അബൂദബി: പുതിയ പേര് സ്വീകരിച്ച് അബൂദബി അന്താരാഷ്ട്ര വിമാനത്താവളം. ഇനിമുതല്‍ സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് അറിയപ്പെടുക. വെള്ളിയാഴ്ച മുതല്‍ പുതിയ പേര് പ്രാബല്യത്തിലായി. ശൈഖ് സായിദിനോടുള്ള ബഹുമാനാർഥം യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ നിർദേശപ്രകാരമാണ് പേര് മാറ്റം.
ചരിത്രമുഹൂര്‍ത്തം ആഘോഷിക്കുന്നതിന്റെ ഭാഗമായി അബൂദബിയില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കായി ചില ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇത്തിഹാദ് പ്രത്യേക ഇളവുകള്‍ അവതരിപ്പിച്ചു. ഈ മാസം 19നും ജൂണ്‍ 15നുമിടയില്‍ യാത്രചെയ്യുന്നവര്‍ക്ക് ഇളവുകള്‍ ലഭിക്കും. ഇതിനായി ഫെബ്രുവരി ഒമ്പതിനും 14 നുമിടയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യണം.
പുനര്‍നാമകരണം ആഘോഷിക്കുന്നതിനായി സായിദ് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്കായി വെള്ളിയാഴ്ച മുതല്‍ ഈ മാസം 11വരെ നിരവധി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. വിമാനത്താവളങ്ങളിലെ റസ്റ്റാറന്റുകള്‍, ഷോപ്പുകള്‍, കഫേകള്‍, ഡ്യൂട്ടി ഫ്രീ എന്നിവിടങ്ങളില്‍ കിഴിവുകളും പ്രത്യേക ഓഫറുകളുമുണ്ടാകും.
വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ എ ഔദ്യോഗികമായി തുറക്കുന്നതിനോടനുബന്ധിച്ചാണ് പുതിയ പേരും പ്രാബല്യത്തിലായത്. 2023ല്‍ ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ട് ഓപറേറ്ററായി അന്താരാഷ്ട്ര വിമാനത്താവളം ദി വേള്‍ഡ് ട്രാവല്‍ പുരസ്കാരം നേടിയിരുന്നു.
742,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളത്. 4.5 കോടി യാത്രക്കാര്‍ക്കാണ് പ്രതിവര്‍ഷം സേവനം നല്‍കുന്നത്. ഇത്തിഹാദ് എയര്‍വേസിന്റെ ആസ്ഥാനം കൂടിയാണ് അബൂദബി. പുതിയ ടെര്‍മിനല്‍ എയില്‍ നിന്നും ആദ്യ വാണിജ്യവിമാനം കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 31നാണ് പറന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു