ദുബൈ: യു.എ.ഇയിലെ ആദ്യത്തെ ബാറ്ററി റീ സൈക്ലിങ് കേന്ദ്രം ദുബൈയിൽ തുറന്നു. 21.6 കോടി ദിർഹം ചെലവിലാണ് ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിൽ ‘ദുബാറ്റ്’ എന്ന പേരിൽ റീസൈക്ലിങ് കേന്ദ്രം തുറന്നത്.
യു.എ.ഇയിൽ ഉൽപാദിപ്പിക്കുന്ന 80 ശതമാനം ബാറ്ററി വേസ്റ്റുകളും പുനരുപയോഗത്തിന് പ്രാപ്തമാക്കാൻ ശേഷിയുള്ളതാണ് ഈ കേന്ദ്രം. യു.എ.ഇ വർഷത്തിൽ 96,000 ടൺ വരെ ബാറ്ററികൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി കാര്യ മന്ത്രി ഡോ. അംന അല്‍ ദഹക്, യു.എ.ഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് അന്താരാഷ്ട്രകാര്യ മേധാവി മര്‍യം അല്‍ മുഹൈറി, വ്യവസായ-നൂതന സാങ്കേതിക കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഉമര്‍ അല്‍ സുവൈദി, ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങി നൂറുകണക്കിന് പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
നൂതന സാങ്കേതിക വിദ്യയോടെയുള്ള ഫാക്ടറിയുടെ ഉദ്ഘാടനം സർക്കുലാര്‍ ഇക്കോണമി അജണ്ടയുടെ ലക്ഷ്യങ്ങളെ പിന്തുണക്കാനുള്ള സുപ്രധാന ചുവടുവെപ്പാണെന്ന് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതത്തില്‍നിന്ന് സമൂഹത്തെ സംരക്ഷിക്കാന്‍ യു.എ.ഇ നിര്‍ണായകമായ നടപടി സ്വീകരിക്കുന്നതിന്റെ ഉദാഹരണമാണ് ബാറ്ററി റീസൈക്ലിങ്ങിന്റെ പുതിയ പ്ലാന്റെന്ന് മന്ത്രി ഡോ. അംന അല്‍ ദഹക് അഭിപ്രായപ്പെട്ടു.
‘ദുബാറ്റി’ല്‍ നിര്‍മിക്കുന്ന ബാറ്ററി ഉല്പന്നങ്ങള് യു.എ.ഇയില്‍ വില്‍ക്കുകയും ജി.സി.സി, യൂറോപ്, പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യും. ടീകോം ഗ്രൂപ് സി.ഇ.ഒ അബ്ദുല്ല ബെല്‍ഹോള്‍, ദുബാറ്റ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍, ടീകോം ഗ്രൂപ് ഇന്‍ഡസ്ട്രിയല്‍ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് സൗദ് അബൂ അല്‍ ഷവാരീബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു