അബുദാബി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുസ്വാഗതമാശംസിച്ച് പ്രവാസികൾ ഒരുക്കുന്ന സ്വീകരണ പരിപാടി അഹ്ലൻ മോദി(മോദിക്ക് സുസ്വാഗതം)യിൽ പങ്കെടുക്കാൻ അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലേക്ക് ജനപ്രവാഹം. നേരത്തെ റജിസ്റ്റർ ചെയ്ത 35,000 പേർക്കാണ് പ്രവേശനം. വൈകിട്ട് അഞ്ചിനാണ് മോദി വേദിയിലെത്തുക. ആളുകൾ ഉച്ചയോടെ തന്നെ സ്റ്റേഡിയത്തിലെത്തിക്കൊണ്ടിരുന്നു. ഇവിടേയ്ക്കുള്ള റോഡുകളിലെല്ലാം നീണ്ട വാഹനിരകൾ പ്രത്യക്ഷപ്പെട്ടു. 2000 സന്നദ്ധ പ്രവർത്തകരാണ് കർമനിരതായിട്ടുള്ളത്.
ഇതിനകം സ്റ്റേജ് പരിപാടികളുടെ അവസാനഘട്ട റിഹേഴ്സലും നടന്നു. പ്രധാന സ്റ്റേജിൽ ഉച്ചയ്ക്ക് 3.30 മുതൽ കലാപരിപാടികൾ ആരംഭിച്ചു. മോദി വേദിയിലെത്തുന്നതുവരെ വിവിധ കലാപരിപാടികൾ തുടരും. ഇതിനായി മലയാളി നർത്തകരുൾപ്പെടെ കഴിഞ്ഞ ദിവസമായി റിഹേഴ്സൽ നടത്തിവരികയായിരുന്നു. നൂറുകണക്കിന് കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികൾ, സ്റ്റേഡിയത്തിനുള്ളിൽ ഘോഷയാത്ര, സംഘഗാനം, നൃത്ത പ്രകടനങ്ങൾ തുടങ്ങിയവ അരങ്ങേറും.
∙ഇന്ത്യൻ പ്രവാസികളുടെ പങ്ക് വലുത്:മോദി
‘‘ഇന്ത്യയെ ലോക രാജ്യങ്ങളുമായി കൂട്ടിയിണക്കുന്നതിന് പ്രവാസികൾ വഹിക്കുന്ന പങ്ക് വലുതാണെന്നും ആ ശ്രമങ്ങളിൽ അഭിമാനിക്കുന്നുവെന്നും അബുദാബിയിലേക്ക് പുറപ്പെടും മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.സന്ദർശന വേളയിൽ അദ്ദേഹം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.
ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം, ലോക സർക്കാർ ഉച്ചക്കോടി എന്നിവയ്ക്ക് വേണ്ടിയാണ് മോദി യുഎഇയിൽ എത്തിയിരിക്കുന്നത്. തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും വികസിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക