×

പ്രേത നഗരവും, കുഴപ്പിക്കുന്ന പുരാണങ്ങളും: ഒരു ട്രിപ്പ് പോയാലോ?

google news
E

കഥകളാൽ സമ്പന്നമാണ് ഇന്ത്യൻ സംസ്ക്കാരം. വസ്തുതയും, പുരാണവും കൂടി കലർന്നൊരിടമാണ് രാമേശ്വരം. അബ്‌ദുൾ കലാമിന്റെയും, പാമ്പൻ പാലത്തിന്റെയും കഥകൾ പറയുന്ന രാമേശ്വരം. ഈ പ്രാവശ്യത്തെ യാത്ര അവിടെക്കാക്കിയാലോ?

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം. പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.

S

ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം. മന്നാർ കടലിടുക്കിലാണ് രാമേശ്വരത്തിന്റെ സ്ഥാനം. രാമായണം എന്ന ഇതിഹാസകാവ്യമനുസരിച്ച്, ലങ്കാപതിയായ രാവണനാൽ അപഹരിക്കപ്പെട്ട തന്റെ പത്നി സീതയെ മോചിപ്പിക്കുന്നതിനായി ശ്രീരാമൻ ഭാരതത്തിൽ നിന്നും ശ്രീലങ്കയിലേക്ക് പാലം നിർമിച്ച സ്ഥലമാണിത്. 61.8 ചതുരശ്രകിലോമീറ്റർ വിസ്തീർണമുണ്ട് രാമേശ്വരം ദ്വീപിന്.

ഐതിഹ്യം – ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അർഥത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം.

രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം. ഭാരത ഉപദ്വീപത്തിൽനിന്ന് ലങ്കയിലെത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമൻ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം. രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമർശിക്കപ്പെടുന്നു. സേതു എന്നാൽ പാലം അഥവാ അണ എന്നർഥം. രാമായണത്തിൽ പരാമർശിക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.

D

പാലത്തിനെ നിർമ്മാണം ആരംഭിക്കേണ്ട സ്ഥലം ശ്രീരാമൻ തന്റെ ധനുസിന്റെ അഗ്രംകൊണ്ട് അടയാളപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് ധനുഷ്കോടി. രാവണനെ പരാജയപ്പെടുത്തിയശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ രാമൻ വിഭീഷണന്റെ അഭിപ്രായം മാനിച്ച് തന്റെ വില്ലിന്റെ മുനകൊണ്ട് സേതുവിനെ ഉടയ്ക്കയാൽ ധനുഷ്കോടി എന്ന സ്ഥലനാമം ഉണ്ടായിയെന്ന അഭിപ്രായവുമുണ്ട്.

മഹോതതിയും രത്നാകരവും സന്ധിക്കുന്ന ധനുഷ്കോടിയിൽ മുങ്ങിക്കുളിച്ചാലേ കാശിയാത്രയുടെ ഫലം സമ്പൂർണമായി ലഭിക്കൂ എന്നാണ് വിശ്വാസം.

രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്, രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ.

പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്, കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽ, സീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു.

D

ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നും, ഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ പറഞ്ഞിരുന്നു.

രാമേശ്വരത്തു കണ്ടിരിക്കേണ്ട സ്ഥലങ്ങൾ ഏതെല്ലാം? 

ശ്രീ രാമനാഥസ്വാമി ക്ഷേത്രം 

ശ്രീ രാമനാഥസ്വാമിയും, അദ്ദേഹത്തിന്റെ ധർമപത്നിയായ ശ്രീ പർവതവർത്തിനിയമ്മയുമാണ് രാമേശ്വരം ശ്രീ രാമനാഥസ്വാമിക്ഷേത്രത്തിലെ മുഖ്യദേവതകൾ. മിക്ക ക്ഷേത്രങ്ങളിലും ദേവി ദേവന്റെ വാമഭാഗത്ത് (ഇടതുവശത്ത്) നിലകൊള്ളുമ്പോൾ, ഇവിടെ ദേവസന്നിധിയുടെ ദക്ഷിണഭാഗത്തായിട്ടാണ് (വലതുവശത്ത്) ദേവീസന്നിധിയുള്ളത്. ഭക്തജനങ്ങൾ ഇതൊരു സവിശേഷതയായി കാണുന്നു.

ഭാരതത്തിലുള്ള നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ രാമനാഥസ്വാമി ക്ഷേത്രം. വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങൾ. ഇവയിൽ രാമേശ്വരം മാത്രമാണ് ശിവക്ഷേത്രം. വൈഷ്ണവരും ശൈവരും ഒരുപോലെ തീർഥാടനത്തിനെത്തുന്ന സ്ഥലമാണ് രാമേശ്വരം ക്ഷേത്രം.

ഭാരതത്തിലുള്ള പന്ത്രണ്ട് ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാണ് രാമേശ്വരം ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീർഘമായ പ്രാകാരങ്ങൾ (പ്രദക്ഷിണത്തിനുള്ള ഇടവഴികൾ) പ്രശസ്തമാണ്. ഇവയിൽത്തന്നെ ഏറ്റവും പുറമേയുള്ള മൂന്നാം പ്രാകാരം അതിന്റെ ദൈർഘ്യത്താൽ കീർത്തി കേട്ടതാണ്.

ക്ഷേത്രത്തിനുള്ളിലുള്ള ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ ജലത്തിലുള്ള സ്നാനം മോക്ഷദായകമായി വിശ്വാസികൾ കരുതിപ്പോരുന്നു. രാമനാഥസ്വാമിക്ഷേത്രത്തിന് കിഴക്കുഭാഗത്തുള്ള സമുദ്രഭാഗം അഗ്നിതീർഥം എന്നറിയപ്പെടുന്നു. തീർഥാടകർ പിതൃക്കൾക്ക് ബലിതർപ്പണവും മറ്റ് പൂജകളും നടത്തുന്നത് ഇവിടെയാണ്.

ഗന്ധമാദനപർവതം 

രാമേശ്വരം ക്ഷേത്രത്തിൽ നിന്ന് വടക്കായി രണ്ടുകിലോമീറ്റർ ദൂരത്തിൽ ഗന്ധമാദനപർവതം സ്ഥിതിചെയ്യുന്നു. ഇവിടെ മൺതിട്ടയുടെ മുകളിൽ തളത്തോടുകൂടിയ മണ്ഡപം നിർമിച്ചിരിക്കുന്നു. ഈ മണ്ഡപത്തിൽ ശ്രീരാമന്റെ പാദങ്ങൾ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാൽ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം.

ശ്രീ കോദണ്ഡരാമക്ഷേത്രം

കോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തിൽനിന്ന് ഏകദേശം ഏഴുകിലോമീറ്റർ തെക്കായി ധനുഷ്കോടിയിലേക്കുള്ള മാർഗ്ഗമധ്യേ സ്ഥിതിചെയ്യുന്നു. ഈ സ്ഥലത്തുവച്ചാണ് വിഭീഷണൻ ശ്രീരാമനെ ആശ്രയം പാപിച്ചതെന്നും ലക്ഷ്മണൻ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതെന്നും വിശ്വസിക്കപ്പെടുന്നു. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. കോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തിൽ രാമലിംഗപ്രതിഷ്ഠോത്സവം നടക്കുന്നു.

രാമതീർഥം

ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിലാണ് രാമതീർഥം. ലക്ഷ്മണതീർഥം – ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് ലക്ഷ്മണതീർഥം.

സീതാതീർഥം – ശ്രീരാമനാഥസ്വാമിക്ഷേത്രത്തിന് പടിഞ്ഞാറ് ദിക്കിൽ സേതു റോഡിൽ രാമതീർഥത്തിനടുത്തായാണ് സീതാതീർഥം. ജടായുതീർഥം രാമേശ്വരം ക്ഷേത്രത്തിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന തീർഥമാണ് ജടായുതീർഥം. രാവണനിഗ്രഹം കഴിഞ്ഞ് മടങ്ങിവന്ന ശ്രീരാമൻ തന്റെ വസ്ത്രങ്ങൾ കഴുകിയ ജലാശയമാണിത് എന്ന് വിശ്വസിക്കപ്പെടുന്നു.

ധനുഷ്കോടി

രാമേശ്വരത്തിനു സമീപത്തുള്ള പാമ്പൻ ദ്വീപിന്റെ തെക്കു കിഴക്കേ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു ഉപേക്ഷിക്കപ്പെട്ട പട്ടണമാണ് ധനുഷ്‌കോടി. പാമ്പൻ ദ്വീപിനു തെക്കുകിഴക്കായി, ശ്രീലങ്കയിലെ തലൈമന്നാറിന് ഏകദേശം 29 കിലോമീറ്റർ പടിഞ്ഞാറായി ഇതു സ്ഥിതി ചെയ്യുന്നു.

1964 ൽ രാമേശ്വരത്ത് ഉണ്ടായ അതിഭയങ്കരമായചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ഈ നഗരം പൂർണ്ണമായി നശിപ്പിക്കപ്പെടുകയും ഇന്നും കാര്യമായ ജനവാസമില്ലാതെ ഒരു പ്രേതനഗരമായി തുടരുകയും ചെയ്യുന്നു.

ഒരു പഴയ തുറമുഖ പട്ടണമായിരുന്നു ധനുഷ്കോടി. ഇവിടെനിന്നു രാമേശ്വരം പട്ടണത്തിലേയ്ക്ക് 18 കിലോമീറ്റർ ദൂരമുണ്ട്. വൻകരയുമായി ഈ ദ്വീപിനെ ബന്ധിക്കുന്നത് പാമ്പൻ പാലമാണ്.

ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടായിരുന്ന കപ്പൽ ഗതാഗതത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ ചെറിയ തുറമുഖം. ഇന്ന് ഇവിടം മത്സ്യബന്ധനവ്യവസായത്തിന് പേരുകേട്ടതാണ്. പുരാണപ്രസിദ്ധമായ രാമേശ്വരവുമായുള്ള ബന്ധംമൂലം ധനുഷ്കോടിയും ഹിന്ദുക്കളുടെ പുണ്യ തീർഥാടനകേന്ദ്രമായിരുന്നു.

പാമ്പൻ പാലം

പാമ്പൻ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമാണ് പാമ്പൻ പാലം. തീവണ്ടിക്കു പോകാനുള്ള പാലവും മറ്റു വാഹനങ്ങൾക്കായുള്ള പാലവും സമാന്തരമായി ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തിനെയാണ് പ്രധാനമായും പാമ്പൻ പാലമെന്നു വിളിക്കുന്നത്. റോഡ് പാലത്തേക്കാൾ പതിറ്റാണ്ടുകളുടെ പഴക്കമുള്ള തീവണ്ടിപ്പാലത്തിന് ഈ പേര് പണ്ടേ പതിഞ്ഞിരുന്നു.

ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പൻപാലം രാജ്യത്തെ എഞ്ചിനീയറിങ് വിസ്മയങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. 2345 മീറ്റർ നീളമുള്ള പാമ്പൻപാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടൽ പാലമാണ്.

കപ്പലുകൾ‌ക്ക് കടന്ന് പോകാൻ സൗകര്യമൊരുക്കി പകുത്ത് മാറാൻ കഴിയുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണം. പ്രധാന കരയ്ക്കും രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻ ദ്വീപിനും ഇടയിലുള്ള പാക് കടലിടുക്കിനും കുറുകെയാണ് പാലം. മീറ്റർ ഗേജ് തീവണ്ടികൾ‌ക്കു മാത്രം കടന്നുപോകാൻ കഴിഞ്ഞിരുന്ന പഴയ പാലം റെയിൽവേ വിപുലീകരണത്തിന്റെ ഭാഗമായി 2007ൽ ബ്രോഡ്ഗേജ് ആയി മാറി.

ഇന്ന് പാമ്പൻ പാലത്തിനു 2057 മീ. നീളമുണ്ട്. 145 തൂണുകൾ, 40 അടി വീതിയുള്ള ഉരുക്കു ഗർഡർ.ഇതു ഇന്ത്യയിലെ ആദ്യ കാൻഡിലിവർ പാലം. ഇരുവശത്തേക്കും കത്രികപോലെ മടക്കുകയോ വിടർത്തുകയോ ചെയ്യാവുന്ന മടക്കുകത്രികപ്പാലം.

പാക് കടലിടുക്കിലൂടെ കപ്പലുകൾ വരുമ്പോൾ പാമ്പൻ റയില്പാലം പൂട്ടഴിച്ച് ഗേറ്റ് തുറക്കുമ്പോലെ ഇരു വശത്തേക്കും ഉയർത്തും. അടിയിലൂടെ കപ്പലുകൾ പോകും. പോയിക്കഴിഞ്ഞാൽ താഴ്ത്തി വീണ്ടും ചേർത്തുവച്ച് ട്രെയിനുകൾ കടന്നുപോകുന്നു. ഇതുവഴി ഒരുമാസം പത്തു കപ്പലുകളെങ്കിലും പോകുന്നു.

രാമേശ്വരത്തു അനവധി കാഴ്ചകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ധനുഷ്‌കോടി ബീച്ചിലെത്തിയാൽ നല്ല കടൽ ഭക്ഷണം ലഭിക്കും. കൂടാതെ ചിപ്പികൾ കൊണ്ടും കടൽ വസ്തുക്കൾ കൊണ്ടും ഉണ്ടാക്കിയ അനേകം വസ്തുക്കൾ നിങ്ങള്ക്ക് വാങ്ങാൻ കഴിയും.

രാമേശ്വരത്തേക്കുള്ള യാത്രയിൽ ഏറ്റവും മോഹിപ്പിക്കുന്ന വഴികളാണ്. ചെറിയ കടകളും , ഭൂമിയെ ആവാഹിക്കാനെന്നോണം നിൽക്കുന്ന മരങ്ങളും, പനകളും നിങ്ങളെ കൂടുതൽ യാത്രകൾ ചെയ്യാൻ പ്രേരിപ്പിക്കും 

D

Read more

പാപനാശം ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്ന്

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടോ?

Thanjavur ചോളന്റെ ചരിത്രമുറങ്ങുന്ന തഞ്ചയ്: ഒരിക്കലെങ്കിലും പോകണ്ടേ ഇവിടെക്ക്?

Pondichery പോണ്ടിച്ചേരിയെ അടുത്തറിയാം: പോണ്ടിച്ചേരിയിൽ കാണേണ്ടതെന്തെല്ലാം?

ഏറ്റവും മനോഹരമായൊരു സൂര്യോദയം കാണാൻ ആഗ്രഹമുണ്ടോ ?

 


 

Tags