തിരുവനന്തപുരം: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെഎസ് ഡബ്ള്യുഎംപി) പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ലോകബാങ്കിന്റെ സാമൂഹിക, കമ്മ്യൂണിക്കേഷന്‍ വിഭാഗം മലബാര്‍ മേഖലയിലെ വിവിധ ഖരമാലിന്യ സംസ്കരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.
ലോകബാങ്ക് സാമൂഹിക വികസന വിഭാഗം സ്പെഷ്യലിസ്റ്റ് മൃദുല സിങ്, കമ്മ്യൂണിക്കേഷന്‍സ് വിഭാഗം സീനിയര്‍ സ്പെഷ്യലിസ്റ്റ് സോന താക്കൂര്‍ എന്നിവരുള്‍പ്പെട്ട സംഘം വയനാട്, കണ്ണൂര്‍ ജില്ലകളിലെ കേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്.
ലോക ബാങ്കിന്റേയും ഏഷ്യ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റേയും സഹായത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ഖരമാലിന്യ പരിപാലന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നിര്‍വഹണത്തിനായി മികച്ച നിര്‍ദ്ദേശങ്ങള്‍ ലഭിക്കാന്‍ സംഘത്തിന്റെ നേരിട്ടുള്ള പരിശോധന സഹായകമായി.
ലോകബാങ്കിന്റെ പരിസ്ഥിതി വിഭാഗം കഴിഞ്ഞ മാസം സംസ്ഥാനത്തെ നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഫെബ്രുവരി അഞ്ച് മുതല്‍ ഏഴു വരെ നടന്ന ഖരമാലിന്യ സംസ്കരണ കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബാങ്ക് പ്രതിനിധികള്‍ നഗരസഭാ ഭരണ ഉദ്യോഗസ്ഥ നേതൃത്വവുമായും ചര്‍ച്ച നടത്തി.
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കെഎസ് ഡബ്ള്യുഎംപി പദ്ധതി പ്രകാരം സ്ഥാപിച്ച സാനിറ്ററി ഇന്‍സിനറേറ്റര്‍, കരുവള്ളിക്കുന്ന്, കല്പറ്റയിലെ വെള്ളാരംകുന്ന് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖരമാലിന്യ സംസ്കരണ കേന്ദ്രം, പൈതൃക മാലിന്യ കേന്ദ്രം എന്നിവ സംഘം സന്ദര്‍ശിച്ചു.
കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ കടമ്പേരി, തളിപ്പറമ്പ് നഗരസഭയിലെ ബദരിയ നഗര്‍ എന്നിവിടങ്ങളിലെ മാലിന്യ സംസ്കരണ കേന്ദ്രം, കണ്ണൂര്‍ കോര്‍പറേഷന്റെ ചേലോറയിലെ പൈതൃക മാലിന്യ കേന്ദ്രം, കൂത്തുപറമ്പ് നഗരസഭയിലെ പാലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഖര മാലിന്യ സംസ്കരണ കേന്ദ്രം, പൈതൃക മാലിന്യ കേന്ദ്രം എന്നിവിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.
ടി.കെ.രമേശ് (സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്മാന്), അഡ്വ.എ.പി.മുസ്തഫ (ആരോഗ്യ സ്ഥിരം സമിതി ചെയര്മാന്, കല്പറ്റ നഗരസഭ), പി.മുകുന്ദന് (ആന്തൂര്‍ നഗരസഭ ചെയര്മാന്), മുര്‍ഷിദ കൊങ്ങായി (തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍), വി.സുജാത ടീച്ചര്‍ (കൂത്തുപറമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍) തുടങ്ങിയവരും സംസ്ഥാന തല പദ്ധതി നിര്‍വഹണ മാനേജ്മെന്റ് യൂണിറ്റിലെ പി.വിജീഷ്, അമിത് രമണന്, വിവിധ തലങ്ങളിലെ എസ്.ഡബ്ള്യു.എം എന്‍ജിനീയര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവരുമായും സംഘം ആശയവിനിമയം നടത്തി.
വിവിധ പദ്ധതി പ്രദേശങ്ങളിലെ നേരിട്ടുള്ള സന്ദര്‍ശനത്തിന് ശേഷം കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ പ്രൊജക്റ്റ് ഡയറക്റ്റര്‍ ഡോ.ദിവ്യ.എസ്.അയ്യരുമായും സംസ്ഥാനതല പ്രൊജക്റ്റ് മാനേജുമെന്റ് യൂണിറ്റിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായും സംഘം ആശയവിനിമയം നടത്തി.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ സമകാലീന ഫോക്കസുകളില്‍ അതിപ്രധാനമായ ഒന്നാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയ്ന്. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ മലിന മുക്തമായ ഒരു നവകേരളത്തെ സൃഷ്ടിക്കുകയെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.