അബുദാബി ∙ നരേന്ദ്രമോദിയെ വരവേൽക്കാൻ പ്രവാസികൾ അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഒരുക്കിയത് ‘വിശ്വമിത്ര’ (ലോകത്തിന്റെ സുഹൃത്ത്) എന്ന പ്രമേയത്തിലുള്ള കലാവിരുന്ന്. ഇന്ത്യ–യുഎഇ ബന്ധത്തിന്റെ ചരടുകൾ കോർത്തിണക്കി പ്രത്യേകം അവതരിപ്പിച്ച കലാപ്രകടനങ്ങളിൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള എണ്ണൂറിലേറെ കലാകാരന്മാർ അണിനിരന്നപ്പോൾ അത്യപൂർവ ദൃശ്യവിരുന്നിനാണ് കാണികൾ സാക്ഷികളായത്.
യുഎഇയിൽ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമത്തിൽ രാജ്യാന്തര നിലവാരമുള്ള കലാപ്രകടനമാണ് അരങ്ങേറിയത്. യുഎഇയുടെയും ഇന്ത്യയുടെയും പതാക വഹിച്ച് രണ്ടു കുട്ടികൾ സ്റ്റേഡിയത്തെ വലംവച്ച് പ്രധാന വേദിയിലെത്തി കാണികൾക്കു നേരെ വീശിയതോടെ ജനം ആർപ്പുവിളിച്ചു. തുടർന്നാണ് കലാപരിപാടികൾ അരങ്ങേറിയത്.
2015ൽ ദുബായിൽ നടത്തിയ പൗരസ്വീകരണത്തിൽ കലാവിരുന്നിന് നേതൃത്വം നൽകിയ ശിൽപ നായരാണ് ഇത്തവണയും കലാപരിപാടിക്കു ചുക്കാൻപിടിച്ചത്. വന്ദേമാതരവും അഹ്‍ലൻ മോദിയും പാടിപ്പുകഴ്ത്തിയ ഗാനത്തിൽ മലയാളത്തിൽ ‘സ്വാഗതം മോദി’ എന്ന് സ്റ്റേഡിയത്തിൽ മുഴങ്ങിയപ്പോൾ മലയാളികൾ ഹർഷാരവം മുഴക്കി.
പാട്ടും പാടി സ്വീകരിച്ച് മലയാളി പെൺകുട്ടി
യുഎഇ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാട്ടും പാടി സ്വീകരിച്ചു മലയാളി പെൺകുട്ടി. കണ്ണൂർ എളയാവൂർ സ്വദേശി സുചേത സതീഷാണ് ഹോട്ടൽ സെന്റ റെജിസിൽ പ്രധാനമന്ത്രിയ പാട്ടു പാടി വരവേറ്റത്.
140 ഭാഷകളിൽ പാട്ടുപാടി ലോക റെക്കോർഡ് സ്ഥാപിച്ച സുചേത ആസാമിസ്, ഗുജറാത്തി, ലഡാക്കി, തമിഴ്, ഹിന്ദി ഭാഷകളിൽ പാടിയാണ് നരേന്ദ്ര മോദിയെ സ്വീകരിച്ചത്. ലഭിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അവസരമാണെന്ന് സുചേതയുടെ പിതാവ് ഡോ. സതീഷും മാതാവ് സുമിതയും പ്രതികരിച്ചു. ദുബായ് മിഡിൽസെക്സ് യൂണിവേഴ്സിറ്റിയിൽ ജേണലിസം വിദ്യാർഥിയാണ് സുചേത.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക