ഷാർജ: ന്യൂഡൽഹിയിൽ ശനിയാഴ്ച ആരംഭിക്കുന്ന 51ാമത് ലോക പുസ്തകോത്സവത്തിൽ ഷാർജ പബ്ലിഷിങ് സിറ്റിയും പങ്കെടുക്കുന്നു. ‘ബഹുഭാഷാ ഇന്ത്യ-സജീവ പൈതൃകം’ എന്ന തലക്കെട്ടിൽ ഫെബ്രുവരി 18 വരെയാണ് പുസ്തകോത്സവം അരങ്ങേറുന്നത്.
പ്രസാധനാലയങ്ങളും റീട്ടെയിൽ സ്ഥാപനങ്ങളും അടക്കം മൂവായിരത്തിലേറെ ഇന്ത്യൻ കമ്പനികൾ പ്രവർത്തിക്കുന്ന ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീ സോൺ മേളയിൽ വിവിധ ആഗോള സംവിധാനങ്ങളുമായി കൂടിക്കാഴ്ചകളും സഹകരണ ചർച്ചകളും നടത്തുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.
ഷാർജ പബ്ലിഷിങ് സിറ്റിയിൽ പ്രസാധകർക്ക് നൽകുന്ന സേവനങ്ങളും മറ്റും പരിചയപ്പെടുത്തുന്ന പവിലിയനാണ് പുസ്തകോത്സവത്തിൽ ഒരുക്കുന്നത്. ചെലവ് കുറഞ്ഞ ലൈസൻസിങ് സംവിധാനങ്ങൾ, ഓഫിസ് സ്പേസുകൾ, സജീവമായ പ്രസിദ്ധീകരണ ശൃംഖലയുമായി ബന്ധം സ്ഥാപിക്കാനുള്ള സാഹചര്യം എന്നിവ പബ്ലിഷിങ് സിറ്റിയുടെ സവിശേഷതയാണ്.
സമ്പന്നമായ സാഹിത്യ പൈതൃകവും പ്രസിദ്ധീകരണ മേഖലയിൽ ആഴത്തിൽ വേരൂന്നിയ താൽപര്യങ്ങളുമുള്ള ഇന്ത്യ, ഷാർജയുമായി ഒരു സഹജീവി ബന്ധം പങ്കിടുന്നുണ്ടെന്നും ആയിരക്കണക്കിന് ഇന്ത്യൻ കമ്പനികൾ പ്രയോജനപ്പെടുത്തുന്ന ഷാർജ പബ്ലിഷിങ് സിറ്റിക്ക് ന്യൂഡൽഹി ലോക പുസ്തകോത്സവത്തിലെ സാന്നിധ്യം പ്രതീക്ഷ നൽകുന്നതാണെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു