പെർത്ത്: ആന്ദ്രേ റസലിന്റെ മികവിൽ ആസ്ത്രേലിയക്കെതിരായ ട്വന്റി 20യിൽ വെസ്റ്റിൻഡീസിന് 37 റൺസ് ആശ്വാസ ജയം. പെർത്തിൽ നടന്ന മൂന്നാം ട്വന്റി 20യിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. മറുപടി ബാറ്റിങിൽ ഓസീസ് പോരാട്ടം 183-5 എന്ന നിലയിൽ അവസാനിച്ചു. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഓസീസ് നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
ഏകദിന പരമ്പര 3-0ത്തിന് അടിയറവെച്ച വെസ്റ്റിൻഡീസ് ട്വന്റി 20യിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ആശ്വാസ ജയം തേടിയിറങ്ങിയ അവരുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപണർമാരായ ജോൺസൻ ചാൾസ് (4), കെയ്ൽ മയേഴ്സ് (11), വൺഡൗണായെത്തിയ നിക്കൊളാസ് പൂരൻ (1) എന്നിവർ വേഗത്തിൽ മടങ്ങിയപ്പോൾ റോസ്റ്റൻ ചേസും ക്യാപ്റ്റൻ റോവ്മാൻ പവലും ചേർന്ന് നാലാം വിക്കറ്റിൽ 30 പന്തിൽ 55 റൺസ് ചേർത്തു. ഇരുവരും അടുത്തടുത്ത് പുറത്തായ ശേഷം ഒന്നിച്ച ഷെർഫെയ്ൻ റുതർഫോഡും ആന്ദ്രെ റസ്സലും ചേർന്ന് ഓസീസ് ബൗളർമാരെ അടിച്ചുപരത്തുകയായിരുന്നു.
റുതർഫോഡ് 40 പന്തിൽ അഞ്ച് വീതം സിക്സും ഫോറുമടക്കം പുറത്താകാതെ 67 റൺസടിച്ചപ്പോൾ റസ്സൽ വെറും 29 പന്തിൽ 71 റൺസ് അടിച്ചെടുത്തു. ഏഴ് സിക്സും നാല് ഫോറുമടങ്ങിയതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ആസ്ട്രേലിയക്കായി സേവിയർ ബാർട്ട്ലറ്റ് രണ്ട് വിക്കറ്റ് നേടിയപ്പോൾ ജേസൻ ബെഹ്റൻഡോർഫ്, സ്പെൻസർ ജോൺസൻ, ആരോൺ ഹാർഡി, ആദം സാംബ എന്നിവർ ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയക്കായി ഓപണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും ചേർന്ന് ആശിച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 6.3 ഓവറിൽ 68 റൺസ് ചേർത്താണ് പിരിഞ്ഞത്. 13 പന്തിൽ 17 റൺസെടുത്ത മിച്ചൽ മാർഷിനെ അകീൽ ഹൊസൈന്റെ പന്തിൽ ജേസൻ ഹോൾഡർ പിടികൂടുകയായിരുന്നു. എന്നാൽ, ഒരു വശത്ത് വാർണർ നിലയുറപ്പിച്ചത് ഓസീസിന് പ്രതീക്ഷ നൽകി. അതിനിടെ, 16 റൺസെടുത്ത ആരോൺ ഹാർഡിക്ക് പിന്നാലെ 49 പന്തിൽ 81 റൺസെടുത്ത വാർണറും ഒരു റൺസെടുത്ത ജോഷ് ഇംഗ്ലിസും മടങ്ങിയത് തിരിച്ചടിയായി.
കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയ െഗ്ലൻ മാക്സ്വെല്ലിലായിരുന്നു അടുത്ത പ്രതീക്ഷ. എന്നാൽ 14 പന്തിൽ 12 റൺസുമായി മാക്സ്വെല്ലും മടങ്ങിയതോടെ ആസ്ട്രേലിയ ബാക്ക്ഫൂട്ടിലായി. അവസാന ഓവറുകളിൽ ടിം ഡേവിഡ് ആഞ്ഞടിച്ചെങ്കിലും വിജയം എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു. ഡേവിഡ് 19 പന്തിൽ 41 റൺസുമായും മാത്യു വേഡ് ഏഴ് പന്തിൽ അത്രയും റൺസുമായും പുറത്താകാതെനിന്നു. വെസ്റ്റിൻഡീസിന് വേണ്ടി റൊമാരിയോ ഷെപേർഡ്, റോസ്റ്റൻ ചേസ് എന്നിവർ രണ്ട് വീതവും അകീൽ ഹൊസൈൻ ഒന്നും വിക്കറ്റ് വീഴ്ത്തി.
Read more:
- നെയ്മർ തിരിച്ചെത്തി: കാൽമുട്ട് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്നു താരം
- ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സസ്പെൻഷൻ പിൻവലിച്ചു
- ബിലാവൽ ഭൂട്ടോ പിന്മാറി; നവാസ് ശരീഫ് പാക് പ്രധാനമന്ത്രിയാകും
- ഗസ്സയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നുവെന്ന് ജോ ബൈഡൻ
- ഗസ്സയിലെ കൂട്ടക്കുരുതിക്കായി ഡ്രോണുകൾ നൽകി അദാനി കമ്പനി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക