പൗരത്വ നിയമം വന്നാല്‍ രാജ്യത്തെ എല്ലാ മുസ്ലീംങ്ങളെയും ക്രിസ്ത്യാനികളെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായി അവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
“ബിജെപിക്കാരോട് അമിത് ഷാ ചോദിക്കുന്നു ഇവിടെ ജോലിചെയ്യുന്ന മുസ്ലിംകളെയും ക്രിസ്ത്യാനികളെയും പുറത്താക്കണോ? സംഘികള്‍ അതെ വേണം എന്ന് ഉറക്കെ വിളിച്ചു പറയുന്നു ബിജെപിക്ക് ഭരണം കിട്ടിയാല്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും അസം മുതല്‍ ഗുജറാത്ത് വരെയുമുള്ള എല്ലാ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും എൻആർസിയിലൂടെ പുറത്താക്കുമെന്ന്, ഇതൊന്നും ഒരു മാധ്യമവും വാര്‍ത്ത ചെയ്യില്ല. ചെയ്താല്‍ അവരെ ഭീഷണിപ്പെടുത്തി പൂട്ടിക്കും” എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പ്രചരിക്കുന്നത്.
എന്താണ് നമ്മൾ കാണുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ?
വീഡിയോയുടെ കീ ഫ്രെയ്മുകള് റിവേഴ്സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അമിത് ഷായുടെ ഔദ്യോഗിക എക്സ് പേജില്‍ ഇതേ വീഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി.
2019 മെയ് ഒന്ന് നോര്‍ത്ത് 24 പര്‍ഗനാസ്, വെസ്റ്റ് ബംഗാള്‍ എന്ന് വിഡിയോയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്ന് 2019ലെ തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിലെ ദൃശ്യങ്ങളാണിത്. മുഴുവൻ വിഡിയോയും പരിശോധിക്കുമ്പോൾ ക്രിസ്ത്യാനികളെയും മുസ്ലിംകളെയും പുറത്താക്കുമെന്ന് അമിത് ഷാ വിഡിയോയിൽ എവിടെയും സൂചിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാകും.
ആദ്യം ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ പാസ്സാക്കും. എല്ലാ അഭയാർഥികൾക്കും ഇന്ത്യൻ പൗരത്വം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. അതിനുശേഷം എൻആർസി നടപ്പിലാക്കും. പിന്നീട് മാതൃരാജ്യത്ത് നിന്ന് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തി ഒഴുവാക്കും എന്നാണ് എക്സിൽ പങ്കുവെച്ച പ്രസംഗത്തിൽ വ്യക്തമാക്കുന്നത്.
ഇതിൽനിന്ന് രാജ്യത്ത് നിന്ന് അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നാണ് അമിത് ഷാ പറയുന്നതെന്നും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും രാജ്യത്ത് നിന്ന് പുറത്താക്കുമെന്നല്ല പറയുന്നതെന്നും വ്യക്തമാണ്.