തിരുവനന്തപുരം: തിരുവനന്തപുരം നഗരം ഇപ്പോള്‍ തലസ്ഥാന നഗരി എന്നതിനപ്പുറത്തേക്ക് ഒരു ഫെസ്റ്റിവല്‍ സിറ്റിയായി മാറിക്കഴിഞ്ഞിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒരു വര്‍ഷത്തില്‍ ഒട്ടുമിക്ക മാസങ്ങളിലും എന്തെങ്കിലുമൊക്കെ ഫെസ്റ്റിവല്‍, ഒരു ഒത്തുചേരല്‍ തിരുവനന്തപുരം നഗരത്തില്‍ നടക്കാറുണ്ട്. ഓണാഘോഷമായാലും കേരളീയമായാലും പുതുവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടി ആയാലും ഒക്കെ നമുക്ക് കാണാന്‍ വേണ്ടി സാധിക്കുമെന്നും നിയമസഭയില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്തിന്റെ സബ്മിഷന് മന്ത്രി മറുപടി നല്കി.
സംസ്ഥാനത്തേക്ക് എത്തുന്ന സഞ്ചാരികള്‍ പ്രത്യേകിച്ച് വിദേശ സഞ്ചാരികള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍, സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും തലസ്ഥാനത്തേക്ക് എത്തുന്ന സഞ്ചാരികള്‍ അവര്‍ക്ക് വലിയനിലയില്‍ ആഹ്ലാദം നല്കുന്ന നിലയിലേക്ക് നമ്മുടെ നഗരത്തെ മാറ്റേണ്ടതുണ്ട്. ആ ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്ക് ടൂറിസം വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകളുമായും തിരുവനന്തപുരം കോര്‍പ്പറേഷനുമായും ചേര്‍ന്ന് നഗരത്തിന്റെ മുഖച്ഛായ മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. പല ചര്‍ച്ചകളും എം.എല്‍.എ മാരുമായും ജില്ലയിലെ മന്ത്രിമാരുമായും നടത്തിയിട്ടുണ്ട്. പൊതുഇടങ്ങളെ ആകര്‍ഷകവും ജനസൗഹൃദവും ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്.
ഇപ്പോള്‍ നമ്മുടെ തൊഴില്‍ രീതികളിലും സമയങ്ങളിലും ഒക്കെ മാറ്റം വരികയാണ്. ജോലിഒക്കെ കഴിഞ്ഞ് രാത്രി എട്ട് മണിക്ക് ശേഷമാണ് പലര്‍ക്കും കുടുംബത്തോടൊപ്പം പുറത്തിറങ്ങാന്‍ കഴിയുക. കുടുംബത്തോടൊപ്പവും സുഹൃത്തുകളോടൊപ്പവും കുറച്ച് അധികനേരം ഇരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഇടങ്ങള്‍ നഗരങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്. അവര്‍ക്ക് അല്‍പ്പനേരം മാനസിക ഉല്ലാസം നല്കാന് കഴിയുന്ന തരത്തില്‍ ലിഷര്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുക എന്നത് പ്രധാനമാണ്. നഗരത്തിലെ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയെ ആ നിലയില്‍ വികസിപ്പിച്ചു കഴിഞ്ഞു. അവിടെ പോയവര്‍ക്ക് പൊതുവെ അതിന്റെ ട്രെന്റ് മനസിലാക്കാനാകും. തദ്ദേശ സ്വയംഭരണ വകുപ്പ്, സ്മാര്‍ട്ട് സിറ്റി, കോര്പ്പറേഷന്, ജില്ലാ ഭരണകൂടം, പോലീസ് എന്നിവരുടെ സഹകരണത്തോടെ മികച്ച നിലയില്‍ നഗരം രാത്രിയിലും ജനനിബിഡമായി മാറുന്നു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം സാധ്യമാക്കുന്ന അയ്യങ്കാളി ഹാള്‍ റോഡ് ആകര്‍ഷകമാക്കി മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ട്. അത് ആര്‍ക്കും പ്രയാസമുണ്ടാകാത്ത തരത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തുകൊണ്ടാകും മുന്നോട്ട്പോവുക. സ്മാര്‍ട്ട് സിറ്റിയുമായും തിരുവനന്തപുരം കോര്‍പ്പറേഷനുമായും സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കോര്പ്പറേഷന് മേയറുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. നഗരത്തിലെ ചില പാര്‍ക്കുകളെ കൂടി ഇത്തരം പദ്ധതികളുടെ ഭാഗമാക്കാന്‍ ആലോചിക്കുന്നുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനുമായി നടത്തിയ ചര്‍ച്ച വളരെ പോസിറ്റീവായിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളും മഹാന്മാരുടെ പ്രതിമകളും ആകര്‍ഷകമാക്കാന്‍ ഉള്ള പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. പ്രധാന വ്യക്തികളുടെ ജീവിതരേഖ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ആധുനിക സങ്കേതങ്ങള്‍ ആണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്.
ശംഖുമുഖത്തിന്റെ പ്രൗഡ്ഢി തിരിച്ചെത്തിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും തുടരുകയാണ്. ടൂറിസം വകുപ്പിന്റെ കീഴിലുള്ള ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം, ഇന്ത്യയിലാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ ആരംഭിച്ചത്. തിരുവനന്തപുരത്ത് ശംഖുമുഖത്താണ്. ഡിടിപിസിയുടെ നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ മറ്റ് സജ്ജീകണങ്ങള് ഒരുക്കിയിട്ടുണ്ട്. അതിനടുത്തുള്ള ആര്‍ട്ട് ഗ്യാലറി കൂടി പദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ കോര്പറേഷന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതോടൊപ്പം ടൂറിസം വകുപ്പ്, ഡിടിപിസി, സ്മാര്‍ട്ട് സിറ്റി, ഫുഡ് സേഫ്റ്റി എന്നിവ ചേര്‍ന്ന് ഫുഡ് സ്ട്രീറ്റും ശംഖുമുഖത്ത് സജ്ജമാക്കും. അതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ആക്കുളം ടൂറിസ്റ്റ്വില്ലേജ് ഇന്ന് വലിയ പ്രശസ്തി നേടിക്കഴിഞ്ഞു. ഐടി മേഖലയ്ക്ക് അടുത്ത ടൂറിസം കേന്ദ്രം എന്ന നിലയില്‍ ആക്കുളത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചു വരികയാണ്. ആക്കുളം അഡ്വഞ്ചര്‍ പാര്‍ക്കിലെ ഗ്ലാസ്സ് ബ്രിഡ്ജ് പ്രവൃത്തി അന്തിമഘട്ടത്തില്‍ ആണ്. അതോടൊപ്പം ബൈപ്പാസ് മുതല്‍ ആക്കുളം പാര്‍ക്ക് വരെ സ്മാര്‍ട്ട് സിറ്റി സഹായത്തോടെ റോഡ് സൗന്ദര്യവല്കരണത്തിന് തീരുമാനിച്ചിട്ടുണ്ട്.
ഫറോക്ക് പഴയ പാലം പോലെ തിരുവനന്തപുരം നഗരത്തിലെ പാലങ്ങള്‍ ആകര്‍ഷകമാക്കുന്ന പദ്ധതിയും ആരംഭിക്കും. അതിന് നിയമസഭയ്ക്ക് അടുത്തുള്ള ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം പാലം, ബേക്കറി ജംഗ്ഷന് ഫ്ളൈ ഓവര്‍ എന്നിവ ദീപാലങ്കൃതമാക്കാനുള്ള തീരുമാനമെടുത്തിട്ടുണ്ട്. ഈ തരത്തില്‍ തലസ്ഥാന നഗരിയെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ആണ് ടൂറിസം വകുപ്പ് ആഗ്രഹിക്കുന്നത്. ജില്ലയിലെ മന്ത്രിമാര്‍, എംഎല്‍എമാര്‍, മേയര്‍, മറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികള്‍, സ്മാര്‍ട്ട് സിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹകരണം ഇതില്‍ പ്രതീക്ഷിക്കുകയാണ്. എല്ലാവരെയും യോജിപ്പിച്ച് നിര്‍ത്തി തിരുവനന്തപുരം നഗരത്തെ ഒരു പ്രധാനപ്പെട്ട ഫെസ്റ്റിവല്‍ സിറ്റി എന്നുള്ള നിലയില്‍ പ്രാധാന്യത്തോടെ കണ്ട് മുന്നോട്ട് കൊണ്ടുപോകാനാണ് ടൂറിസം വകുപ്പ് ആഗ്രഹിക്കുന്നതെന്നും മരാമത്ത് മന്ത്രി മറുപടി നല്കി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക