്ചത്.
പുതിയ സംരംഭങ്ങള്‍ വഴി 401.09 കോടി രൂപയുടെ നിക്ഷേപവും 13,450 പേര്‍ക്ക് തൊഴിലവസരവും നല്കി. 1051 യൂണിറ്റുകള്‍ ഉദ്പാദന മേഖലയിലും 2979 യൂണിറ്റുകള്‍ സേവന മേഖലയിലും 3080 യൂണിറ്റുകള്‍ വാണിജ്യ മേഖലയിലും പ്രവര്‍ത്തിക്കുന്നു. ഇതില്‍ 41 ശതമാനം വനിതാ സംരംഭകരാണ്. തണ്ണീര്‍മുക്കം, അരൂര്‍ പഞ്ചായത്തുകളാണ് ഏറ്റവുമധികം യൂണിറ്റുകള്‍ ആരംഭിച്ചത്(111 യൂണിറ്റുകള്‍).
ഏറ്റവുമധികം യൂണിറ്റുകള്‍ ആരംഭിച്ച മുനിസിപ്പാലിറ്റി ആലപ്പുഴ മുനിസിപ്പാലിറ്റിയാണ് (364 യൂണിറ്റ്). സംരംഭകരില്‍ 788 പേര്‍ക്ക് വിവിധ ബാങ്കുകളില്‍നിന്നായി 42 കോടി രൂപയുടെ വായ്പയും ലഭ്യമാക്കി. 72 പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി 86 എന്റര്‍പ്രൈസ് ഡെവലപ്പ്മെന്റ്റ് എക്സിക്യൂട്ടീവുമാര്‍ പ്രവര്‍ത്തിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പൊതു ബോധവത്കരണ പരിപാടികള്‍, ലോണ്‍/ലൈസന്‍സ് മേളകള്‍, തദ്ദേശിയ വിപണന മേളകള്‍ എന്നിവയും സംഘടിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക