ദുബൈ: നഗരത്തിൽ വാരാന്ത്യ ദിവസങ്ങൾക്ക് മാത്രമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) പുതിയ ബസ് റൂട്ട് ആരംഭിച്ചു. റൂട്ട്-ഡബ്ല്യു 20 എന്ന ബസ് റൂട്ടാണ് വെള്ളിയാഴ്ച മുതൽ ആരംഭിച്ചത്. ഗ്രീൻ ലൈനിലെ സ്റ്റേഡിയം മെട്രോ സ്റ്റേഷനെയും അൽ മംസാർ ബീച്ചിനെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ബസ്റൂട്ട്.
വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വൈകീട്ട് അഞ്ചിനും രാത്രി 11നും ഇടയിലാണ് ഈ റൂട്ടിൽ പ്രത്യേക സർവിസുണ്ടാവുക. ഓരോ അര മണിക്കൂറിലും സർവിസ് ഉണ്ടായിരിക്കും. ഇതുകൂടാതെ നഗരത്തിൽ പുതിയ നിരവധി ബസ് റൂട്ടുകൾ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് ആർ.ടി.എ അറിയിച്ചു.
അവധി ദിവസങ്ങളിൽ മംസാർ ബീച്ചിലേക്ക് യാത്രചെയ്യുന്നവർക്ക് ഉപകാരപ്രദമാണ് പുതിയ സർവിസ്. യാത്രക്കാരുടെ സൗകര്യവും എളുപ്പവും പരിഗണിച്ചാണ് വിവിധ സർവിസുകൾ ആരംഭിക്കുന്നതെന്ന് അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ബസ് റൂട്ടുകൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റൂട്ട് 11-ബിയെ റൂട്ട് 11 എന്ന് പുനർനാമകരണം ചെയ്യും. 16എ, 16ബി എന്നിവയും യഥാക്രമം റൂട്ട് 16, 25 എന്നിങ്ങനെ പുനർനാമകരണം ചെയ്യുന്നുമുണ്ട്.
റൂട്ട്-16 റാശിദിയ ബസ് സ്റ്റേഷനിൽനിന്ന് അൽ അവീറിലേക്കുള്ള സർവിസാണ്. റൂട്ട് 25 ഗോൾഡ് സൂഖ് ബസ് സ്റ്റേഷനിൽനിന്ന് റാശിദിയയിലേക്കുള്ളതുമാണ്. യാത്രക്കാരുടെ ദൈനംദിന യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന് ചില റൂട്ടുകളിൽ കൂടുതൽ പരിഷ്കരണങ്ങൾ വരുത്താനും തീരുമാനിച്ചിട്ടുണ്ട്. ദുബൈ ഫെസ്റ്റിവൽ സിറ്റിയും അൽ ഗർഹൂദ് പരിസരവും ഉൾപ്പെടുത്തി റൂട്ട് എഫ്-62 നീട്ടും.
റൂട്ട് സി-04 മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിലേക്ക് നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. 103, 106 റൂട്ട് ബസുകൾ പ്രധാന സ്റ്റേഷനുകളിൽനിന്ന് ഗ്ലോബൽ വില്ലേജിലേക്ക് നേരിട്ടുള്ള നോൺ-സ്റ്റോപ്പ് സേവനം നൽകും.
റൂട്ട് ഇ-303 അൽ ഇത്തിഹാദ് സ്ട്രീറ്റ് വഴി ഷാർജയിലേക്ക് തിരിച്ചുവിടും. അതോടൊപ്പം റൂട്ടുകൾ 16എ, 16ബി, 64എ എന്നിവ നിർത്തലാക്കും. 5, 7, 62, 81, 110, സി04, സി09, ഇ306, ഇ307എ, എഫ്12, എഫ്15, എഫ്26, എസ്.എച്ച്1 എന്നിങ്ങനെ 13 ബസ് റൂട്ടുകളുടെ യാത്രാസമയം മെച്ചപ്പെടുത്തുമെന്നും ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു