ഒമാനില്‍ ശക്തമായ മഴ തുടരുന്നു; ആളുകള്‍ വാദിയില്‍ കുടുങ്ങി, ഷെല്‍ട്ടറുകള്‍ തുറന്നു

മസ്‌കത്ത് ∙ ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴ തുടരുന്നു. ഞായാറാഴ്ച ആരംഭിച്ച മഴ തിങ്കളാഴ്ച കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ബുറൈമി, ബാത്തിന ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. വാദികള്‍ നിറഞ്ഞൊഴുകുകയാണ്. വിവധ ഇടങ്ങളില്‍ ആലിപ്പഴം വര്‍ഷിച്ചു. ആളുകള്‍ സുരക്ഷിതരായിരിക്കാന്‍ വീടുകളില്‍ തന്നെ തുടരണമെന്ന് സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം നിര്‍ദേശിച്ചു.

ബുറൈമിയില്‍ വാദിയില്‍ വാഹനത്തില്‍ കുടുങ്ങിയ ആളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. യങ്കലില്‍ രണ്ട് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ അകപ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തിയതായും മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. ബാത്തിനയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് രോഗികള്‍ അടക്കമുള്ള 100ല്‍ അധികം ആളുകളെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

പ്രതികൂല കാലവസ്ഥയുടെ പശ്ചാത്തലത്തില്‍ മവേല പഴം, പച്ചക്കറി സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് മാര്‍ക്കറ്റ് അടച്ചിടുന്നതെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. മുവാസലാത്തിന്റെ മസ്‌കത്ത് സിറ്റി സര്‍വീസുകള്‍ റദ്ദാക്കി. ഇന്റര്‍സിറ്റി ബസ് സര്‍വീസുകളും സലാലയിലെ സിറ്റി സര്‍വീസുകളും ഫെറി സര്‍വീസുകളും സാധാരണ നിലയില്‍ തുടരുന്നുണ്ട്.

ബുറൈമിയില്‍ ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്. ഹഫ്‌സ ബിന്‍ സിറിന്‍ സ്‌കൂളിലെ ഷെല്‍ട്ടറില്‍ 250 പേര്‍ക്ക് താമസിക്കാന്‍ കഴിയും. വിവരങ്ങള്‍ക്ക് 25645634 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വടക്കന്‍ ബാത്തിനയിലെ ഷെല്‍ട്ടറുകള്‍: സുഹാര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ബോയ്‌സ്, സുഹാര്‍ അഹമദ് ബിന്‍ സഈദ് സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, സഹം യഅ്‌റൂബ് ബിന്‍ ബല്‍ അറബ് സെക്കന്‍ഡറി സ്‌കൂള്‍, ഖാബൂറ ദുര്‍റത്ത് അല്‍ ഇല്‍മ് സ്‌കൂള്‍, ഖാബൂറ അള്‍ റയ്യാന്‍, ഖാബൂറ അള്‍ ഹവാരി ബിന്‍ മാലിക് സ്‌കൂള്‍, ശിനാസ് സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ലിവ അല്‍ ബാത്തിന സ്‌കൂള്‍, സുവൈഖ് അല്‍ യര്‍മൂക്ക് സ്‌കൂള്‍, സുവൈഖ് അല്‍ അഹ്നഫ് സ്‌കൂള്‍, സുവൈഖ് ഹിന്ദ് ബിന്‍ത് അമര്‍ സ്‌കൂള്‍.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക