മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇന്ത്യയുടെ പ്രായം കൂടിയ ടെസ്റ്റ് താരവുമായിരുന്ന ദത്താജിറാവു ഗെയ്ക്‍വാദ് അന്തരിച്ചു

ബറോഡ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും ഇന്ത്യയുടെ പ്രായം കൂടിയ ടെസ്റ്റ് താരവുമായിരുന്ന ദത്താജിറാവു ഗെയ്ക്‍വാദ് (95) അന്തരിച്ചു. പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളാൽ ബറോഡയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. മുൻ ഇന്ത്യൻ താരവും കോച്ചുമായിരുന്ന അൻഷുമൻ ഗെയ്ക്‍വാദിന്റെ പിതാവ് കൂടിയാണ്.

ഇന്ത്യക്കായി 1952ൽ ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയ ദത്താജിറാവു 1961ൽ ചെന്നൈയിൽ പാകിസ്താനെതിരെയാണ് അവസാന മത്സരം കളിച്ചത്. 11 ടെസ്റ്റ് മത്സരങ്ങളിൽ രാജ്യത്തിനായി ഇറങ്ങിയ അദ്ദേഹം 1959ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ നായകനുമായി. വലങ്കയ്യന്‍ ബാറ്ററായിരുന്നു അദ്ദേഹം 18.42 ശരാശരിയില്‍ ഒരു അർധ സെഞ്ച്വറി ഉൾപ്പെടെ 350 റണ്‍സാണ് നേടിയത്.

Read more…

   

രഞ്ജി ട്രോഫിയിൽ ബറോഡക്കായി 1947 മുതൽ 1961 വരെ കളത്തിലിറങ്ങിയ ഗെയ്ക്‍വാദ് 47.56 ശരാശരിയിൽ 3139 റൺസാണ് അടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 25 വിക്കറ്റും വീഴ്ത്തി. 2016ൽ ദീപക് ഷോധൻ മരിച്ചതോടെയാണ് ദത്താജിറാവു ഗെയ്ക്‍വാദ് 87ാം വയസ്സിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായത്.