ദുബായ് ∙ ‘ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിക്ക് ഇന്ന് (തിങ്കളാഴ്ച) രാവിലെ ദുബായ് മദീനത് ജുമൈറയിൽ ഉജ്വല തുടക്കം. ലോകത്തോട് അതിന്റെ മുൻഗണനകൾ പുനർനിർവചിക്കാനും അവയെ ഒന്നിപ്പിക്കുന്ന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഉദ്ഘാടന ചടങ്ങിൽ യുഎഇ കാബിനറ്റ് കാര്യ മന്ത്രിയും ലോക ഗവൺമെന്റ് ഉച്ചകോടി ചെയർമാനുമായ മുഹമ്മദ് അൽ ഗെർഗാവി ആഹ്വാനം ചെയ്തു.
യുഎഇയിൽ തുടരുന്ന കനത്ത മഴയെ അവഗണിച്ച് പ്രതിനിധികളും പങ്കാളികളും ഉച്ചകോടിയിൽ പങ്കെടുക്കാനെത്തി. ചരിത്രത്തിലുടനീളം നോക്കുകയാണെങ്കിൽ നാം ജീവിക്കുന്നത് ഏറ്റവും മികച്ചതും സുരക്ഷിതവും സമൃദ്ധവുമായ മനുഷ്യയുഗത്തിലാണ്. അമിതമായ ശുഭാപ്തിവിശ്വാസമോ വ്യാമോഹമോ ഇല്ലാതെ, നമ്മുടെ വിധി രൂപപ്പെടുത്തുന്നതിന് ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുരോഗതിയുടെയും വികസനത്തിൻ്റെയും വിശാലമായ ഇടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നമ്മെ ഒന്നിപ്പിക്കുന്നത് ഭിന്നിപ്പിക്കുന്നതിനേക്കാൾ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിക്ക് മുന്നോടിയായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായുടെ ആദ്യ ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ വേദി സന്ദർശിച്ചിരുന്നു.
ഈ മാസം 14 വരെ നടക്കുന്ന ഉച്ചകോടി 2024ൽ ഇന്ത്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളാണ് അതിഥികൾ. പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 25-ലേറെ സർക്കാർ തലവന്മാർ പങ്കെടുക്കും. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനാണ് ഇന്ത്യയിൽ നിന്നുള്ള മറ്റൊരു പ്രധാന വ്യക്തിത്വം. സിനിമാ നടനെന്ന നിലയിലുപരി പ്രമുഖ സംരംഭകനെന്ന നിലയിലുമാണ് കിങ് ഖാൻ സമാപന ദിവസം രാവിലെ 10.35 മുതൽ 10.50 വരെ നടക്കുന്ന ദ് മേയ്ക്കിങ് ഓഫ് എ സ്റ്റാർ–കോൺവർസേഷൻ വിത് ഷാരൂഖ് എന്ന പരിപാടിയിൽ പങ്കെടുക്കുക.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ എന്നിവർ തങ്ങളുടെ രാജ്യങ്ങളിലെ ഉന്നതതല പ്രതിനിധി സംഘത്തെ നയിക്കും. 85-ലേറെ രാജ്യാന്തര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും 120 ഗവൺമെന്റ് പ്രതിനിധികളും ഉൾപ്പെടെ ആകെ 4,000 പേര് പങ്കെടുക്കും. ഇവരിൽ മിക്കവരും ഇതിനകം ദുബായിലെത്തിക്കഴിഞ്ഞു. അതിഥി രാജ്യങ്ങൾ അവരുടെ വിജയകരമായ സർക്കാർ അനുഭവങ്ങളും മികച്ച വികസന പ്രവർത്തനങ്ങളും ഉച്ചകോടിയിൽ പ്രദർശിപ്പിക്കും.
ഇന്ത്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളെ ഈ വർഷത്തെ വിശിഷ്ടാതിഥികളാക്കിയത് യുഎഇയുമായുള്ള ആഴത്തിലുള്ള വേരോട്ടമുള്ള ബന്ധത്തെയും തന്ത്രപരമായ പങ്കാളിത്തത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ക്യാബിനറ്റ് കാര്യ മന്ത്രിയും ഡബ്ല്യുജിഎസ് ഓർഗനൈസേഷൻ ചെയർമാനുമായ മുഹമ്മദ് അൽ ഗർഗാവി പറഞ്ഞു. ഈ വർഷത്തെ ഉച്ചകോടി ആറ് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും 110 ആശയസംവാദങ്ങളിലൂട പ്രധാന മേഖലകളിലെ ഭാവി തന്ത്രങ്ങളും പരിവർത്തനങ്ങളും പര്യവേക്ഷണം ചെയ്യുന്ന 15 ആഗോള ഫോറങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. പ്രസിഡന്റുമാരും മന്ത്രിമാരും ചിന്തകരും ഉൾപ്പെടെ 200-ലേറെ പ്രമുഖ പ്രഭാഷകർ 23 മന്ത്രിതല യോഗങ്ങളിലും 300-ലധികം മന്ത്രിമാർ പങ്കെടുക്കുന്ന എക്സിക്യൂട്ടീവ് സെഷനുകളിലും അവരുടെ സ്ഥിതിവിവരക്കണക്കുകൾ പങ്കിടും.
മോദിയുടെ യുഎഇയിലെ പരിപാടി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇപ്രാവശ്യത്തെ യുഎഇ പര്യടനത്തിൽ ഒട്ടേറെ പരിപാടികൾ. ദുബായ് മദീനത് ജുമൈറയിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ ഈ മാസം 14ന് അദ്ദേഹം പങ്കെടുക്കും. 13ന് അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ജനുവരി 25 വരെ 30,000-ത്തിലധികം ആളുകൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ ഇതിനകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. 14ന് വൈകിട്ട് 5ന് തലസ്ഥാനത്തെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പര്യടനം അവസാനിപ്പിക്കും.
പാർക്കിങ് സൗകര്യം
ഉച്ചകോടിക്ക് എത്തുന്നവർക്ക് പാം ജുമൈറ മോണോറെയിലിന് അടുത്ത് വാഹനം പാർക്ക് ചെയ്യാം. ഇവിടെ നിന്ന് വേദിയിലേക്കും തിരിച്ചും ഷട്ടിൽ ബസ് സൗകര്യമുണ്ട്. ദുബായ് പൊലീസ് അക്കാദമി പാർക്കിങ്ങിലും വാഹനങ്ങൾ നിർത്താം. അവിടെ നിന്നു വേദിയിലേയ്ക്കും തിരിച്ചും ഷട്ടിൽ ബസ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക