കിഫ്ബിയുമായി ബന്ധപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടും ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റും പ്രത്യേകം പ്രത്യേകമായി തയ്യാറാക്കി കാലതാമസം കൂടാതെ തന്നെ നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ റൂളിംഗ്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉന്നയിച്ച ക്രമപ്രശ്‌നത്തിന് മറുപടിയായാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയത്. 2024-25 വര്‍ഷത്തെ ബജറ്റിനോടൊപ്പം സഭയില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ സമര്‍പ്പിക്കാത്തതു സംബന്ധിച്ചും ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാവാത്തതു സംബന്ധിച്ചും പ്രതിപക്ഷ നേതാവ് സഭയില്‍ ക്രമപ്രശ്‌നം ഉന്നയിച്ചിരുന്നു. 2016ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ (ഭേദഗതി) നിയമത്തിലെ വകുപ്പ് 3(8) പ്രകാരം സഭയില്‍ സമര്‍പ്പിക്കേണ്ട കിഫ്ബിയുടെ ധനാഗമ മാര്‍ഗ്ഗങ്ങളും വിനിയോഗവും സംബന്ധിച്ച സ്റ്റേറ്റ്‌മെന്റും ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷന്റെ സര്‍ട്ടിഫിക്കറ്റും (ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റ്) ഫെബ്രുവരി 5-ാം തീയതി സഭയില്‍ അവതരിപ്പിച്ച 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിനോടൊപ്പം ധനകാര്യവകുപ്പുമന്ത്രി സഭയില്‍ സമര്‍പ്പിക്കാത്തത് ഈ നിയമത്തിന്റെ ലംഘനമാണെന്നാണ് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചത്. ധനകാര്യവകുപ്പുമന്ത്രി മറുപടി പറയേണ്ട നക്ഷത്രചിഹ്നമിടാത്ത നിരവധി ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി ലഭ്യമാക്കിയിട്ടില്ലെന്നും ഇത് സഭയോടു കാണിക്കുന്ന അനാദരവാണെന്നും ഇക്കാര്യത്തില്‍ ചെയറില്‍നിന്നും റൂളിംഗ് ഉണ്ടാകണമെന്നുമാണ് പ്രതിപക്ഷനേതാവ് മറ്റൊരു ക്രമപ്രശ്‌നത്തിലൂടെആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ധനകാര്യ മന്ത്രി ഇവിടെ കാര്യങ്ങള്‍ വ്യക്തമായി വിശദീകരിക്കുകയുണ്ടായി. ഉന്നയിക്കപ്പെട്ട രണ്ട് ക്രമപ്രശ്‌നങ്ങളിലും അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വളരെ വിശദമായിത്തന്നെ ചെയര്‍ പരിശോധിച്ചു.
കിഫ്ബിയുടെ ധനാഗമ-വിനിയോഗ സ്റ്റേറ്റ്‌മെന്റും ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റും ബഡ്ജറ്റിനോടൊപ്പം സഭയില്‍ സമര്‍പ്പിക്കണമെന്നാണ് ദി കേരളാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ടിലെ സെക്ഷന്‍ 3(8)-ല്‍ നിഷ്‌കര്‍ഷിക്കുന്നത്. സഭാനടപടിച്ചട്ടം 166 ബി (3) പ്രകാരം കിഫ്ബിയുടെ 2022-23-ലെ വാര്‍ഷിക റിപ്പോര്‍ട്ട് 2023 ഡിസംബര്‍ 31ന് മുമ്പായി സഭയുടെ മേശപ്പുറത്ത് വയ്‌ക്കേണ്ടതായിരുന്നു. അതിനു ശേഷമാണ് സഭയില്‍ വയ്ക്കുന്നതെങ്കില്‍ കാലതാമസം ഉണ്ടായതിനെ സംബന്ധിച്ച ഡിലേ സ്റ്റേറ്റ്‌മെന്റ് സഹിതമായിരിക്കേണ്ടതാണ്. കിഫ്ബിയെ സംബന്ധിക്കുന്നതും വ്യത്യസ്ത നിയമവ്യവസ്ഥകള്‍ പ്രകാരം വ്യത്യസ്ത സന്ദര്‍ഭങ്ങളിലും വ്യത്യസ്ത രീതിയിലും സഭയില്‍ സമര്‍പ്പിക്കേണ്ട രണ്ടു രേഖകള്‍ ഒരുമിച്ച് പ്രിന്റ് ചെയ്താണ് നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കിയത്.
ഇക്കാര്യം നിയമസഭാ സെക്രട്ടേറിയറ്റില്‍ നിന്നും ധനകാര്യ വകുപ്പിന് മുന്‍കൂട്ടി അറിയിപ്പു നല്‍കിയിരുന്നെങ്കിലും ഈ അപാകത പരിഹരിക്കാന്‍ യഥാസമയം നടപടി സ്വീകരിച്ചില്ല. തന്മൂലമാണ് മേല്‍പ്പറഞ്ഞ രണ്ട് രേഖകളും സഭയില്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം നേരിട്ടതെന്നാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ഇനി മേലില്‍ കിഫ്ബിയുമായി ബന്ധപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടും ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റും പ്രത്യേകം പ്രത്യേകമായി തയ്യാറാക്കി കാലതാമസം കൂടാതെതന്നെ നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കേണ്ടതാണെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തത്. ബഡ്ജറ്റിനോടൊപ്പം സഭയില്‍ സമര്‍പ്പിക്കേണ്ടിയിരുന്ന ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റ് നടപ്പു സമ്മേളനത്തില്‍ത്തന്നെ സഭയുടെ മേശപ്പുറത്തു വയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചെയര്‍ റൂള്‍ ചെയ്തു.
ധനവകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ മറുപടി ലഭ്യമാക്കാത്തതു സംബന്ധിച്ച വിഷയത്തില്‍ ബന്ധപ്പെട്ട രേഖകളും സ്പീക്കര്‍ പരിശോധിച്ചു. 15-ാം കേരള നിയമസഭയുടെ കഴിഞ്ഞ ഒന്നുമുതല്‍ 9 വരെയുള്ള സമ്മേളനങ്ങളില്‍ ധനവകുപ്പു മന്ത്രി മറുപടി പറയേണ്ട ആകെ 3199 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളില്‍ 2943 ചോദ്യങ്ങള്‍ക്ക് ഇതിനകം മറുപടി ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ഇനിയും 256 മറുപടികള്‍ അവശേഷിക്കുന്നുണ്ട്. അതുപോലെ സഭയുടെ നടപ്പു സമ്മേളനത്തില്‍ ആകെയുള്ള 199 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടി ലഭ്യമാക്കിയിട്ടില്ല. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറേണ്ട സമയത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്ന ചട്ടം 47 പ്രകാരം ചോദ്യോത്തര ദിവസത്തിന്റെ തൊട്ടു തലേദിവസം 5 മണിക്കു മുമ്പായി അവ ലഭ്യമാക്കേണ്ടതാണ്.
ഏതെങ്കിലും സാഹചര്യത്തില്‍ ഈ സമയപരിധിക്കുള്ളില്‍ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമാണ് ഉപചട്ടം (2) ല്‍ പരാമര്‍ശിക്കുന്ന 15 ദിവസത്തെ കാലദൈര്‍ഘ്യത്തിന് അര്‍ഹത വരുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതില്‍ ഉപചട്ടം (2)ന്റെ പിന്‍ബലം സ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും സ്പീക്കര്‍ റൂള്‍ ചെയ്തു. പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചതുപോലെ നിയമസഭാ ചോദ്യങ്ങള്‍ക്ക് മറുപടി ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തുന്നതിനെതിരെ മുന്‍കാലങ്ങളില്‍ ചെയറില്‍ നിന്നും നിരന്തരം റൂളിംഗ് ഉണ്ടായിട്ടുണ്ട്. അതിന്റെയൊക്കെ ഫലമായി ഇക്കാര്യത്തില്‍ ഗുണപരമായ മാറ്റം ഉണ്ടായിട്ടുമുണ്ട്.
സഭയുടെ കഴിഞ്ഞ സമ്മേളനത്തില്‍ 17 മന്ത്രിമാര്‍ തങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ തന്നെ മറുപടി നല്‍കി മാതൃക സൃഷ്ടിച്ചിട്ടുണ്ട്. അതുപോലെ സഭയുടെ നടപ്പുസമ്മേളനത്തില്‍ തന്നെ 12 മന്ത്രിമാര്‍ ഇതിനകം തങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള മറുപടി ലഭ്യമാക്കിക്കഴിഞ്ഞു. ഇത്തരത്തിലുള്ള നല്ല മാതൃക ധനകാര്യ മന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും സ്വീകരിക്കണം. ഇനിയും മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും പെട്ടെന്ന് മറുപടി നല്‍കണമെന്നും സ്പീക്കര്‍ റൂള്‍ ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക