അജ്മാന്: സോമാലിയയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട യു.എ.ഇ സായുധ സേനാംഗത്തിന് അനുശോചനം അറിയിക്കാന്‍ നേരിട്ടെത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്. സോമാലിയൻ സായുധ സേനയെ പരിശീലിപ്പിക്കുന്നതിനിടെയുണ്ടായ ഭീകരാക്രമണത്തിലാണ് അജ്മാൻ സ്വദേശിയായ ഖലീഫ അൽ ബലൂഷി രക്തസാക്ഷിയാകുന്നത്.
അജ്മാനിലെ അനുശോചന മജ്ലിസ് സന്ദർശനത്തിനിടെയാണ് യു.എ.ഇ പ്രസിഡന്റ് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചത്. രക്തസാക്ഷിയായ ഖലീഫ അൽ ബലൂഷിയുടെ മയ്യിത്ത് നമസ്കാരത്തില്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി, അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. അൽ ബലൂഷിയുടെ മൃതദേഹം അജ്മാൻ അൽ ജർഫിലെ ഖബർസ്ഥാനിലാണ് ഖബറടക്കിയത്.
അൽ ബലൂഷിയുടെ കുടുംബത്തോടുള്ള തന്റെ അഗാധമായ അനുശോചനവും ശൈഖ് മുഹമ്മദ് അറിയിച്ചു. സർവശക്തനായ ദൈവം തന്റെ അതിരുകളില്ലാത്ത കരുണയും ക്ഷമയും നൽകി അവന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ക്ഷമയും ആശ്വാസവും പ്രദാനം ചെയ്യട്ടെ എന്ന് അദ്ദേഹം പ്രാർഥിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക