ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളന പോസ്റ്ററിൽ രാമ–ലക്ഷമണൻമാരുടെ ചിത്രങ്ങൾ. സിപിഐഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ കർണാടക സംസ്ഥാന ഘടകം പുറത്തിറക്കിയ പോസ്റ്റർ ആണ് കേരളത്തിലെ സമൂഹമാധ്യമ പേജുകളിൽ ചർച്ചകൾക്ക് വഴിവെച്ചത്. ഈ പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്താണ് ഈ പോസ്റ്റർ പറയുന്നത് ? വാസ്തവം അന്വേഷിക്കാം.
പോസ്റ്റർ വിശദമായി പരിശോധിക്കാം.
ഗാന്ധിജി, അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ്, ശ്രീനാരായണഗുരു തുടങ്ങിയ നേതാക്കളും സാമൂഹിക പരിഷ്ക്കര്‍ത്താക്കളും ഉള്‍പ്പെട്ട പോസ്റ്ററില്‍ രാമനും ലക്ഷ്മണനും ഇടംപിടിച്ചിരിക്കുന്നതായാണ് അവകാശവാദം. പോസ്റ്ററില്‍ താഴെയായി കാണുന്ന അമ്പുംവില്ലും ധരിച്ച രണ്ടുപേരാണ് രാമ-ലക്ഷ്മണന്‍മാരായി പോസ്റ്റുകളില്‍ പറയുന്നത്.
തുടർന്ന് ഡിവൈഎഫ്ഐ കർണാടകയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് പരിശോധിച്ചപ്പോൾ ശരിയാണ് സമാനമായ പോസ്റ്റർ ജനുവരി 29-ന് ഡിവൈഎഫ്ഐ കർണാടകയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ ഷെയർ ചെയ്തതായി കാണാം. രാമ–ലക്ഷ്മണൻമാരുടേതെന്ന അവകാശവാദമുന്നയിക്കുന്ന വൈറൽ ചിത്രങ്ങൾ ഈ പോസ്റ്റിലും കാണാം.
പോസ്റ്ററിലെ വൈറൽ ചിത്രങ്ങൾ ഉൾപ്പെടുന്ന ഭാഗം ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ചിൽ പരിശോധിച്ചപ്പോൾ ഇതേ ചിത്രങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങളുള്ള കന്നഡയിലുള്ള ചില യൂട്യൂബ് വിഡിയോകൾ ഞങ്ങൾക്ക് ലഭിച്ചു. ‘കോട്ടി-ചെന്നയ പർദ്ദന സംപുത’എന്നാണ് വിഡിയോയുടെ തലക്കെട്ട്.
തുളുനാട്ടിലെ സാമൂഹിക പരിഷ്കര്‍ത്താക്കളായിരുന്നു കോട്ടിയും ചെന്നയ്യയും. കർണ്ണാടകയിൽ എഡി 1500നും 1600നും മധ്യേയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണ് ഇരട്ട സഹോദരന്മാരായ ഇവർ എന്നാണ് ലഭിക്കുന്ന വിവരം. ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിനിടെ യെൻമൂറിനു സമീപത്താണ് കൊല്ലപ്പെട്ട ഇവരുടെ സ്മാരകങ്ങളും നിർമ്മിച്ചിട്ടുണ്ട്.
കൂടാതെ, സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്ററിലുള്ളത് രാമ-ലക്ഷ്മണന്മാരല്ലായെന്നും കര്‍ണാടകയുടെ വീരപുരുഷന്മാരായി അറിയപ്പെടുന്ന കോട്ടി-ചെന്നയ്യ എന്ന ഇരട്ട സഹോദരന്മാരാണെന്നും ഡിവൈഎഫ്ഐ കർണ്ണാടക ഘടകം വക്താവ് വ്യക്തമാക്കിയിട്ടുള്ളതായി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
കർണാടകയിലെ ഡിവൈഎഫ്ഐയുടെ സംസ്ഥാന സമ്മേളന പോസ്റ്ററിൽ രാമനെയും ലക്ഷ്മണനെയും ഉപയോഗിച്ചു എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റുകൾ തെറ്റാണെന്നും പോസ്റ്ററിലുള്ളത് കര്‍ണാടകയിലെ സാമൂഹിക പരിഷ്ക്കര്‍ത്താക്കളായ കോട്ടി-ചിന്നയ്യ സഹോദരന്മാരാണെന്നും വ്യക്തമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം