കാശി എല്ലാവർക്കുമൊരു കൗതുക ഭൂമിയാണ്. ചെറുപ്പക്കാർക്ക് കാശി യാത്രയുടെ ലഹരി നൽകുന്ന ഇടമാണെങ്കിൽ പ്രായം ചെന്നവർക്ക് അവിടം മോക്ഷം ലഭ്യമാകുന്ന ഇടമാണ്. പല ആഗ്രഹങ്ങളുമായി കാശിയിലേക്കു ചെല്ലുന്നവരുണ്ട്.
ചിലർ ഗംഗ ആരതി കാണുവാൻ, ചിലർ പക്ഷികൾ വെള്ളത്തെ ചുറ്റുന്ന സൂര്യോദയങ്ങൾ കാണാൻ, ചിലർ ഘാട്ടുകളിൽ ഇരുന്ന് കാശിയുടെ സൗന്ദര്യം ആസ്വദിക്കാൻ. കാശിയുടെ കോണുകളിൽ മുഴങ്ങി കേൾക്കുന്ന മറ്റൊരു കഥയുണ്ട്. പ്രായമായ പലരും വന്നു കഴിഞ്ഞാൽ തിരികെ പോകില്ല എന്ന്. ജീവിതത്തിന്റെ മോക്ഷവും, മുക്തിയും എവിടെയാണെന്നു വിശ്വസിച്ചു പലരും കാശിയിൽ തന്നെ ഒടുങ്ങും. മരണമന്വേഷിച്ചു അവിടേക്ക് പോകുന്നവർ ധാരാളമുണ്ട്
കാശി ഒരു പുണ്യപുരാതനമായ ഹൈന്ദവ നഗരമാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള നഗരങ്ങളിലൊന്നണെങ്കിലും കാശി അറിയപ്പെടുന്നത് അതിന്ഡറെ ആത്മീയതയ്ക്കാണ്. സപ്തപുരികളിലൊന്നായ കാശിയിലെത്തി പ്രാർത്ഥിക്കുന്നത് മോക്ഷം നല്കുമെന്നും ഇവിടെ മരിക്കുന്നത് ആത്മാവിനെ മോക്ഷത്തിലെത്തിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പുരാതനങ്ങളായ ക്ഷേത്രങ്ങൽ, ഘാട്ടുകൾ, എന്നിവയെല്ലാം ചേരുന്ന ഇവിടം മോക്ഷ കവാടം കൂടിയാണ്.
ശിവന്‍റെ വാസസ്ഥമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ, ഗംഗാ നദിയിൽ മുങ്ങിനിവർന്നാൽ പാപങ്ങളൊക്കെയും മോചിക്കപ്പെടുമെന്നാണ് പറയുന്നത്. മാധവനും മഹാദേവനും തുല്യപ്രാധാന്യത്തിൽ വാഴുന്ന കാശിയിൽ വരുന്നതിന്റ പുണ്യം പൂർണ്ണമായും അനുഭവിക്കുവാൻ മൂന്നു ക്ഷേത്രങ്ങളിലാണത്രെ ദർശനം നടത്തേണ്ടത്.
കാലഭൈവരവ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, ബിന്ദു മാധവ ക്ഷേത്രം എന്നിവയാണവ. മറ്റു രണ്ടു ക്ഷേത്രങ്ങളും പലപ്പോഴും മറക്കാതെ വിശ്വാസികളെത്തുമെങ്കിലും ബിന്ദു മാധവ ക്ഷേത്രം അത്ര അറിയപ്പെടുന്ന ഒന്നല്ല.
ശിവനൊപ്പം വിഷ്ണുവിനും തുല്യപ്രാധാന്യം നല്കുന്ന കാശിയിൽ നിർബന്ധമായും സന്ദർശിക്കേണ്ട ക്ഷേത്രമാണ് ബിന്ദു മാധവ ക്ഷേത്രം. പരിചിതമായ വിഷ്ണു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ പ്രതിഷ്ഠയും വിശ്വാസങ്ങളുമാണ് ബിന്ദു മാധവ ക്ഷേത്രത്തിനുള്ളത്. വിശ്വാസികൾക്കിടയിൽ തീർത്തും അപരിചിതമാണ് ഈ ക്ഷേത്രം.
പഞ്ചഗനാഗ ഘാട്ടിന് മുകളിലായി ആലംഗിരി മസ്ജിദിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഏറ്റവും ലളിതമായ ക്ഷേത്രങ്ങളൊന്ന് എന്നിതിനെ പറയാം. എപ്പോൾ ചെന്നാലും കാശിയുടെ തിരക്കുകളോട് ചേരാത്ത ഒരു ശാന്തത ഇവിടെ കാണുവാനും അനുഭവിക്കുവാനും സാധിക്കും.
ആനന്ദക്കണ്ണീരിൽ നിൽക്കുന്ന വിഷ്ണുവിനെയണ് ബിന്ദു മാധവ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. പഞ്ചമാധവ ക്ഷേത്രങ്ങളിലൊന്നാണിതെന്നും വിശ്വസിക്കപ്പെടുന്നു. മഹാദേവന്‍റെ ആനന്ദനടനം കണ്ട് സന്തോഷത്തിൽ കണ്ണീരു നിറഞ്ഞു നിൽക്കുന്ന, വിഷ്ണുവിനെയാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. നിറഞ്ഞുതുളുമ്പിയ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീർ നിലത്തുവീണുവെന്നും വിശ്വാസമുണ്ട്. ക്ഷേത്രം പോലെ തന്നെ പ്രത്യേകതയുള്ളതാണ് ബിന്ദു മാധവ ക്ഷേത്രം എന്ന പേരും.
ബിന്ദു മാധവ ക്ഷേത്രം എന്ന പേര് ഇതിന്‍റ ഉത്ഭവവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഒരിക്കൽ നേപ്പാളിലെ മുക്തിനാഥിനടുത്ത് ഗണ്ഡകി നദിയുടെ തീരത്തിരുന്ന് അഗ്നിബിന്ദു എന്നു പേരായ ഋഷി മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തുവാനായി തപസ്സ് ചെയ്തു. സംപ്രീതനായ വിഷ്ണു പ്രത്യക്ഷപ്പെടുകയും ഋഷിയോട് തന്റെ വിഗ്രഹം കാശിയിൽ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഋഷിയുടെ പേരിന്‍റെ പകുതിയും ഭഗവാൻറെ പേരിന്‍റെ പകുതിയും ചേര്‍ന്നുള്ള പേരിലായിരിക്കണം പ്രതിഷ്ഠയെന്ന് വിഷ്ണു ആവശ്യപ്പെട്ടതുനസരിച്ചാണത്രെ ബിന്ദു മാധവ് എന്ന പേരിൽ ക്ഷേത്രം അറിയപ്പെടുന്നത്.
വളരെ പുരാതന കാലത്ത് നിർമ്മിക്കപ്പെട്ടുവെങ്കിലും 1663 ൽ ഔറംഗസേബ് കാശി കീഴടക്കിയപ്പോൾ നഗരം അപ്പാടെ തകർത്തുവെന്നാണല്ലോ ചരിത്രം പറയുന്നത്. 1664 ൽ കാശിവിശ്വനാഥ ക്ഷേത്രവും ബിന്ദു മാധവ ക്ഷേത്രവും തകർക്കപ്പെടുകയും ചെയ്തു. ഇതിനു പകരം മറ്റൊരു ക്ഷേത്രം പിന്നീട് ഛത്രപതി ശിവജി പുനർനിർമ്മിച്ചതാണ് ഇവിടെ കാണുന്നത്.
1672 ലാണ് പുതിയ ക്ഷേത്രം ഇവിടെ നിർമ്മിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ മറാത്ത ഭരണാധികാരി ഭവൻ റാവുവും ക്ഷേത്രം പുതുക്കിപ്പണിതു.
ബിന്ദു മാധവ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് വൈകുണ്ഡ ചതുർദശി. ഇവിടുത്തെ വിശ്വാസമനുസരിച്ച് വിഷ്ണു മഹാദേവന് കാശി ദാനം ചെയ്തതിന്റെ ഓർമ്മയാണത്രെ വൈകുണ്ഡ ചതുർദശി. കാർത്തിക മാസത്തിലാണിത് നടക്കുന്നത്. ഒക്ടോബർ- നവംബർ മാസങ്ങളിലായി വരുന്ന കാർത്തിക പുണ്യമാസമായാണ് ഇവിടെ ആഘോഷിക്കുന്നത്.
കാര്‍ത്തിക മാസത്തിൽ അവിടെയെത്തി ഭഗവാനെ ആരാധിച്ചാൽ അയാളുടെയും പൂർവ്വികരുടെയുംപാപങ്ങള് മോചിക്കപ്പെടുനെന്നും മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം. അതിനായി ഈ മാസത്തിൽ ബ്രഹ്മമുഹൂർത്തത്തിൽ പഞ്ചഗംഗാ ഘാട്ടില് മുങ്ങിനിവരണമെന്നും സൂര്യോദയത്തിനു മുൻപും സൂര്യോദയത്തിനു ശേഷവും ഭഗവാന് ദീപങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്നുമാണ് വിശ്വാസം.
എല്ലാ ദിവസവും രാവിലെ 5.00 മുതൽ 12 വരെയും വൈകിട്ട് 4.00 മുതല്‍ 7.00 മണി വരെയും ക്ഷേത്രത്തിൽ ആരാധന നടത്താം. വാരണാസിയിലെത്തിയാൽ എളുപ്പത്തിൽ ബിന്ദു മാധവ ക്ഷേത്രത്തിലെത്താം.
കാശിയിലെ ഘാട്ടുകളിലയൂടെ ബോട്ടിൽ പഞ്ചഗംഗാ ഘാട്ടിലെത്തുന്നതാണ് ഒരു വഴി. അല്ലെങ്കില്‍ കാലഭൈവര ക്ഷേത്രത്തിൽ നിന്നും റോഡ് മാര്‍ഗം ഏകദേശം ഒന്നര കിലോമീറ്റർ ദൂരം നടന്നാല് ക്ഷേത്രത്തിലെത്താം.
കാശി ജീവിതത്തിന്റെ രണ്ടു ഘട്ടങ്ങൾ കാണിച്ചു തരും. യാത്രക്കാർ ഒരിക്കലെങ്കിലും ഇവിടേക്ക് പോയിട്ട് വരണം
read more പ്രേത നഗരവും, കുഴപ്പിക്കുന്ന പുരാണങ്ങളും: ഒരു ട്രിപ്പ് പോയാലോ?