തിരുവനന്തപുരം: എ പി ജെ അബ്ദുല്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയുടെ ടെക്ഫെസ്റ്റും കേരള സാങ്കേതിക കോണ്‍ഗ്രസ്സും (കെറ്റ് കോണ്‍) ഫെബ്രുവരി 16, 17, 18 തീയതികളില്‍ പാലക്കാട് അഹല്യ എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് വിപുലമായ പരിപാടികളോടെ നടക്കും. വിദ്യാര്‍ത്ഥികള്‍ അവരുടെ നൂതന ആശയങ്ങള്‍ പാനലിന് മുന്നില്‍ അവതരിപ്പിക്കുന്ന ‘ഐഡിയത്തണ്’, ശാസ്ത്ര ജ്ഞാനവും സൃഷ്ടിപരമായ കഴിവുകളും നൂതന ആശയത്തില്‍ പ്രയോഗിക്കാനുതകുന്ന ‘പ്രൊജക്റ്റ് എക്സ്പോ’, വിദ്യാര്‍ത്ഥികള്‍ക്ക് കോഡിംഗിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഹാക്കത്തണുകള്‍, ക്വിസ് മത്സരങ്ങള്‍, വിദഗ്ദര്‍ നയിക്കുന്ന ശില്പശാലകള്, എക്സിബിഷന് സ്റ്റാളുകള്‍ എന്നിവയാണ് ടെക്ഫെസ്റ്റിലെ പ്രധാന ആകര്ഷണങ്ങള്.
പ്രൊജക്റ്റ് എക്സ്പോ, ഐഡിയത്തോണ്‍, ഹാക്കത്തോണ്‍ എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്കു യഥാക്രമം 50,000, 30,000, 20,000 രൂപ സമ്മാനമായി ലഭിക്കും. ക്വിസ് മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്നത് 15,000, 10,000, 5,000 രൂപയായിരിക്കും. കെറ്റ് കോണില്‍ ഏറ്റവും മികച്ച മൂന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് യഥാക്രമം 2500, 1500, 1000 രൂപ സമ്മാനമായി ലഭിക്കും. നൂതന സാങ്കേതിക വിഷയങ്ങളില്‍ വിദഗ്ദര്‍ നയിക്കുന്ന പ്രഭാഷണങ്ങള്‍, ബി ടെക്, എം ടെക്, പി എച് ഡി വിദ്യാര്‍ത്ഥികളുടെ ഗവേഷണ പ്രബന്ധാവതരണം എന്നിവ കെറ്റ്ക്കോണിന്റെ ഭാഗമായി നടത്തപ്പെടും. കേരളത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം ഏകദേശം 4500 പേരോളം ടെക്ഫെസ്റ്റില് പങ്കെടുക്കും. വിനോദ പരിപാടികളും ടെക്ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.
ടെക്ഫെസ്റ്റ്, കെറ്റ് കോണ്‍ 2024 ന്റെ ഉദ്ഘാടനം ഫെബ്രുവരി 16 ന് രാവിലെ 9.30ന് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിക്കും. ചടങ്ങില്‍ മലമ്പുഴ എം എല്‍ എ എ. പ്രഭാകരന് അധ്യക്ഷനാകും. വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ജേക്കബ്, പ്രൊഫ. ജി സഞ്ജീവ്, ഡോ. വേണുഗോപാല്‍ ജി, ആഷിക് ഇബ്രാഹിംകുട്ടി, ഡീന്‍ (ഗവേഷണം) ഡോ. ഷാലിജ് പി ആര്, അഹല്യ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഹാദേവന് പിള്ള, സാങ്കേതിക സര്‍വകലാശാല അസിസ്റ്റന്റ് ഡയറക്ടര്‍ (ഗവേഷണം) ഡോ. കെ. ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ടെക്ഫെസ്റ്റിന്റെ മൂന്നാം ദിവസത്തെ പരിപാടികളുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. മുന്‍ എം പിയും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ പി കെ ബിജു മുഖ്യപ്രഭാഷണം നടത്തും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ജേക്കബ്, ഡോ വേണുഗോപാല്‍ ജി, റിസര്‍ച്ച് ഡീന്‍ ഡോ. ഷാലിജ് പി ആര് എന്നിവര്‍ പങ്കെടുക്കും. 2019, 2022 വര്‍ഷങ്ങളിലെ ‘കെ ടി യു റിസര്‍ച്ചര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് ദാനവും ചടങ്ങില്‍വെച്ചു നല്‍കും.
* സാങ്കേതിക സെഷനുകളില്‍ 100-ലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ടെക്ഫെസ്റ്റിനോടനുബന്ധിച്ചു മൂന്ന് പ്രീ ഇവന്റ് വര്‍ക്ക്ഷോപ്പുകള്‍ പാരിപ്പള്ളിയിലെ യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിലും അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലും, എം ഇ എസ് എന്‍ജിനീയറിംഗ് കോളേജിലും വെച്ച് നടത്തി. പരിപാടിയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തെ വിവിധ എന്‍ജിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും വിവിധയിടങ്ങളില്‍ ഔട്ട് റീച്ച് പരിപാടികള്‍ നടത്തിയിട്ടുണ്ട്. ദേശീയ, സംസ്ഥാന തലത്തിലുള്ള ഗവേഷണം, വ്യവസായ, സേവന സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ടെക്ഫെസ്റ്റില് പ്രദര്‍ശിപ്പിക്കും. സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ടെക്ഫെസ്റ് സന്ദര്‍ശിക്കാം.
പരിപാടിയോടനുബന്ധിച്ചു തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നടന്ന പ്രസ് മീറ്റില്‍ ഡീന്‍ (റിസര്‍ച്ച്) ഡോ. ഷാലിജ് പി ആര്, അസിസ്റ്റന്റ് ഡയറക്ടര്‍ (റിസര്‍ച്ച്) ഡോ. കെ ബിജു, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഗോപിന്, ടെക് ഫെസ്റ്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി വിദ്യാര്‍ത്ഥി പ്രതിനിധി അഫിന് ഷാഫി എന്നിവര്‍ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക