മുംബൈ: ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായാണ് ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് കളിക്കാനെത്തുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ) 24.75 കോടി രൂപക്കാണ് താരത്തെ കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ സ്വന്തമാക്കിയത്. ഐ.പി.എൽ പടിവാതിൽക്കൽ എത്തിനിൽക്കെ, മിച്ചൽ സ്റ്റാർക്കിന് റെക്കോഡ് വിലയിട്ടതിനെ വിമർശിച്ച് രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സൂപ്പർതാരം സുനിൽ ഗവാസ്കർ. ആരും ഇത്രയധികം പണം അർഹിക്കുന്നില്ല എന്നാണ് താരത്തിന്റെ വാദം.
അഞ്ചു വർഷമായി ഐ.പി.എല്ലിൽനിന്ന് വിട്ടുനിൽക്കുന്ന സ്റ്റാർക്കിന് ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് തുണയായത്. ഗുജറാത്ത് ടൈറ്റൻസും താരത്തിനായി അവസാനം വരെ രംഗത്തുണ്ടായിരുന്നു. ഒടുവിൽ പിന്മാറി.
‘തുറന്നുപറയുകയാണെങ്കിൽ, ഇത്രയും വലിയ തുക ആരും അർഹിക്കുന്നില്ല. സ്റ്റാർക്ക് മത്സരത്തിൽ സ്വാധീനം ചെലുത്തുകയും കളിക്കുന്ന 14 മത്സരങ്ങളിൽ നാലെണ്ണം ജയിപ്പിക്കുകയും ചെയ്താൽ, നിങ്ങൾക്ക് പണം മുതലായെന്ന് പറയാം. മറ്റ് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാൽ അതി ഗംഭീരം’ -ഗവാസ്കർ പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സ് (സി.എസ്.കെ), മുംബൈ ഇന്ത്യൻസ് (എം.ഐ), റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ.സി.ബി) എന്നീ ശക്തരായ ടീമുകൾക്കെതിരെ സ്റ്റാർക്ക് മാച്ച് വിന്നിങ് പ്രകടനം പുറത്തെടുക്കണമെന്നും ക്രിക്കറ്റ് ഇതിഹാസം കൂട്ടിച്ചേർത്തു.
2014, 2015 സീസണുകളിൽ റോയൽ ചലഞ്ചേഴ്സിനുവേണ്ടിയാണ് സ്റ്റാർക്ക് അവസാനമായി ഐ.പി.എൽ കളിച്ചത്. 2018ൽ 9.40 കോടിക്ക് കൊൽക്കത്ത താരത്തെ സ്വന്തമാക്കിയെങ്കിലും പരിക്കുമൂലം കളിക്കാനായില്ല. സഹതാരവും ഓസീസ് നായകനുമായ പാറ്റ് കമ്മിൻസിനെ 20.5 കോടി രൂപക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെടുത്തത്.
Read more:
- റസലിന്റെ മികവിൽ വെസ്റ്റിൻഡീസിന് ആശ്വാസ ജയം
- ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിച്ചു
- നെയ്മർ തിരിച്ചെത്തി: കാൽമുട്ട് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു താരം
- ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക