ദുബായ് ∙ മഴ വെള്ളം നിറഞ്ഞ റോഡിന്റെ ഒരു ഭാഗത്ത് നിന്ന് മറുകരയ്ക്ക് ആളുകളെ എത്തിക്കാൻ പുതിയ തന്ത്രവുമായി പാക്കിസ്ഥാനി ചാച്ച. ദുബായ് ദെയ്റ നായിഫിലാണ് വ്യത്യസ്തമായ ഇൗ കാഴ്ച. ചാച്ച ആളുകളെ ഹമ്മാലിയിൽ നിര്‍ത്തി അക്കരെയെത്തിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായി.
യുഎഇയിൽ മഴ പെയ്താൽപ്പിന്നെ നിറയെ വിശേഷങ്ങളാണ്. കേരളത്തിലെ പോലെ മതിയായ ഒാവുചാല്‍ സംവിധാനമില്ലാത്തതിനാൽ റോഡരികുകളിൽ പലപ്പോഴും വെള്ളം കെട്ടിനിൽക്കുന്നു. ഇവ പിന്നീട് നഗരസഭ ജീവനക്കാരെത്തി കോരിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. ഉൾറോഡുകളിലാണ് മിക്കപ്പോഴും വെള്ളം കെട്ടി നിൽക്കുന്നത്. മലയാളികളടക്കം പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ദെയ്റ നായിഫിലെ റോഡുകളിൽ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്നത് പതിവ് കാഴ്ചയാണ്.
വ്യാപാരികളും ഉദ്യോഗസ്ഥരും സ്ഥിരം യാത്ര ചെയ്യുന്ന റോഡിൽ വെള്ളം കെട്ടി നിന്നാൽ ചെരിപ്പും വസ്ത്രവും നനയാതെ മറുഭാഗത്തെത്തുകയെന്നത് യാത്രക്കാർ നേരിടുന്ന പ്രതിസന്ധിയാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് ഇവിടെ കൈവണ്ടി(ഹമ്മാലി)യിൽ സാധനം കൊണ്ടുപോകുന്ന ജോലി ചെയ്യുന്ന പാക്കിസ്ഥാനി ചാച്ച. ചെറിയ കൈവണ്ടിയുടെ താഴത്തെ ഇരുമ്പു പ്രതലത്തിൽ ആളുകളെ നിർത്തി രണ്ട് കൈകളും വണ്ടിയിൽ പിടിപ്പിച്ച് സുരക്ഷിതമായാണ് ചാച്ച സേവനം നടത്തുന്നത്. ഇതോടെ കുറേ കാലമായി തങ്ങൾ നേരിട്ടിരുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടതായി ഇവിടെ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി ഷഫീഖ് പറഞ്ഞു. ചാച്ചയെ മറ്റു ഭാഗങ്ങളിലെ ആളുകളും മാതൃകയാക്കാനാണ് സാധ്യത.
ഇന്നലെ മുതൽ ദുബായിലും യുഎഇയുടെ വിവിധ എമിറേറ്റുകളിലും മഴ ശക്തമാണ്. അല്‍ െഎനിൽ ആലിപ്പഴ വർഷവും മഞ്ഞുവീഴ്ചയുമുണ്ടായി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക