ഇസ്‍ലാമാബാദ്: തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ ഒഴിവാക്കാനായി പഴയ ബാലറ്റ് സംവിധാനത്തിലേക്ക് തിരിച്ചുപോകണമെന്ന് ഇന്ത്യയിലെ പ്രതിപക്ഷപാർട്ടികളടക്കം ആവശ്യപ്പെടുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ പ്രകീർത്തിച്ച് പാകിസ്‍താൻ പ്രസിഡന്റ് ഡോ. ആരിഫ് ആൽവി. പൊതുതെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ(ഇ.വി.എം)ഉപയോഗിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഇല്ലാതാക്കാൻ കഴിയുമായിരുന്നുവെന്നാണ് പാകിസ്താൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പാകിസ്താനിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇലക്ട്രോണിക് മെഷീനുകൾ സ്ഥാപിക്കണമെന്ന് പാക് പ്രസിഡന്റ് അഭിപ്രായപ്പെട്ടത്.
പാകിസ്താനിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വേണമെന്നത് ഒരുപാട് കാലമായി ഉയരുന്ന ആവശ്യമാണ്. ഇ.വി.എമ്മുകളിൽ പേപ്പർ ബാലറ്റുകളുണ്ട്. ആ ബാലറ്റുകൾ കൈകൊണ്ടാണ് ഇപ്പോൾ എണ്ണുന്നത്. എന്നാൽ ഇത്തരം മെഷീനുകളിൽ ചെറിയ ഇലക്ട്രോണിക് കാൽക്കുലേറ്റർ അഥവാ വോട്ട് ബട്ടണുമുണ്ട്. വോട്ടെടുപ്പ് അവസാനിച്ച് മണിക്കൂറുകൾക്കകം എളുപ്പത്തിൽ എല്ലാ സ്ഥാനാർഥികൾക്കും ലഭിച്ച വോട്ട് ഇതുവഴി എളുപ്പം മനസിലാക്കാൻ സാധിക്കും. അത്തരം മെഷീനുകളായിരുന്നുവെങ്കിൽ പാകിസ്താനിൽ ഇപ്പോൾ കാണുന്ന ഈ സങ്കീർണ സാഹചര്യം ഒഴിവാക്കാൻ സാധിക്കുമായിരുന്നു. -ആരിഫ് ആൽവി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഇ.വി.എം നടപ്പാക്കാൻ ഇംറാൻ ഖാന്റെ തെഹ്‍രീകെ ഇൻസാഫ് പാർട്ടി(പി.ടി.ഐ) ശ്രമങ്ങൾ നടത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ 50 ഓളം യോഗങ്ങൾ കൂടിയിരുന്നു. എന്നാൽ ഒന്നും തീരുമാനമായില്ല.
വ്യാഴാഴ്ച അഞ്ചുമണിയോടെയാണ് പാകിസ്താനിൽ തെരഞ്ഞെടുപ്പ് പൂർത്തിയായത്. എന്നാൽ ഇതുവരെ ഫലം പ്രഖ്യാപിച്ചിട്ടില്ല. വോട്ടെണ്ണൽ സുതാര്യമല്ലെന്നാരോപിച്ച് പി.ടി.ഐ ഞായറാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പിനെ കുറിച്ച് ലഭ്യമായ വിവരങ്ങളനുസരിച്ച് ഇംറാൻ ഖാൻ നയിക്കുന്ന പി.ടി.ഐ പിന്തുണക്കുന്ന സ്വതന്ത്രർ 100 സീറ്റുകളിൽ മുന്നിട്ടു നിൽക്കുകയാണ്. 266 അംഗ ദേശീയ അസംബ്ലിയിൽ ഭൂരിപക്ഷത്തിന് 133 സീറ്റുകളാണ് വേണ്ടത്. വോട്ടെണ്ണൽ ഫലം വൈകുന്നത് തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനാണെന്നാണ് പി.ടി.ഐയുടെ ആരോപണം. പി.ടി.ഐയുടെ മുന്നേറ്റം സൈന്യത്തിന്റെ പിന്തുണയുള്ള മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് വലിയ തിരിച്ചടിയാണ്.
Read also: ഇന്ത്യയെ റഷ്യയിൽ നിന്ന് അകറ്റാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നുവെന്ന് -റഷ്യൻ സ്ഥാനപതി
ഇസ്രായേൽ ബോംബാക്രമണം; രണ്ട് ബന്ദികൾകൂടി കൊല്ലപ്പെട്ടതായി ഹമാസ്
അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണങ്ങളിൽ 17 സൈനികർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഹൂതികൾ
തൊട്ടിലാണെന്നു കരുതി അമ്മ അബദ്ധത്തിൽ മൈക്രോവേവ് അവ്‌നിൽ കിടത്തിയ പിഞ്ചുകുഞ്ഞ് മരിച്ചു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക