അബുദാബി ∙ അഹ്ലൻ മോദി ആരവങ്ങളിൽ അലിഞ്ഞ് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ 7 എമിറേറ്റുകളിൽ നിന്നുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാർ അണിനിരന്നപ്പോൾ ഗാലറി അക്ഷരാർഥത്തിൽ ഇന്ത്യയുടെ ചെറുപതിപ്പായി. വന്ദേമാതരവും അഹ്ലൻ മോദി വിളികളും ആർപ്പുവിളികളും ഉയർന്ന സ്റ്റേഡിയം പ്രാർഥനാ സമയങ്ങളിലൊഴികെ ശബ്ദമുഖരിതമായിരുന്നു. പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള തൊപ്പിയും വസ്ത്രവും അണിഞ്ഞും ഇന്ത്യയുടെ ദേശീയ പതാക വീശിയും അഹ്ലൻ മോദി എന്ന് എഴുതിയ ടീഷർട്ട് ധരിച്ചുമാണ് ജനം എത്തിയത്. മോദിയെ നേരിൽ കാണാൻ യുഎഇയിലെ മലയാളികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ വൈകിട്ട് മൂന്നോടെ സ്റ്റേഡിയത്തിലേക്ക് എത്തി. സെക്യൂരിറ്റി ഗേറ്റ് കടന്ന്, അഹ്ലൻ മോദി ഫോട്ടോ ബൂത്തിൽ ക്യൂ നിന്ന് ഫോട്ടോ എടുത്താണ് പലരും അകത്തു കയറിയത്. ഉച്ചയ്ക്ക് 12 മുതൽ ഡി.ജെ മ്യൂസിക്കും ഘോഷയാത്രയും വാദ്യമേളവും ‘വിശ്വമിത്ര’ കലാവിരുന്നും ജനങ്ങളെ ആവേശത്തിലാക്കി. പാട്ടുപാടിയും നൃത്തം വച്ചും കൈവീശിയും കയ്യടിച്ചും മോദിക്ക് ജനം സ്വാഗതമോതി. ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽനിന്ന് ഉൾപ്പെടെ വിവിധ സ്കൂൾ വിദ്യാർഥികൾ യൂണിഫോമിൽ പ്രധാനമന്ത്രിയെ കാണാൻ എത്തി.
വൈകിട്ട് 6.39ന് സ്റ്റേഡിയത്തിനു പുറത്ത് കാറിലെത്തിയ മോദിയെ യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സ്വീകരിച്ചു. ചുവന്ന പരവതാനിയിലൂടെ കൃത്യം 7ന് പ്രധാനമന്ത്രി സ്റ്റേഡിയത്തിൽ പ്രവേശിച്ചതോടെ ജനം എഴുന്നേറ്റുനിന്ന് കയ്യടിച്ചും മൊബൈൽ ഫോണിൽ ലൈറ്റ് തെളിച്ച് വീശിയും വരവേറ്റു. വിശിഷ്ടാതിഥികളും കലാകാരന്മാരും ഗായകരും ചേർന്നു മോദിയെ വേദിയിലേക്ക് ആനയിച്ചു. അഹ്ലൻ മോദി, മോദി മോദി വിളികളോടെ സ്റ്റേഡിയം ഇരമ്പി. ഭാരത് മാതാ കീ ജയ് വിളികളും ഉയർന്നു.
സുരേഷ് ഗോപി എം.പി, ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ ഉൾപ്പെടെ കേരളത്തിൽനിന്നുള്ള പ്രമുഖരും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഏഴാം തവണയും എട്ടു മാസത്തിനിടെ മൂന്നാം തവണയുമാണ് മോദി യുഎഇയിൽ എത്തുന്നത്.
ചെണ്ടയിലും വയലിനിലും കൊട്ടിക്കയറി വാദ്യ വിസ്മയം
ചെണ്ടയിലും വയലിനിലും വിസ്മയം തീർത്ത് ജനഹൃദയങ്ങളിലേക്കു കൊട്ടിക്കയറി അസുര അബുദാബി മ്യൂസിക് ബാൻഡ്. അഹ്ലൻ മോദി പരിപാടിയിൽ വൈകിട്ട് 4 മുതൽ അരമണിക്കൂറാണ് വാദ്യമേളക്കാർ അരങ്ങ് ഉഷാറാക്കിയത്. ‘ശിങ്കാരി മ്യൂസിക്കൽ ഫ്യൂഷൻ’ ആണ് അസുര ബാൻഡ് അവതരിപ്പിച്ചത്. തുടർന്ന് യുഎഇയിലെ വിവിധ വാദ്യസംഘങ്ങൾ ഇടതടവില്ലാതെ അര മണിക്കൂർ സ്റ്റേഡിയത്തെ ആവേശക്കൊടുമുടിയിൽ എത്തിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക