ഖത്തർ ദേശീയ കായിക ദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോർടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന് ഖത്തർ കായിക യുവജന മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചു. മന്ത്രാലയത്തിന് കീഴിൽ ഉം അൽ സനീം പാർക്കിലെ ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ ) കായിക ദിനാഘോഷ വേദിയിൽ വെച്ച് ക്യു.എസ്.എഫ്.എ ഇവന്റ്സ് ആന്റ് ആക്റ്റിവിറ്റീസ് ഡയറക്ടർ അബ്ദുല്ല മുഹമ്മദ് അൽ ദോസരി എക്സ്പാറ്റ്സ് സ്പോർട്ടീവ് കമ്യൂണിറ്റി സ്പോർട്ട്സ് മീറ്റ് ജനറൽ കൺവീനർ അഹമ്മദ് ഷാഫിക്ക് അനുമതി പത്രം കൈമാറി.
കമ്യൂണിറ്റി സ്പോർട്ട്സ് മീറ്റ് വൈസ് ചെയർമ്മാർ ആർ ചന്ദ്രമോഹൻ, സ്പോർട്ട്സ് മീറ്റ് കോഡിനേറ്റർമ്മാരായ മുനീഷ് എസി, മജീദ് അലി, ഷാഫി മൂഴിക്കൽ, റഷീദ് അലി തുടങ്ങിയവർ സംബന്ധിച്ചു. ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ പ്രവാസി കായികമേളയായിരിക്കുകയാണ് എക്സ്പാറ്റ്സ് സ്പോർട്ടീവ് കമ്യൂണിറ്റി സ്പോർട്ട്സ് മീറ്റ്.
ഈ മാസം 23ന് യൂണിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആന്റ് ടെക്നോളജി ഗ്രൗണ്ടിലാണ് മീറ്റ് അരങ്ങേറുക. അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിലായി കേരളത്തിലെ എല്ലാ ജില്ലകളെയും പ്രതിനിധീകരിച്ച് ടീമുകൾ പങ്കെടുക്കും.