പാക് ജനത ഇന്ത്യയുടെ വലിയ സ്വത്തെന്ന് മണിശങ്കര്‍ അയ്യര്‍, ബി.ജെ.പിക്ക് ഹാലിളക്കം

ന്യൂഡല്‍ഹി: പാകിസ്ഥാനിലെ ജനങ്ങള്‍ ഇന്ത്യക്ക് വലിയൊരു സ്വത്താണെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മണി ശങ്കര്‍ അയ്യരുടെ പ്രസ്താവന വിവാദം സൃഷ്ടിച്ചു.
പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന ഒരു ചടങ്ങിലാണ് ആ രാജ്യത്തെ മുന്‍ കോണ്‍സല്‍ ജനറല്‍ കൂടിയായിരുന്ന മണിശങ്കര അയ്യര്‍ ഇങ്ങനെ ഒരു പരമാര്‍ശം നടത്തിയതെന്ന് പാക് പത്രമായ ഡാണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാകിസ്ഥാനെയും അവിടത്തെ ജനങ്ങളെയും കോണ്‍ഗ്രസ് നേതാവ് പ്രകീര്‍ത്തിച്ചത് ബി.ജെ.പി നേതാക്കളെ കുപിതരാക്കിയിരിക്കുകയാണ്. താന്‍ കറാച്ചിയില്‍ കോണ്‍സുലര്‍ ജനറലായിരിക്കെ ജനങ്ങള്‍ തനിക്ക് വലിയ ആതിഥ്യമാണ് അരുളിയതെന്ന് മണി ശങ്കര്‍ അയ്യര്‍ ചൂണ്ടിക്കാട്ടി.
ഇരു രാഷ്ട്രങ്ങളും തമ്മില്‍ നല്ല ബന്ധമാണ് ഉണ്ടാക്കേണ്ടിയിരുന്നതെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി നരേന്ദ്രമോദിയുടെ ഭരണകാലത്ത് അതുണ്ടായില്ലെന്നു മാത്രമല്ല, ബന്ധം മോശമാക്കുകയും ചെയ്തു എന്ന് അയ്യര്‍ പറഞ്ഞു. പാകിസ്ഥാനുമായി നല്ല ബന്ധത്തിനുള്ള ചര്‍ച്ചകള്‍ നടത്താതിരുന്നത് വലിയ അബദ്ധമായിപ്പോയി എന്നും അയ്യര്‍ പറഞ്ഞു.
” നിങ്ങള്‍ക്കെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ ഞങ്ങള്‍ ധൈര്യം കാട്ടി. എന്നാല്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ച നടത്താനുള്ള ധൈര്യം കാട്ടിയതുമില്ല.”-ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ ഗവണ്‍മെന്റുകള്‍ തമ്മിലുള്ള തടസ്സങ്ങള്‍ മറികടന്ന് ചര്‍ച്ചകളുണ്ടാകണമെന്നും പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു.