കുവൈത്ത് സിറ്റി ∙ കേരളത്തിലെ കോളജുകളിലും സർവകലാശാലകളിലും രാഷ്ട്രീയ അതിപ്രസരമാണെന്നും വിദ്യാഭ്യാസ അന്തരീക്ഷം തീരെ ഇല്ലെന്നും കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. ഏതു ക്യാംപസിൽ നോക്കിയാലും കൊടി തോരണങ്ങളും നേതാക്കളുടെ ചിത്രങ്ങളും നിരത്തി വച്ചിരിക്കുന്നതും കാണാം. ഈ രാഷ്ട്രീയ അതിപ്രസരം നമ്മുടെ കോളജ് വിദ്യാഭ്യാസത്തെ ഏറെ മലീമസമാക്കുന്നു. ഇതിനിടയിൽ വിദേശ സർവകലാശാലകളെ കൊണ്ടുവന്ന് കേരളത്തെ വിദ്യാഭ്യാസ ഹബ് ആക്കുമെന്ന പ്രസ്താവന പരിഹാസ്യമാണ്.
എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ജോൺ ഹോപ്കിൻ സർവകലാശാലയുടെ ക്യാംപസ് മൂന്നാറിൽ ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ സമരകോലാഹലം കേരളം കണ്ടതാണ്.
അന്നു ബഹളമുണ്ടാക്കിയ നേതാവാണ് കഴിഞ്ഞ ദിവസം ബജറ്റ് അവതരിപ്പിച്ചപ്പോൾ വിദേശ സർവകലാശാലയ്ക്കു ചുവന്ന പരവതാനി വിരിക്കുന്നു എന്ന് പറഞ്ഞതെന്നും ജിജി തോംസൺ വിമർശിച്ചു. കുവൈത്ത് എൻഎസ്എസ് യൂണിയൻ ഏർപ്പെടുത്തിയ മന്നം പുരസ്കാരം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു ജിജി തോംസന്റെ പരാമർശങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക