ഒരിക്കലും അവസാനിക്കാത്ത ദുരിതം അനുഭവിക്കുന്നവർക്ക് പ്രയാസങ്ങളില്ലാതെ മരണം സ്വീകരിക്കാമെന്ന നിയമം പല രാജ്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. നെതർലൻഡ്സ് പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാന്‍ ആഗ്റ്റ്, ഭാര്യ യുജെനി വാൻ ആഗ്റ്റിനൊപ്പം 93–ാം വയസ്സിൽ ദയാവധത്തിനു വിധേയനായി.
1977 മുതൽ 1982 വരെ അഞ്ചു വർഷം നെതർലൻഡ്സിലെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാനമന്ത്രിയായിരുന്നു ഡ്രൈസ് വാൻ. ഇരുവരും കൈകോർത്തു പിടിച്ചാണു മരണം വരിച്ചതെന്നു ദയാവധം നടപ്പാക്കിയ മനുഷ്യാവകാശ സംഘടന ദ റൈറ്റ്സ് ഫോറം അറിയിച്ചു. ഫെബ്രുവരി അഞ്ചിനാണു ദയാവധം നടപ്പാക്കിയതെന്നാണു പുറത്തുവരുന്ന വിവരം. കിഴക്കന്‍നഗരമായ നിജ്മെഗനില്‍ ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും സംസ്കാരം നടത്തിയെന്നും സംഘടന വ്യക്തമാക്കി.
ക്രിസ്ത്യൻ ഡെമോക്രാറ്റ് പ്രധാനമന്ത്രിയായിരുന്നെങ്കിലും പുരോഗമനവാദിയായി ആണ് ഡ്രൈസ് വാന്‍ ആഗ്റ്റ് അറിയപ്പെട്ടത്. പതുക്കെ രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കിയ വാൻ ഒരു മനുഷ്യാവകാശ സംഘടനയ്ക്കും നേതൃത്വം നല്‍കിയിരുന്നു. ഡ്രൈസ് വാനിന്റെ പാലസ്തീന്‍ അനുകൂല നിലപാടുകളാണ് ഡച്ച് രാഷ്ട്രീയത്തില്‍ നിന്നും അകറ്റിയത്. അകലം കൂടിയതോടെ 2017 ആയപ്പോഴേക്കും അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറി. 2019ൽ ഒരു പ്രസംഗത്തിനിടെ വാനിന് മസ്തിഷ്ക രക്തസ്രാവമുണ്ടാവുകയും അതിൽ നിന്നും മോചനം നേടാൻ കഴിയാതെവരികയും ചെയ്തു.
നെതര്‍ലാന്‍ഡ്സില്‍ 2002 മുതലാണ് ദയാവധം നിയമാനുശ്രുതമാക്കിയത്. ദയാമരണം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യമാണ് നെതർലൻഡ്സ്. അസഹനീയമായ യാതന, അസുഖം ഭേദമാകുന്നതിന് ഒരുതരത്തിലുമുള്ള സാധ്യതയും ഇല്ലാതിരിക്കൽ തുടങ്ങിയ സാഹചര്യങ്ങളിലുള്ളവര്‍ക്ക് ദയാവധം തെരഞ്ഞെടുക്കാം. 2002 ൽ തന്നെ ബൽജിയവും ദയാവധം അംഗീകരിച്ചു. ലക്സംബർഗ്, സ്വിറ്റ്സർലൻഡ്, കൊളംബിയ, കാനഡ, ന്യൂസീലൻഡ്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും ദയാവധം നിയമപരമായി അനുവദിച്ചിട്ടുണ്ട്.
അവസാനകാലങ്ങളിൽ ഡ്രൈസ് വാനും ഭാര്യയും അവശതയിലായിരുന്നു. 93–ാം വയസ്സിലും വേർപിരിയാൻകഴിയാത്തവിധം പ്രണയിച്ചുകൊണ്ടിരുന്ന ദമ്പതികളെ അടക്കിയതും ഒരേ കുഴിമാടത്തിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം