ദോഹ ∙ ഖത്തറിലെ ഇന്ത്യക്കാർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും (ഐസിബിഎഫ്) ചേർന്ന് പ്രത്യേക കോൺസുലർ ക്യാംപ് നടത്തി. 224 പേർ വിവിധ കോൺസുലർ സേവനങ്ങൾ പ്രയോജനപ്പെടുത്തി.
നവജാതശിശുക്കൾക്കുള്ള പാസ്പോർട്ടുകൾ, നിലവിലെ പാസ്പോർട്ട് പുതുക്കൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ക്യാംപിൽ ലഭ്യമാക്കി. ഐസിബിഎഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
പുതുക്കിയ പാസ്പോർട്ടുകൾ 16ന് രാവിലെ 9 മുതൽ 10 വരെ ഏഷ്യൻ ടൗണിലെ ഇമാര ഹെൽത്ത് കെയറിൽ വിതരണം ചെയ്യുന്നതാണ്. ഒറിജിനൽ രസീതുമായി എത്തണമെന്ന് ഐസിബിഎഫ് അധികൃതർ അറിയിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ ഐസിബിഎഫ് ഓഫിസിലെത്തി കൈപ്പറ്റണം.
ഐസിബിഎഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റിയംഗങ്ങളായ സെറീന അഹദ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ശങ്കർ ഗൗഡ്, ഉപദേശക സമിതിയംഗം ശശിധർ ഹെബ്ബാൽ എന്നിവർ നേതൃത്വം നൽകി. ഐസിബിഎഫ് ജീവനക്കാർക്കൊപ്പം കമ്യൂണിറ്റി വൊളന്റിയർമാരും ഇമാര ഹെൽത്ത് കെയർ ജീവനക്കാരും രംഗത്തുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക