ദുബായ് ∙ യുദ്ധം, അക്രമം, സംഘർഷം എന്നിവയ്ക്കായി ആഗോള തലത്തിൽ ഒരു വർഷം ചെലവാക്കുന്നത് 17 ട്രില്യൻ ഡോളറാണെന്നും ഇതിന്റെ 6% ഉപയോഗിച്ചാൽ മനുഷ്യരാശി നേരിടുന്ന നിർണായക വെല്ലുവിളികളെ മറികടക്കാമെന്നും യുഎഇ കാബിനറ്റ് കാര്യ മന്ത്രിയും ഉച്ചകോടി ചെയർമാനുമായ മുഹമ്മദ് അൽഗർഗാവി. ലോക സർക്കാർ ഉച്ചകോടിയിൽ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, ആരോഗ്യം, പട്ടിണി നിർമാർജനം എന്നിവയ്ക്കു ഊന്നൽ നൽകിയാൽ ലോകത്തിന് വൻനേട്ടങ്ങൾ സ്വന്തമാക്കാം. ആഗോള വളർച്ചയുടെ 50 ശതമാനവും ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും വരുന്നത് എങ്ങനെയെന്നു വിശദീകരിച്ച ഗർഗാവി 2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സൂപ്പർ പവറാകുമെന്നും കൂട്ടിച്ചേർത്തു. നിർമിത ബുദ്ധിയുടെയും ചാറ്റ്ജിപിടിയുടെയും വിപ്ലവത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സാങ്കേതിക വിദ്യയുടെ ദുരുപയോഗമാണ് ലോകം നേരിടുന്ന വലിയ വെല്ലുവിളിയെന്നും പറഞ്ഞു. ആഗോള വെല്ലുവിളികൾ നേരിടുന്നതിനും ഭാവി സർക്കാരുകൾ രൂപപ്പെടുത്തുന്നതിനും ലോക രാജ്യങ്ങൾ ഒന്നിക്കണമെന്ന ആഹ്വാനത്തോടെ ലോക സർക്കാർ ഉച്ചകോടിക്ക് ദുബായിൽ തുടക്കം. ജനങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിൽ സഹകരണം വേണമെന്നും ഉച്ചകോടി വ്യക്തമാക്കി. ഇരുപത്തഞ്ചിലേറെ ലോക നേതാക്കളും 140 സർക്കാർ പ്രതിനിധികളും 85 രാജ്യാന്തര സംഘടനാ ഭാരവാഹികളും ഉൾപ്പെടെ പങ്കെടുക്കുന്ന സമ്മേളനത്തിൽ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയാകും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക