അബുദാബി ∙ ഇവരുടെ പ്രണയ കഥ കേട്ടാൽ ഇപ്പോൾ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സിനിമ ‘പ്രേമലു’ പോലും ഒന്നുമല്ല. അക്ഷരാർഥത്തിൽ, എതിർപ്പിന്റെയും പീഡനത്തിന്റെയും മുൾവേലികൾ ചാടിക്കടന്നുകൊണ്ടാണ് അനന്തലക്ഷ്മി മുഹമ്മദ് ഷരീഫിന്റെ ജീവിത സഖിയായത്. പരസ്പരം മാല ചാർത്തിയിട്ട് ഇപ്പോൾ 24 വർഷം പിന്നിട്ടിട്ടും തങ്ങളുടെ പ്രണയനദി നിർവിഘ്നം ഒഴുകുകയാണെന്ന് അബുബാദിയിൽ ഫിനാൻസ് മേഖലയിൽ പ്രവർത്തിക്കുന്ന ഷരീഫും കെമിക്കൽ സ്പെഷ്യലിസ്റ്റായ അനന്തലക്ഷ്മിയും പറയുന്നു.
∙സ്വപ്നത്തില് പോലും താൻ കൂടെ വേണം
ആലപ്പുഴ മാന്നാർ സ്വദേശികളും ഒരേ പഞ്ചായത്തിൽ താമസിക്കുന്നവരുമായ ഷരീഫും അനന്തലക്ഷ്മിയും കോളജിൽ പഠിക്കുന്ന കാലത്താണ് പരസ്പരം പരിചയപ്പെട്ടതും പ്രണയത്തിലായതും. 1993ൽ ദേവസ്വം ബോർഡ് പമ്പാ കോളജിൽ ബിരുദ പഠനത്തിന് ചേർന്ന അനന്ത ലക്ഷ്മി എന്ന 17കാരിയോട് അതേ വർഷം കോളജിൽ നിന്ന് ബിരുദപഠനം കഴിഞ്ഞ് പുറത്തിറങ്ങിയ സൂപ്പർ സീനിയർ ഷരീഫിനെ(24)ക്കുറിച്ച് ക്ലാസ്മേറ്റ്സ് വാതോരാതെ പറയുകയായിരുന്നു. അവരെല്ലാം അവിടെത്തന്നെ പ്രിഡിഗ്രി പഠിച്ചവരായതിനാൽ ഓരോ വിദ്യാർഥി നേതാക്കളെക്കുറിച്ചും കൃത്യമായി വിലയിരുത്തിക്കൊണ്ടിരുന്നു. കോളജിലെ എസ്എഫ്ഐയുടെ ശക്തനായ പ്രവർത്തകനായിരുന്ന ഷരീഫ്, തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗത്തിനും മറ്റുമായി പഴയ കോളജിലെത്തുമായിരുന്നു. ഇത്തരം നേതാക്കളുടെ കൂട്ടത്തിൽ ഷരീഫ് വേറിട്ടു നിൽക്കുന്നതായി കൂട്ടുകാരികളുടെ വാക്കുകളിൽ നിന്ന് അനന്ത ലക്ഷ്മിക്ക് മനസ്സിലായി. അവർക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയപാർട്ടിയോടും ആഭിമുഖ്യമുണ്ടായിരുന്നില്ല. പക്ഷേ, ജീൻസും ജൂബയും ധരിച്ച് തോളിൽ തുണിസഞ്ചിയും തൂക്കി വരുന്ന, ആദര്ശവാനായ യുവാവിനെ അനന്തലക്ഷ്മി അറിയാതെ ശ്രദ്ധിക്കാൻ തുടങ്ങി.
പിന്നീട് കോളജിന് പുറത്ത് പരുമല ജംഗ്ഷനിൽ കൂട്ടുകാരികളോടൊപ്പം നിന്ന ഷരീഫിനെ പരിചയപ്പെട്ടു. ഇരുവരും തമ്മില് 9 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. സംസാരിച്ചുകൊണ്ടിരിക്കെ ദൃഢവും വ്യക്തവുമായ ആശയങ്ങളാൽ അദ്ദേഹം സമ്പന്നനാണെന്ന് മനസ്സിലായി. പുരോഗമനവാദി, ദിശാബോധം നൽകുന്ന വ്യക്തിത്വം, എല്ലാവരോടും സ്നേഹത്തോടെ മാത്രമേ പെരുമാറൂ എങ്കിലും തന്റെ നിലപാടുകളിൽ കർക്കശനുമായിരുന്നു. ക്ലാസിൽ പ്രസംഗിക്കുമ്പോൾ ആരെങ്കിലും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടാൽ അവരോട് മാന്യമായി പുറത്തുപോകാൻ പറയും. പരസ്പര ബഹുമാനത്തിൽ ഏറെ ശ്രദ്ധാലു. പ്രത്യേകിച്ച് സ്ത്രീകളോട് സംസാരിക്കുമ്പോൾ പ്രത്യേക ആദരവ് പ്രകടിപ്പിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു. വാക്കുകളിലെ ആത്മാർഥത, വേറിട്ട ചിന്തകൾ എന്നിവയെല്ലാം അനുദിനം അടുപ്പം വളർത്തി. എങ്കിലും ഒരു യാഥാസ്ഥിതിക നായർ തറവാട്ടിൽ നിന്നുള്ള പെൺകുട്ടിക്ക് മുസ്ലിം കുടുംബത്തിൽ പിറന്ന പുരോഗമന വാദിയായ യുവാവിനെ ഇഷ്ടപ്പെടാനും പ്രണയിക്കാനും വിവാഹം കഴിക്കാനും സാധിക്കുമോ എന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. പക്ഷേ, ഇരുവരും പരസ്പരം ഹൃദയം കൈമാറാൻ അധിക നാളുകൾ വേണ്ടിവന്നില്ല. കാണുന്ന സ്വപ്നങ്ങളിൽ പോലും നീയില്ലാതെ പറ്റില്ല, ജീവിതത്തിന് ഒരു രസവുമുണ്ടാകില്ലെന്ന ചിന്തയാണ് തന്നിലുണ്ടായതെന്ന് അനന്തലക്ഷ്മി പറയുന്നു. അനുദിനം ആ ചിന്ത വളർന്നു. ഒടുവിൽ അതേക്കുറിച്ച് സങ്കൽപിക്കാൻ പോലുമാകാത്ത സാഹചര്യത്തിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു.
∙നിലവിളക്ക് തൊട്ട് സത്യം; ഷരീഫിനെ ഇനി കാണില്ല
അനന്തലക്ഷ്മിയുടെ പിതാവ് റിട്ട.ഹൈസ്കൂൾ ഹെഡ് മാസ്റ്ററും മാതാവ് അധ്യാപികയുമായിരുന്നു. അമ്മയോട് എല്ലാ കാര്യവും തുറന്നുപറയുന്ന സ്വഭാവം ആ പെൺകുട്ടിക്കുണ്ടായിരുന്നു. അങ്ങനെ ഷരിഫുമായുള്ള പ്രണയവും മറച്ചുവച്ചില്ല. ഇതോടെ പൊട്ടിത്തെറിച്ച അമ്മ കത്തിച്ചുവച്ച നിലവിളക്ക് തൊട്ട് സത്യം ചെയ്യിപ്പിച്ചു–മേലിൽ ഷരീഫിനെ കാണില്ലെന്നും സംസാരിക്കില്ലെന്നും. പക്ഷേ, അനുദിനം പ്രണയം കൂടിക്കൂടി വരുന്ന ഒരാളെ മറക്കുന്നതെങ്ങനെ?. കാര്യം പിന്നീട് അച്ഛനും ഏക സഹോദരനും അമ്മാവനുമെല്ലാം അറിഞ്ഞു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് മാനസ്സീകമായും ശാരീരികമായും പീഡനം തുടങ്ങി. അതിഭീകര മർദനമാണ് ഇവരിൽ നിന്നെല്ലാം തനിക്ക് ഏറ്റതെന്ന് അനന്ത ലക്ഷ്മി ഇൗ പ്രണയദിനത്തിലും ഒാർക്കുന്നു.
ഷരീഫിനെ മറക്കുമെന്നും വീട്ടുകാരെ അനുസരിക്കുമെന്നുമൊക്കെ കരുതി അനന്തലക്ഷ്മിയെ ചങ്ങനാശേരി എൻഎസ് എസ് കോളജിൽ എംഎസ് സിക്ക് ചേർത്തു. അപ്പോഴും ഷരീഫുമായുള്ള ബന്ധം രഹസ്യമായി തുടർന്നിരുന്നു. ഇതറിഞ്ഞ് വീണ്ടും എല്ലാവരും ഉറഞ്ഞുതുള്ളി. അവസാനവർഷ പരീക്ഷ കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോൾ ഭീകരമായ മർദനം. മൂക്കിൽ നിന്നും വായിൽ നിന്നും ചോര വാർന്നു. മുഖത്തിന്റെ രൂപം മാറിപ്പോയി. ഒടുവിൽ, അച്ഛനും അമ്മയും സഹോദരനും ചില ബന്ധുക്കളുമടക്കം ചേർന്ന് കാറിൽ കടത്തിക്കൊണ്ടുപോയി തിരുവനന്തപുരം പേരൂർക്കട ജെജെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഏതോ കുത്തിവയ്പ് നടത്തിയപ്പോൾ കിളി പോയ അവസ്ഥയിലായി. പിന്നെയൊന്നും ഒാർമയില്ല. പ്രണയം തകർന്ന മകൾക്ക് മുഴു വട്ടാണെന്നും സ്വയം പീഡിപ്പിക്കുകയാണെന്നുമാണ് അവർ ആശുപത്രിയെ തെറ്റിദ്ധരിപ്പിച്ചത്. ബന്ധുവായ ഒരു ഡോക്ടറും അന്നത്തെ ഒരു കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ബന്ധുവും അവരോടൊപ്പമുണ്ടായിരുന്നതിനാൽ കാര്യങ്ങളെല്ലാം അവർക്ക് എളുപ്പമായി.
∙ ബൈസ്റ്റാൻഡറുടെ കയ്യിയിൽ രഹസ്യക്കുറിപ്പ്:പേടിക്കരുത്, ഞാൻ കൂടെയുണ്ട്
ഇതേ സമയം, ഒരാഴ്ചയായി അനന്തലക്ഷ്മിയെ കാണാത്തതിനാൽ ഷരീഫ് അന്വേഷണത്തിലായിരുന്നു. അനന്തലക്ഷ്മിയെയും കൊണ്ട് തിരുവനന്തപുരത്തേക്കു പോയ കാറിന്റെ ഡ്രൈവറെ ഒരു സുഹൃത്ത് വഴി കണ്ടെത്തി. ചോദിച്ചപ്പോൾ അയാൾ തനിക്കൊന്നുമറിയില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നെ, നന്നായൊന്ന് ‘സത്കരിച്ചപ്പോൾ’ പറയേണ്ടതെല്ലാം വിശദമായി പറഞ്ഞു. എങ്കിലും ഏത് ആശുപത്രിയാണെന്ന് അയാൾക്ക് അറിയില്ലായിരുന്നു. ഷരീഫ് തിരുവനന്തപുരത്തെത്തി മിക്ക മാനസീക രോഗാശുപത്രികളിലും തിരഞ്ഞു. ഒടുവിൽ പേരൂർക്കടയിലെ ആശുപത്രി പരിസരത്തെത്തി. ആശുപത്രിയിൽ ഏതോ രോഗിയുടെ ബൈ സ്റ്റാൻഡറായി നിന്ന ഒരു പെൺകുട്ടിയോട് അനന്തലക്ഷ്മിയുടെ ഫോട്ടോ കാണിച്ച് ഇവരെ അറിയാമോ എന്ന് ഷരീഫ് ചോദിച്ചു. ഇവർ ഞാനുള്ള സ്ഥലത്ത് അഡ്മിറ്റായിട്ടുണ്ടെന്ന് പെൺകുട്ടി അറിയിച്ചു. അവളുടെ കൈയിൽ ഷരീഫ് ഒരു കുറിപ്പ് കൊടുത്തയച്ചു. പേടിക്കരുത്, ഞാൻ കൂടെയുണ്ട് എന്ന് നല്ല വടിവൊത്ത അക്ഷരങ്ങളിൽ എഴുതിയത് കണ്ടപ്പോഴേ അനന്തലക്ഷ്മിക്ക് മനസിലായി, ഷരീഫ് ഇവിടെയെത്തിയിട്ടുണ്ടെന്ന്.
അനന്തലക്ഷ്മിക്ക് മാത്രമല്ല, അത് അച്ഛും സഹോദരനും മറ്റും മനസ്സിലായി. സമയം കളയാതെ മകൾക്ക് കുറേ മരുന്നുകൾ കുത്തിവച്ച് ബോധം കെടുത്തിപ്പിച്ച് അവിടെ നിന്ന് ഒരു വെള്ള അംബാസഡർ കാറിൽ എങ്ങോട്ടോ കൊണ്ടുപോയി. വളരെ മനോഹരമായ ഒരു സ്ഥലത്തുകൂടി താൻ കാറിൽ സഞ്ചരിക്കുന്നു എന്ന് അവർക്ക് മനസ്സിലായെങ്കിലും തനിക്ക് എന്താണ് സംഭവിക്കുന്നത് വ്യക്തമായതേയില്ല. ഒരു വെളുത്തപാട പോലെ എന്തോ കൺമുന്നിൽ വന്നു നിൽക്കുന്നതായി അനന്തലക്ഷ്മിക്ക് തോന്നി. അവർ ഒടുവിൽ എത്തിയത് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശമായ ദൊഡ്ഡഹള്ളിയിലെ കെആർസി മാനസീക രോഗാശുപത്രിയിലായിരുന്നു. പിന്നീടെപ്പോഴോ ബോധം തിരിച്ചുകിട്ടി. ജീവിതത്തിന്റെ പ്രതീക്ഷ നഷ്ടപ്പെട്ട ഒട്ടേറെ പേരെ അവിടെ കണ്ടു. കാമുകൻ ഉപേക്ഷിച്ചുപോയി പ്രണയം തകർന്ന് മാനസീക നില തെറ്റിപ്പോയ യുവതിയായിട്ടാണ് ബന്ധുക്കൾ തന്നെ ആശുപത്രിയിൽ അവതരിപ്പിച്ചതെന്ന്അനന്തലക്ഷ്മി ഒാർക്കുന്നു. ആശുപത്രിയിൽ 2 മാസം പിന്നിട്ടു. ബോധം നശിപ്പിക്കാൻ വേണ്ടി നിത്യേന പലതരം മരുന്നുകൾ കുത്തിവച്ചുകൊണ്ടിരുന്നതിനാൽ പേശികൾ കൂടിച്ചേരുന്ന തരം അസുഖം ബാധിച്ചു ഒന്നിനും വയ്യാതായി. എന്നിട്ടും ഷരീഫിനെ മറക്കാൻ കൂട്ടാക്കാത്തതിനാൽ ദുർമന്ത്രവാദം വരെ അവർ പരീക്ഷിച്ചു.
∙ബേബിയങ്കിൾ അത്ര ചീപ്പായിരുന്നില്ല
മൂന്ന് മാസം കഴിഞ്ഞു. ഏതോ ഒരു ശക്തിയുടെ ഇടപെടൽ പോലെ രക്ഷകനായി ഒരാളെത്തി. ആശുപത്രി ഉടമയുടെ ബന്ധുവായ ബേബി. അദ്ദേഹമായിരുന്നു ആശുപത്രിയുടെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ചിരുന്നത്. എനിക്ക് ഒന്നുമില്ല, പ്രണയബന്ധത്തിൽ നിന്ന് മാറാൻ വേണ്ടി ബന്ധുക്കൾ ചെയ്യുന്ന പണിയാണിതൊക്കെയെന്ന് മനസിലാക്കിയ അദ്ദേഹം ഷരീഫിനെ വിവരം അറിയിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ ഒരു സഖാവിനോടൊപ്പം ഷരീഫ് പാഞ്ഞെത്തി. അച്ഛന്റെ ശക്തമായ കാവലുണ്ടായിരുന്നതിനാൽ, ഒരാഴ്ചയോളം തൊട്ടടുത്ത് ഒരു വീട്ടിൽ താമസിച്ച് പദ്ധതികളാവിഷ്കരിച്ചു. പിന്നീട്, അച്ഛന്റെ ശ്രദ്ധ തിരിച്ചുവിട്ട്, ബേബി അങ്കിളിന്റെ സഹായത്തോടെ ആറടി പൊക്കമുള്ള ആശുപത്രി കോമ്പൗണ്ടിന് മുകളിലെ മുള്ളുവേലി ചാടിച്ചു. അന്ന് നേരെ ചെന്ന് വീണത് അവിടെ മൂത്രമൊഴിച്ച് നിൽക്കുകയായിരുന്ന മൂന്ന് പേരുടെ മുകളിലായിരുന്നു. അവർ നിലവിളിച്ചോടിയതൊക്കെ ഒരു കോമഡി സിനിമാ രംഗം പോലെ പിന്നീട് ഒാർത്ത് ചിരിക്കാറുണ്ട്. തുടർന്ന് ഷരീഫിന്റെ ഒരു സുഹൃത്ത് ഏർപ്പാടാക്കിയ കർണാടകക്കാരന്റെ സ്കൂട്ടറിന് പിന്നിലിരുത്തി എവിടേയ്ക്കോ പറഞ്ഞയച്ചു. മുന്തിരിത്തോട്ടങ്ങൾക്കും വിഷപ്പാമ്പുകൾക്കുമിടയിലൂടെ പാതിരാത്രിക്ക് ഒരു അപരിചിതന്റെ കൂടെ സ്കൂട്ടറിൽ യാത്ര ചെയ്യേണ്ടി വന്നത് നേരിയ ഭയമുണർത്തിയെങ്കിലും ഷരീഫ് എല്ലാത്തിനും കൂടെയുണ്ടല്ലോ എന്നോർത്തപ്പോൾ ആത്മധൈര്യം തോന്നി. അയാൾ അനന്തലക്ഷ്മിയെ എത്തിച്ചത് ഷരീഫിന്റെ സുഹൃത്തായ അഞ്ജുവിന്റെ വീട്ടിൽ. ഇതിന് തൊട്ടടുത്താണ് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി ശിവരശൻ ഒളിച്ചുതാമസിച്ച വീട്. പിറ്റേദിവസം തന്നെ മൈസൂർ വഴി നാട്ടിലെത്തി.
∙ ഞാനല്ലല്ലോ, മോനല്ലേ വിവാഹം കഴിക്കുന്നത്?
വൈകാതെ വിവാഹം കഴിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. അനന്തലക്ഷ്മിയുടെ വീട്ടുകാരുടെ എതിർപ്പ് ശക്തമായി നിലനിൽക്കുമ്പോൾ, ഷരീഫിന്റെ വീട്ടിൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ, ജമാഅത്ത് പള്ളിക്കമ്മിറ്റി പ്രസിഡന്റായിരുന്ന റിട്ട.പൊലീസുദ്യോഗസ്ഥനായ വാപ്പയ്ക്ക് നേരെ മറ്റു ഭാരവാഹികളുടെയും അംഗങ്ങളുടെയുമെല്ലാം ചോദ്യശരങ്ങളുണ്ടായി. ഞാനല്ലല്ലോ, മകനല്ലേ വിവാഹം കഴിക്കുന്നത്. അതവന്റെ ഇഷ്ടമല്ലേ എന്നായിരുന്നു വാപ്പയുടെ മറുചോദ്യം. എങ്കിൽ മരുമകളെ മതം മാറ്റണം എന്നായി. അതെല്ലാം അവരുടെ ഇഷ്ടം എന്ന നിലപാടെടുക്കുകയും പ്രസിഡന്റ് സ്ഥാനം രാജിവച്ച് ആ ചോദ്യശരങ്ങളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
∙വിവാഹം പിന്നെ പ്രവാസം
2000 ജൂലൈ 29ന് മാന്നാർ സബ് റജിസ്ട്രാർ ഒാഫിസിൽ വച്ച് സെപ്ഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായി. നാട്ടുകാർക്കെല്ലാം പിന്നീട് വിഭസമൃദ്ധമായ ഭക്ഷണം നൽകി. ഇതോടെ പ്രതീക്ഷ കൈവിട്ട കുടുംബം അനന്തലക്ഷ്മിയുടെ ബിഎസ് സി സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചു. മറ്റെല്ലാ സർട്ടിഫിക്കറ്റുകളും കത്തിച്ചുകളയുകയും ചെയ്തു. വേദനകളെല്ലാം മറന്ന് പ്രണയവല്ലരി പൂത്ത നാളുകളായിരുന്നു പിന്നീട്. ഇതോടെ അമ്മയുടെ പിണക്കം മാറിയെങ്കിലും അച്ഛൻ എതിർപ്പു തുടർന്നു. അതേസമയം, തന്റെ വീട്ടിലേക്ക് അനന്തലക്ഷ്മിയെ കൂട്ടിക്കൊണ്ടുപോകാൻ ഷരീഫിന് പേടിയുണ്ടായിരുന്നു. വിവരമറിഞ്ഞപ്പോൾ കോൺഗ്രസുകാരൻ കൂടിയായ വാപ്പ പറഞ്ഞു: നിങ്ങളിങ്ങോട്ട് കേറി വാടാ മക്കളേ, ഇത് നിങ്ങളുടേം വീടല്ലേ.
2002ൽ ആദ്യം ഷരീഫ് യുഎഇയിലെത്തി. മൂന്ന് മാസം കഴിഞ്ഞ് അനന്തലക്ഷ്മിയും. മകൻ ആസാദ് അനന്ത ഷരീഫ് പിറന്നു. ഇതിനിടെ അനന്തലക്ഷിയുടെ അമ്മ വന്നു കുറേ ദിവസം കൂടെ താമസിച്ചു. മകൾ സുരക്ഷിതമായ കൈകളിലാണെന്ന് മനസിലാക്കി സന്തോഷിച്ചു. അമ്മ പിന്നീട് ഇൗ ലോകത്തോട് വിടപറഞ്ഞു. 2015ൽ ഷരീഫിന്റെ ഉമ്മയും കൂടെ വന്നു താമസിച്ചു. അനന്തലക്ഷ്മിയായിരുന്നു അവരുടെ ഏറ്റവും വലിയ കൂട്ട്. പിന്നീട് ഇവിടെ വച്ചു തന്നെ ഉമ്മയും ഇഹലോകവാസം വെടിഞ്ഞു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി അടക്കം ചെയ്തു.
∙ കവിതയും നാടകവും
കടുത്ത യാഥാസ്ഥിതിക കുടുംബത്തിൽ പിറന്ന അനന്തലക്ഷ്മിയെ തനി ഇടതുപക്ഷക്കാരിയാക്കി മാറ്റാൻ ഷരീഫിന്റെ എളിമയാർന്ന വ്യക്തിത്വം കാരണമായി. പുസ്തകവായനയിലും കവിതാ ചൊല്ലലിലുമെല്ലാം എത്തിച്ചതും പ്രിയതമൻ തന്നെ. കവിതചൊല്ലലും നാടകാഭിനയവുമായി അനന്തലക്ഷ്മി ഇന്നും യുഎഇയുടെ തലസ്ഥാന നഗരിയിൽ സജീവമാണ്. വിവിധ മലയാളി സംഘടനകളിലെ നിറസാന്നിധ്യവുമാണ് . നാടകാഭിനയത്തിനും കവിതാ ചൊല്ലലിലും ഒട്ടേറെ സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. മൂത്തമകൻ ആസാദ് അനന്ത ഷരീഫ് മോൾഡോവയിൽ മെഡിസിന് പഠിക്കുന്നു. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം, ഒരു വർഷം മുൻപ് പിറന്ന രണ്ടാമത്തെ മകൻ അബ്രാം അനന്ത ഷരീഫിന്റെ കളിചിരികൾ മുഴുങ്ങുന്ന അബുദാബിയിലെ വീട്ടിൽ ഷരീഫും അനന്തലക്ഷ്മിയും ഒരേ മനസ്സോടെ പ്രണയാതുരരായി ഒാരോ നിമിഷവും ആസ്വദിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക