ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ നോക്കൗട്ട് ആദ്യ പാദത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഡച്ച് ക്ലബ് എഫ്.സി കോപൻഹേഗനെ എവേ മത്സരത്തിൽ വീഴ്ത്തിയത് 3-1ന്. സിറ്റിക്കായി ബെൽജിയം സൂപ്പർതാരം കെവിൻ ഡിബ്രൂയ്ൻ ഒരു ഗോൾ നേടുകയും രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പോർചുഗീസ് താരം ബെർണാഡോ സിൽവ, ഇംഗ്ലീഷുകാരൻ ഫിൽ ഫോഡൻ എന്നിവരും സിറ്റിക്കായി വലകുലുക്കി. മാഗ്നസ് മാറ്റ്സണിന്റെ വകയായിരുന്നു കോപൻഹേഗിന്റെ ആശ്വാസ ഗോൾ.
10ാം മിനിറ്റിൽ ഡിബ്രൂയ്നിന്റെ ഗോളിലൂടെ സിറ്റിയാണ് മത്സരത്തിൽ ലീഡെടുത്തത്. മൈതാനത്തിന്റെ വലതു പാർശ്വത്തിൽനിന്ന് ഫിൽ ഫോഡൻ നൽകിയ പന്താണ് താരം നിലംപറ്റെയുള്ള ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ചത്. 34ാം മിനിറ്റിൽ മാറ്റ്സണിന്റെ ഗോളിലൂടെ അതിഥേയർ ഒപ്പമെത്തി.
സിറ്റി ഗോളി എഡേഴ്സന്റെ ക്ലിയറൻസിലെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. ഇടവേളക്കു പിരിയുന്നതിനു തൊട്ടുമുമ്പായി സിൽവയിലൂടെ സിറ്റി വീണ്ടും മുന്നിലെത്തി. ഡിബ്രൂയ്നിന്റെ ഡിഫ്ലക്റ്റഡ് പന്ത് നേരെ സിൽവയുടെ കാലിൽ. താരത്തിന്റെ ഷോട്ട് ഗോളിയെയും കീഴ്പ്പെടുത്തി വലയിൽ. ഇതിനിടെ സൂപ്പർതാരം ഹെർലിങ് ഹാലൻഡിനും ഡിബ്രൂയ്നും ലീഡുയർത്താനുള്ള അസവരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലായിരുന്നു ഫോഡൻ ടീമിന്റെ മൂന്നാം ഗോൾ നേടുന്നത്.
ഡിബ്രൂയ്നും ഫോഡനും നടത്തിയ ഒന്നാംതരം നീക്കമാണ് ഗോളിലെത്തിയത്. ഡച്ച് ക്ലബിന്റെ മുൻ ലിവർപൂൾ ഗോൾകീപ്പർ കാമിൽ ഗ്രബാറയുടെ മികച്ച സേവുകളാണ് സിറ്റിയെ മൂന്നു ഗോളിലൊതുക്കിയത്. രണ്ടാം പകുതിയിൽ റൂബൻ ഡയസിന്റെയും ജെറെമി ഡോകുവിന്റെയും ഗോളെന്ന് ഉറപ്പിച്ച ഷോട്ടുകളാണ് താരം വിഫലമാക്കിയത്. മാർച്ച് ആറിന് സിറ്റിയുടെ മൈതാനത്താണ് രണ്ടാംപാദം.
Read more:
- റസലിന്റെ മികവിൽ വെസ്റ്റിൻഡീസിന് ആശ്വാസ ജയം
- ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിച്ചു
- നെയ്മർ തിരിച്ചെത്തി: കാൽമുട്ട് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു താരം
- ഐ.പി.എല്ലിൽ മിച്ചൽ സ്റ്റാർക്കിന് റെക്കോഡ് വിലയിട്ടതിനെ വിമർശിച്ച് ഗവാസ്കർ
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക