ന്യൂഡല്‍ഹി: രാജ്യത്ത് ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ക്രിമിനലുകളെപ്പോലെ കാണരുതെന്ന് അടുത്തിടെ ഭാരതരത്നം നല്കപ്പെട്ട അന്തരിച്ച പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും മലയാളിയുമായ എം.എസ്.സ്വാമിനാഥന്റെ മകള്‍ മാധുര സ്വാമിനാഥന് പറഞ്ഞു. ദ ക്വിന്റ് എന്ന സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. വികസനകാര്യ സാമ്പത്തിക ശാസ്ത്രജ്ഞയാണ് മാധുര.
അച്ഛന് സ്വാമിനാഥന് ഭാരതരത്നം നല്കിയതിനോടനുബന്ധിച്ച് ആദരവ് അര്‍പ്പിക്കാന്‍ വേണ്ടി പുസയിലെ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച ചടങ്ങിനു ശേഷം മാധുര ഇങ്ങനെ പറഞ്ഞു: ” പഞ്ചാബിലെ കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എനിക്കു തോന്നുന്നത് അവര്‍ക്കായി ഹര്യാനയില്‍ ജയില്‍ ഒരുങ്ങുന്നുവെന്നും നിരവധി ബാരിക്കേഡുകള്‍ തയ്യാറാകുന്നുവെന്നുമാണ്. അവര്‍ കര്‍ഷകരാണ്, ക്രിമിനലുകളൊന്നുമല്ല.”
കര്‍ഷകരുടെ ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തെത്തുടര്‍ന്ന് 2021 നവംബറില്‍ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് തന്റെ അച്ഛന് നടത്തിയ പ്രസ്താവനയും മാധുര പങ്കുവച്ചു. വിവാദ കരിനിയമങ്ങള്‍ പിന്‍വലിച്ചതില്‍ താന്‍ സന്തുഷ്ടനാണെന്ന് പറഞ്ഞ സ്വാമിനാഥന് ഇതുകൂടി പറഞ്ഞു: നമ്മുടെ കൃഷിയുടെ ഭാവി തീരുമാനിക്കുന്നത് മൂന്നു കാര്യങ്ങളിലാണ്-ഉത്പാദനം, സംഭരണം, വില. ഇതുമൂന്നും ഒരേസമയം ഒരുപോലെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.”